ThiruvananthapuramKeralaLatest NewsNews

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും, റിപ്പോർട്ട് നാളെ കൈമാറും

ഇന്നലെ വൈകിട്ടോടെയാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം ഉണ്ടായത്

തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടർ പി.ബി നൂഹ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാൻ സാധിക്കുകയില്ലെന്നും, പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് നാളെയാണ് സമർപ്പിക്കുക.

ഇന്നലെ വൈകിട്ടോടെയാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം ഉണ്ടായത്. സംഭവത്തിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്. സുരക്ഷാ ചുമതലയും, നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണ് ഡിടിപിസിയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ടൂറിസം ഡയറക്ടർ പൂർണമായും തള്ളിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also Read: പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം: കട്ടപ്പന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

shortlink

Post Your Comments


Back to top button