Latest NewsKeralaNews

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്എടി ആശുപത്രി

തിരുവനന്തപുരം: ഗുരുതരമായ എആർഡിഎസിനൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യിൽ ലഭ്യമാക്കിയത്. ചികിത്സയും പരിചരണവും നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Read Also: ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

ഒക്ടോബർ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവായതിനാൽ ശ്വസിയ്ക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റർ സപ്പോർട്ട് നൽകി തുടർചികിത്സ ആരംഭിച്ചു. എന്നാൽ വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്‌സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളിൽ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാകാൻ തുടങ്ങി.

ഈ ഘട്ടത്തിൽ കൂട്ടിയുടെ ജീവൻ രക്ഷിക്കാൻ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എക്‌മോ മാത്രമായിരുന്നു മുന്നിലുള്ള മാർഗം. എക്‌മോ ചികിത്സയിൽ ശരീരത്തിൽ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്‌സിജൻ നൽകുകയും ശരീരത്തിലേയ്ക്ക് ഓക്‌സിജൻ അടങ്ങിയ രക്തം മടക്കി നൽകുകയും ചെയ്യുന്നു.

13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്‌മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്‌മോ ചികിത്സ നിർത്തുകയും ചെയ്തു. തുടർന്ന് വെന്റിലേറ്റർ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്‌സിജൻ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂർണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടൻ ഡിസ്ചാർജ് ചെയ്യും.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദുവിന്റെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി.എസ്. ബിന്ദു, യൂണിറ്റ് ചീഫ് ഡോ. സനുജ സരസം, പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. ഷീജ സുഗുണൻ, ഡോ. രേഖാ കൃഷ്ണൻ, ഐ.സി.യു.വിലെ സീനിയർ, ജൂനിയർ റെസിഡന്റുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, എസ്.എ.ടി. സി.വി.ടി.എസ്. ടീം, ഡോ. വിനു, ഡോ. നിവിൻ ജോർജ്, ചീഫ് നഴ്‌സിംഗ് ഓഫീസർ അമ്പിളി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പി.ഐ.സി.യുവിലേയും സി.വി.ടി.എസ്. ഐ.സി.യു.വിലേയും നഴ്‌സിംഗ് ഓഫീസർമാർ, പെർഫ്യൂഷനിസ്റ്റുകൾ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാവരുടേയും ആത്മാർത്ഥ പരിശ്രമമാണ് അത്യന്തം വെല്ലുവിളി നിറഞ്ഞ എക്‌മോ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.

Read Also: ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button