KeralaLatest NewsIndia

പെന്‍ഷന് അപേക്ഷിച്ചാൽ പോലും സഖാക്കള്‍ പാസാക്കില്ല, കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല-സുധാകരന്‍

ആലപ്പുഴ: ‘ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലപുലയന്‍’ എന്നാണ് പലരുടെയും ചിന്തയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

നമ്മള്‍ നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള് തമ്പുരാക്കന്മാരാണ്. മറ്റുള്ളവര്‍ മോശം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. അവര്‍ ഒന്നും കൊടുക്കില്ല. ഓണക്കാലത്ത് അവരുടെ വീടിന് മുമ്പില്‍ പോയി നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴാണ് കൊടുത്തത്. ജി സുധാകരന്‍ വിമര്‍ശിച്ചു.

അതേസമയം മാധ്യമ പ്രവർ‌ത്തകർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ജി സുധാകരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ പാർട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമപ്രവർത്തകർ ഉപദ്രവിക്കരുത്. നാട് നന്നാക്കാൻ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവർത്തകർ ഇടിക്കുന്നു. പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിലെ ചില മധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചുവെന്നും സുധാകരൻ വിമർ‌ശിച്ചു.

സുധാകരന്റെ പ്രസ്‌താവനകളുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നത്. തനിക്കെതിരെ സാമൂഹിക വിമർശനമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും, വിമർശിക്കുന്നത് തങ്ങളെയാണെന്ന് കൂടെ ഉള്ളവർക്ക് തോന്നിയാൽ തിരുത്തേണ്ടത് അവരാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.

ഒരു കമ്മ്യൂണിസ്‌റ്റുകാരൻ അഭിപ്രായം തുറന്ന് പറയണമെന്നാണ് മാർക്‌സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിന്റെ പേരിൽ തന്നെ ആരും ഇതുവരെ താക്കീത് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൃശൂർ എംഎൽഎ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റിനെയും ജി സുധാകരൻ വിമർശിച്ചു. പി ബാലചന്ദ്രൻ പറഞ്ഞത് ശരിയല്ല. കമ്മ്യൂണിസ്‌റ്റ് പാർട്ടി അനുഭാവികളിൽ തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്. മാർക്‌സിസം പഠിക്കാതെ വെറുതെ വിമർശിനം ഉന്നയിക്കരുതെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ സുധാകരൻ വിമർശിച്ചത് വിവാദത്തിന് കാരണമായിരുന്നു. ആരാ ഈ ടീച്ചറമ്മ എന്ന് പ്രസം​ഗത്തിൽ ചോദിച്ച അദ്ദേഹം ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്‌ടപ്പെടണമെന്നും ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും പറഞ്ഞിരുന്നു.

ഒന്നാം പിണറായി മന്ത്രിസഭയില്‍ ശൈലജ മാത്രമല്ലല്ലോ മികച്ച മന്ത്രിയായുണ്ടായിരുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. കണ്ണൂരില്‍ ആര് നിന്നാലും ജയിക്കുന്ന സീറ്റിലാണ് ശൈലജ മത്സരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നയാള്‍ക്ക് സംഘടനാ പാരമ്പര്യവും നേതൃപരിചയവും ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ ആവശ്യമാണ്. മുഖ്യമന്ത്രി അങ്ങനെ എത്തിയ ആളാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയക്കാര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമ സംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button