KeralaLatest NewsNews

ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും വിജയമാണ് നവകേരള സദസ്സിലെ ബഹുജന പങ്കാളിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിന്റെ രണ്ടാമത്തെ ദിവസവും കണ്ട വൻ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർഗോഡ് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ, ഞായറാഴ്ചത്തെ പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിന്റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിന്റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ മാതൃകയായി വർത്തിച്ചു. നാടിന്റെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read Also: തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്തു 1908 ഉം കാസർഗോഡ് 3451ഉം ഉദുമയിൽ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂർ 2300ഉം ആണ് ലഭിച്ചത്.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി തിങ്കളാഴ്ച മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി ഈ സാമ്പത്തികവർഷം 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1,41,257 വീടുകളാണ് നിർമ്മാണത്തിനായി കരാർ വച്ചത്. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമ്മാണം നടക്കുകയാണെന്ന യാഥാർത്ഥ്യം. എല്ലാവരും സുരക്ഷിതമായ പാർപ്പിടത്തിൽ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും വെച്ചില്ല: ഓഫീസർക്ക് പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button