Latest NewsNewsIndia

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവം,പിന്നില്‍ അവിഹിത ബന്ധം

പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മധുര: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2008 ജനുവരി 13ന് നാഗര്‍കോവില്‍ തിരുപ്പതി മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് മധുരൈ സ്വദേശിയായ രാജേഷ് പ്രഭു കൊല്ലപ്പെട്ട കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ നേരത്തെ പ്രതികളാക്കപ്പെടുകയും വിചാരണക്കോടതി വിട്ടയയ്ക്കുകയും ചെയ്ത ആര്‍ ജയകുമാര്‍ ജ്യോതി, ടി സുബ്രമണ്യന്‍, കെ ജയറാം ജ്യോതി, എസ് രമേഷ്, എം രംഗയ്യ എന്നിവരുടെ അപേക്ഷയിലാണ് ജസ്റ്റിസ് ബി പുഗളേന്തി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also: കെഎസ്ആർടിസി ബസിൽ വീണ്ടും പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം, അറബി അധ്യാപകൻ അറസ്റ്റിൽ

കേസില്‍ പ്രതിയാക്കി വിട്ടയച്ചവര്‍ മാനനഷ്ടത്തിന് വന്‍തുക പരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്ന സിബിസിഐഡിക്കെതിരെയാണ് മാനനഷ്ടത്തിന് പരാതി നല്‍കിയിട്ടുള്ളത്.

തിരുപ്പതിയിലേക്കുള്ള തീര്‍ത്ഥ യാത്രയ്ക്കിടെ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റായ എസ് 10ലെ യാത്രക്കാരായ ഇവര്‍ രാജേഷ് പ്രഭുവുമായി ടിക്കറ്റിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് രാജേഷിനെ കൊല ചെയ്യുകയായിരുന്നുവെന്നാണ് കേസ്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രാജേഷ് പ്രഭുവിന്റെ മൃതദേഹം കണ്ടെത്തിയത്. കേസ് ആദ്യം റെയില്‍വെ പൊലീസ് ഇന്‍സ്‌പെക്ടറാണ് അന്വേഷിച്ചത്.

ജനുവരി 13 മുതല്‍ ഏപ്രില്‍ 22 വരെയുള്ള കാലയളവിലായിരുന്നു ഇത്. 195 സാക്ഷികളെയാണ് റെയില്‍വെ പൊലീസ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ രാജേഷ് പ്രഭുവിന്റെ പിതാവ് കോടതിയെ സമീപിച്ചതിന് പിന്നാലെ തിരുനെല്‍വേലി സിബിസിഐഡിയെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. ജൂലൈ 9 മുതല്‍ 2009 ഏപ്രില്‍ 22 വരെ കേസ് അന്വേഷിച്ച സിബിസിഐഡി ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവിന് പോയതോടെ ഇന്‍ ചാര്‍ജ് ആയിരുന്ന സിബിസിഐഡി ഡിവെഎസ്പി കേസ് അന്വേഷണം തുടര്‍ന്നു. ഇദ്ദേഹം മധുരൈയിലേക്ക് മാറിപോയതിന് പിന്നാലെ മധുരൈ സിബിസിഐഡി യൂണിറ്റിലെ മാരിരാജന്‍ എന്ന ഇന്‍സ്‌പെക്ടറാണ് അന്വേഷണം തുടര്‍ന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ അപകടം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഒന്നും സംസാരിക്കാതിരുന്ന മൂന്ന് സാക്ഷികളെ ഉപയോഗിച്ച് പരാതിക്കാരെ പ്രതിയാക്കുകയുമായിരുന്നുവെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജി വിശദമാക്കുന്നത്.

എന്നാല്‍ 2011ല്‍ വിചാരണക്കോടതി ഇവരെ കുറ്റ വിമുക്തരാക്കുകയായിരുന്നു. നാലാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായ മാരിരാജന്‍ തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. രാജേഷ് പ്രഭുവിന്റെ പിതാവ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2016ല്‍ ഈ അപേക്ഷ ഹൈക്കോടതി തള്ളി. നാലാമത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗം നടത്തി കൊല്ലപ്പെട്ടയാളുടെ ബന്ധുവും രാഷ്ട്രീയക്കാരനുമായ രവിചന്ദ്രനെന്നയാളെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ അറിയിക്കുന്നത്.

രവിചന്ദ്രന്റെ ഭാര്യയുമായി രാജേഷ് പ്രഭുവിനുണ്ടായ പ്രണയമായിരുന്നു കൊലയ്ക്ക് കാരണമെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചിട്ടുള്ളത്. ഗുജറാത്തിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിലെ എന്‍ജിനിയറായിരുന്ന രാജേഷ് മധുരൈയിലെക്ക് പോവുന്നതിനിടെ നാഗര്‍കോവിലിനും തിരുനെല്‍വേലിക്കും ഇടയ്ക്ക് വച്ചാണ് കൊല്ലപ്പെട്ടതെന്നും പരാതിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണം നടത്തിയ രണ്ടാത്തെ ഉദ്യോഗസ്ഥന്‍ ഈ ബന്ധം കണ്ടെത്തിയിരുന്നതായും രവിചന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യാനിരിക്കെയാണ് അസുഖബാധിതനായി ലീവില്‍ പോയതെന്നും കോടതി വിശദമാക്കി. എന്നാല്‍ നാലാമത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്താതെ പുതിയ അന്വേഷണ കോണുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും കോടതി വിശദമാക്കി. അതിനാല്‍ അന്വേഷണം നീതിപൂര്‍വ്വമല്ലെന്ന് കണ്ടെത്തിയ കോടതി മധുരൈ സിബിഐ എസ്പിയോട് കൊലപാതകത്തില്‍ പുതിയ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരാതിക്കാരിലെ കെ ജയരാമന് 30ലക്ഷവും മറ്റ് പരാതിക്കാര്‍ക്ക് 20 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button