News

‘കഴിയുമെങ്കിൽ കൊല്ലം കടയ്ക്കലില്‍ വച്ച് വണ്ടി വഴിയിൽ തടയൂ’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ

നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണന്റെ പ്രതികരണം. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റിടുകയായിരുന്നു ഗോപി കൃഷ്ണൻ.

‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ. എന്നാൽ, നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ല. ഇന്ന് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തിയാണ് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം അറിയിച്ചത്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി കറുത്ത ബലൂൺ പറത്തിയത്.

കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ പ്രതിപക്ഷം ഉയ‍ര്‍ത്തുന്നത്. വിവിധയിടങ്ങളിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും തല്ലിച്ചതച്ച സംഭവങ്ങൾ ഏറെ വിവാദം ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button