Latest NewsIndia

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലി, പ്രതിഫലം 13 ലക്ഷം- ഒടുവിൽ നടന്നത് ..

പട്‌ന: സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കി നിരവധി പുരുഷന്മാരില്‍ നിന്ന് പണം തട്ടിയ സംഘം പിടിയിൽ. എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ജോലി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍, പ്രതിഫലം 13 ലക്ഷം രൂപ, ഇനി ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ ‘സമാശ്വാസ സമ്മാനം’ ലഭിക്കും! എന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.

ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ എന്ന പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്നാണ് ഇവര്‍ പണം തട്ടിയിരുന്നത്. വാട്‌സാപ്പ് വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയുമാണ് ഇവര്‍ ഇരകളായ പുരുഷന്മാരെ ബന്ധപ്പെടുന്നത്. ഭര്‍ത്താവില്‍നിന്നും ജീവിതപങ്കാളിയില്‍നിന്നും ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗര്‍ഭം ധരിപ്പിക്കുകയെന്നതാണ് ജോലിയെന്ന് തട്ടിപ്പുസംഘം ആദ്യം അറിയിക്കും.

സ്ത്രീ ഗര്‍ഭിണിയായാല്‍ 13 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഇനി ‘ജോലിചെയ്തിട്ടും’ ഫലമുണ്ടായില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ സമാശ്വാസസമ്മാനമായി നല്‍കുമെന്നും തട്ടിപ്പുകാരുടെ വാഗ്ദാനത്തിലുണ്ടായിരുന്നു. ജോലിക്കായി 799 രൂപ അടച്ച് രജിസ്‌ട്രേഷന്‍ ചെയ്യണമെന്നതാണ് തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കുന്ന ആദ്യനിര്‍ദേശം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കും. ഇതില്‍നിന്ന് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും തട്ടിപ്പുകാര്‍ അറിയിക്കും.

ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുത്ത് മറുപടി അറിയിച്ചാല്‍ അടുത്തതായി ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ എന്ന പേരില്‍ നിശ്ചിതതുക അടയ്ക്കണമെന്നാണ് ആവശ്യപ്പെടുക. ഇത് 5000 രൂപ മുതല്‍ 20,000 രൂപ വരെ വരും. തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കുന്നതെന്നാകും തട്ടിപ്പുസംഘത്തിന്റെ വിശദീകരണം. അതിനാല്‍ സുന്ദരിമാര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്നും ഇവര്‍ അറിയിക്കും. ഒടുവില്‍ ഈ പണവും നല്‍കി ‘ജോലിക്കായി’ കാത്തിരുന്നാലും പിന്നീട് വിളിയൊന്നും വരില്ല. ഒടുവില്‍ കാത്തിരിപ്പ് നീണ്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്.

മുന്ന കുമാര്‍ എന്നയാളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാനിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഒളിവിലുള്ള ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ട എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നായി ഒമ്പത് മൊബൈല്‍ഫോണുകളും രണ്ട് പ്രിന്ററുകളും നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button