KeralaLatest NewsIndia

ടിപി വധക്കേസ് പ്രതികൾക്ക് തിരിച്ചടി: വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി, 2 പ്രതികളെ വെറുതെവിട്ട വിധിയും റദ്ദാക്കി

കൊച്ചി: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണൻ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ടു പ്രതികളും ഈ മാസം 26ന് കോടതിയിൽ ഹാജരാക്കണം. ഇവർക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും.പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

അതേസമയം പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവച്ചു. കേസിൽ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തൻ മരണപ്പെട്ടിരുന്നു. പി മോഹനനെ വെറുതെവിട്ട വിധി ശരി വെച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് പി മോഹനൻ. ഏറ്റവും നല്ല വിധി എന്ന കെ കെ രമ പ്രതികരിച്ചു. രണ്ടു പ്രതികളെ കൂടി സൂക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരം എന്നും രമ പറഞ്ഞു.

12 പ്രതികളാണു ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. അതേസമയം, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ.

2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button