Latest NewsKeralaNews

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കൽ: ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിൽ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷത്തിന്റേയും സ്‌ക്രീനിംഗ് നടത്താനായി. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചിരുന്നു. സ്‌ക്രീനിംഗിൽ മാത്രമൊതുങ്ങാതെ രോഗം സംശയിക്കുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള പുരുഷനോടൊപ്പമാണ് ലൈംഗികത ഇഷ്ടപ്പെടുന്നത്: മനസിലാക്കാം

ഇതുവരെ ആകെ 1,50,05,837 പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ ഇതിൽ 18.34 ശതമാനം (27,53,303) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാൻസർ സ്‌ക്രീനിംഗിലൂടെ 5.96 ശതമാനം പേരെ (8,95,330) കാൻസർ സാധ്യത കണ്ടെത്തി കൂടുതൽ പരിശോധനക്കായി റഫർ ചെയ്തിട്ടുണ്ട്. 10.83 ശതമാനം പേർക്ക് (16,25,847) രക്താതിമർദവും 8.76 ശതമാനം പേർക്ക് (13,15,615) പ്രമേഹവും 4.11 ശതമാനം പേർക്ക് (6,16,936) ഇവ രണ്ടും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് രോഗികളായ 1,06,545 (0.71%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത 1,87,386 (1.24%) വ്യക്തികളുടേയും 45,24,029 (30.14%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവർക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവെന്ന് വീണാ ജോർജ് അറിയിച്ചു.

നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമർദ്ദം, പ്രമേഹം, കാൻസർ, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌ക്രീനിംഗ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതോടൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: കൊച്ചിയിൽ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ്: അംഗീകാരം നൽകി മന്ത്രിസഭാ യോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button