Latest NewsKeralaNews

സർക്കാർ മേഖലയിൽ ആദ്യമായി മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം: സങ്കീർണ രോഗാവസ്ഥയുള്ളവർക്ക് മികച്ച ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കൽ കെയർ. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ക്രിട്ടിക്കൽ കെയർ വിഭാഗം ചെയ്യുന്നത്. ഭാവിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും മന്ത്രി വ്യക്തമാക്കി.

Read Also: അയ്യനെ കാണുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ല: സൂരജ് സൺ

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങൾ, ക്യാൻസർ, ട്രോമകെയർ, ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ തുടങ്ങിയ തീവ്രപരിചരണത്തിനായി ഐസിയുവിൽ എത്തുന്ന പലതരം രോഗികൾക്ക് അത്യാധുനിക തീവ്രപരിചരണം ലഭ്യമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് കഴിയുന്നു. അഡ്വാൻസ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, ജീവൻ നിലനിർത്താനായി അത്യാധുനിക വെന്റിലേറ്റർ മാനേജ്‌മെന്റ്, ഹൃദയമിടിപ്പ് നിലനിർത്തൽ, രക്തസമ്മർദ നിയന്ത്രണം, അവയവ സംരക്ഷണം, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ, അണുബാധയ്ക്കുള്ള ചികിത്സ എന്നിവയും ക്രിട്ടിക്കൽ കെയറിൽപ്പെടുന്നുവെന്ന് മന്ത്രി അറിയിച്ചു.

ഗുരുതര രോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവർ, പല അവയവങ്ങൾക്ക് (മൾട്ടി ഓർഗൻ) ഗുരുതര പ്രശ്‌നമുള്ളവർ, എ.ആർ.ഡി.എസ്., രക്താതിമർദം, വിഷാംശം ഉള്ളിൽ ചെല്ലുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച ക്രിട്ടിക്കൽ കെയർ ടീമിന് കഴിയുന്നു. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ചേർന്ന ടീമാണ് രോഗിയെ പരിചരിക്കുന്നത്. ക്രിട്ടിക്കൽ കെയർ വിഭാഗം ആരംഭിക്കുന്നത് ഡോക്ടർമാരുടെ പരിശീലനത്തിനും ഏറെ സഹായിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കൽ കെയർ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാൻസ്ഡ് വെന്റിലേറ്റർ മാനേജ്‌മെന്റ്, ക്രിട്ടിക്കൽ കെയർ രംഗം എന്നിവയിൽ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിയമിക്കുന്നത്. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ പരിഹരിക്കുന്ന എക്‌മോ മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും വീണാ ജോർജ് പറഞ്ഞു.

Read Also: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button