KeralaLatest NewsNews

2 മാസം മുമ്പ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേർപ്പെട്ടു

തൃശൂര്‍: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ടു. തിരക്ക് കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഒരുഭാഗം വേര്‍പ്പെട്ടത്. ഒക്‌ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ് വെറും രണ്ട് മാസം കൊണ്ട് ഈ പരുവം ആയത്.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായിരുന്നുവെന്നും ഇത് വൻ അപകടം ഒഴിവാകാൻ കാരണമായെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ശക്തമായി തിരയടിച്ചതിനാല്‍ ഫ്ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.

തീരദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒരേസമയം 100 പേര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിര്‍മിച്ചത്. വരുമാനം മുഴുവനും ഇവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button