Latest NewsIndiaInternational

എംഡിപി മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റു

മാലദ്വീപിലെ മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്ട്. നിലവിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആണ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടർ ജനറലായി നിയമിച്ചത്. എംഡിപി അടുത്തിടെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഇന്നു പുലർച്ചെ നഗരത്തിലെ വഴിയിൽവച്ചാണ് ഹുസൈൻ ഷമീമിനെതിരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രോസിക്യൂട്ടർ ഓഫിസ് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മുഹമ്മദ് മുയിസിന്റെ ചൈന അനുകൂല നിലപാടിനെതിരെ വൻ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചൈനീസ് ചാരക്കപ്പൽ മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നങ്കൂരമിട്ടത് വൻ വിവാദമായിരുന്നു. പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെൻ്റ് നടപടികൾ ആരംഭിക്കാനുള്ള തീരുമാനം പാർലമെന്റിൽ വൻ ബഹളത്തിലാണ് കലാശിച്ചത്.

ഞായറാഴ്ച ഭരണ–പ്രതിപക്ഷ എംപിമാർ പാർലമെന്റിനുള്ളിൽ തമ്മിലടിച്ചിരുന്നു. മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുഹമ്മദ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമാണ് അലങ്കോലമായത്. വോട്ടെടുപ്പിനു തൊട്ടുമുൻപായിരുന്നു ഏറ്റുമുട്ടൽ.

ഭരണപക്ഷത്തുള്ള പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി), മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി (പിപിഎം) എന്നീ പാർട്ടി അംഗങ്ങളും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് അടിനടന്നത്. സോലിഹിന്റെ പാർട്ടിക്കാണ് പാർലമെന്റിൽ ഭൂരിപക്ഷം. 22 മന്ത്രിമാരിൽ 4 പേരുടെ നിയമനം പിൻവലിക്കണമെന്ന് എംഡിപി ആവശ്യപ്പെട്ടതോടെയാണ് സംഘർഷം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button