KeralaLatest NewsIndia

‘അവളെ ഒന്നും ചെയ്യരുത്, അവൾ ജീവിക്കട്ടെ അവൾക്കുള്ളത് ദൈവം കൊടുക്കും’ മിഥു മോഹന്റെ അവസാന വാക്കുകൾ പങ്കുവെച്ച് അഞ്ജു

പ്രണയച്ചതിയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്റെ (23) ആത്മഹത്യക്ക് പിന്നിൽ പ്രണയ പരാജയമാണെന്ന് ആരോപിച്ച കുടുംബം സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു.

ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ അഞ്ജു പാർവതി രംഗത്തെത്തിയിരിക്കുകയാണ്. പെൺകുട്ടിക്ക് മാത്രമല്ല ആൺകുട്ടിക്കും നിയമം ഒരേ പോലെ ആകണമെന്ന് അഞ്ജു പറയുന്നു. പെണ്ണ് എഴുതി വയ്ക്കുന്ന ആത്മഹത്യ കുറിപ്പ് ആണിനെ ശിക്ഷിക്കാനുള്ള തെളിവ് ആണെങ്കിൽ അതേ രീതിയിൽ തന്നെയല്ലേ ആൺകുട്ടി എഴുതുന്ന ആത്മഹത്യാകുറിപ്പിനെയും ഓഡിറ്റ് ചെയ്യേണ്ടത് എന്ന് അഞ്ജു ചോദിക്കുന്നു.

അഞ്ജു പാർവതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

“എന്നെ അഞ്ചുവർഷം സ്നേഹിച്ചു പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാഥു. ഇപ്പോൾ മിഥു ശരിക്കും പോകുന്നു. അവളെ ഒന്നും ചെയ്യരുത്, അവൾ ജീവിക്കട്ടെ അവൾക്കുള്ളത് ദൈവം കൊടുക്കും”. പ്രണയ നൈരാശ്യത്തിന്റെ നീറുന്ന കനലാഴി യിൽ പൊള്ളിയടർന്ന നിമിഷങ്ങൾക്കൊടുവിൽ ഇങ്ങനൊരു ആത്മഹത്യ കുറിപ്പ് എഴുതിവച്ചിട്ട് “അവൻ ” യാത്രയായി!! ആൺകുട്ടിയായതിനാൽ പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളിൽ അവനായി ആരും അക്ഷരങ്ങളാൽ ജ്വാല പടർത്തുന്നില്ല. കാരണം പൊതുബോധത്തിന് ഇന്നും പ്രണയച്ചതി എന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.!!

ദേശീയതലത്തിൽ വരെ ബേസ് ബോളിൽ കഴിവ് തെളിയിച്ച പ്രതിഭാശാലിയായ ഇരുപത്തിമൂന്ന് വയസ്സുള്ള പയ്യൻ തോറ്റു പോയത് പ്രണയ നിരാസത്തിന് മുന്നിലായിരുന്നു. അഞ്ച് വർഷം നീണ്ട പ്രണയം. അവൾ ചോദിച്ചത് ഒക്കെയും അവൾക്കായി സ്നേഹത്തോടെ വാങ്ങി നല്കിയ വിധേയത്വം. ഒടുവിൽ അവൾ തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ആ പയ്യൻ ആശ്വാസം കണ്ടെത്തിയത് മരണത്തിൽ ആയിരുന്നിരിക്കാം. അത് ആ മോൻ തിരഞ്ഞെടുത്തു. ഇവിടെ ആരാണ് കുറ്റക്കാർ ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര് ? ഉറക്കെ ഉറക്കെ പറയണം അത് അക്ഷര എന്ന അവൾ മാത്രം!!

കഥ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിലോ ? അതായത് ആൺകുട്ടിക്ക് പകരം പെൺകുട്ടിയായിരുന്നു ആത്മഹത്യ ചെയ്തത് എങ്കിലോ?
എങ്കിൽ സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു ആത്മഹത്യയെങ്കിൽ പോലും ആ പെൺകുട്ടിയുടെ വശം മാത്രമേ നമ്മൾ ചിന്തിക്കുമായിരുന്നുള്ളൂ. അവളുടെ അച്ഛനമ്മമാരുടെ പതം പറച്ചിൽ മാത്രമേ നമ്മൾ കേൾക്കുമായിരുന്നുള്ളൂ. അവളുടെ കഥകളിൽ കണ്ണീരും കിനാവും
സമാസമം ചേർത്ത് ദിവസങ്ങളോളം വാർത്ത നല്കി റേറ്റിംഗ് കൂട്ടുമായിരുന്നു മാധ്യമങ്ങൾ.

അവനെ നമ്മൾ ഇടം വലം വിടാതെ പ്രതിക്കൂട്ടിൽ നിറുത്തി ജനകീയ വിചാരണ ചെയ്യുമായിരുന്നു. അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കുമായിരുന്നു. അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച്‌ പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നു കൊണ്ടേയിരിക്കുമായിരുന്നു. അവനും അവന്റെ വീട്ടുകാർക്കുമെതിരെ മെയിൽ ഷൊവനിയസത്തിന്റെ എണ്ണമറ്റ സിദ്ധാന്തങ്ങളുമായി ക്യൂ നിന്നേനേ സ്ത്രീപക്ഷവാദികൾ!!

പ്രണയച്ചതി, വിവാഹവാഗ്ദാനം നല്കിയ ശേഷമുള്ള ഒഴിവാക്കൽ, വഞ്ചന എന്നിവ കാരണം ആര് ആത്മഹത്യ ചെയ്താലും അവിടെ ജെണ്ടർ നോക്കി biased ആവാതെ ഒരേ രീതിയിൽ നോക്കി കാണുവാൻ സമൂഹം തയ്യാറാവണം. പെണ്ണ് എഴുതി വയ്ക്കുന്ന ആത്മഹത്യ കുറിപ്പ് ആണിനെ ശിക്ഷിക്കാനുള്ള തെളിവ് ആണെങ്കിൽ അതേ രീതിയിൽ തന്നെയല്ലേ ആൺകുട്ടി എഴുതുന്ന ആത്മഹത്യാകുറിപ്പിനെയും ഓഡിറ്റ് ചെയ്യേണ്ടത്?

വഞ്ചനയും പീഡനവും ഹണിട്രാപ്പും തേപ്പും ഒക്കെ കേവലം വൺ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാൻ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. പ്രണയകെണി ഒരുക്കി പലതും നേടിയ ശേഷം വലിച്ചെറിയുമ്പോൾ അപമാനിതനായി, ഖിന്നനായി ആത്മഹത്യയിൽ അഭയം തേടുന്ന നിരവധി ആൺകുട്ടികളുമുണ്ട്. പക്ഷേ നമ്മൾ ജഡ്ജ് ചെയ്യുന്നത് ആൺ വേട്ടക്കാരനും പെണ്ണ് ഇരയും എന്ന ഫോക്കൽ പോയിന്റിലൂടെയാണ്.

ഈ കഥയിൽ ആ മോൻ ആത്മഹത്യ ചെയ്തുകൊണ്ട് വെറും ഇരുപത്തി മൂന്ന് വയസ്സുള്ള ജീവിതത്തിനു പൂർണ്ണവിരാമമിട്ടു. എന്നാൽ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ ആൺകുട്ടികൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അവർ പലപ്പോഴും മദ്യത്തിലും ലഹരിയിലും അഭയം തേടി അതിന്റെ നീരാളിപ്പിടുത്തത്തിൽ ശ്വാസം മുട്ടി കഴിയുന്നുമുണ്ട്.

എല്ലാവർക്കും വേണം ലിംഗ സമത്വം പക്ഷേ ചില വിഷയങ്ങൾ വരുമ്പോൾ, അതിലെ നീതിപുലരുമ്പോൾ ഒരു പക്ഷത്തേക്ക് മാത്രം ആ സമത്വം ചായും. സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചാണ് ഈ മോൻ ആത്മഹത്യ ചെയ്തിരിക്കുന്നത്. ആ ചോദ്യങ്ങൾക്ക് നേരെ അവൻ ഭീരു എന്ന ലേബൽ കൊണ്ടോ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല എന്ന ടാഗ് ലൈൻ കൊണ്ടോ മാസ്ക്കുലിൻ മാപ്പിനിയിലെ അളവുകൾ ഉയർത്തിക്കാട്ടിയോ നിങ്ങൾക്ക് മുഖം തിരിക്കാം!!!പക്ഷേ അപ്പോഴും ആ ചോദ്യങ്ങൾ ഇവിടെ തന്നെ ഉണ്ടാവും!!
#justiceformidhumohan

shortlink

Related Articles

Post Your Comments

Related Articles


Back to top button