Latest NewsKeralaIndia

സിപിഎം ഉന്നതൻ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു, എന്നാൽ അത് കോടിയേരി അല്ല : പദ്മജ

തൃശൂർ: സിപിഎമ്മിൽ ചേരാൻ തനിക്ക് ക്ഷണമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി പദ്മജ വേണു​ഗോപാൽ. സിപിഎമ്മിലെ ഒരു ഉന്നത നേതാവാണ് തന്നെ സിപിഎമ്മിൽ ചേരാൻ ക്ഷണിച്ചതെന്നും പദ്മജ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണനല്ല ആ വ്യക്തിയെന്ന് പറഞ്ഞ പദ്മജ, പേര് വെളിപ്പെടുത്തില്ലെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺ​ഗ്രസ് വിടാൻ താൻ തീരുമാനിച്ചതാണെന്നും അവർ പറഞ്ഞു.ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി തൃശൂരിലെത്തിയ പത്മജ, പൂങ്കുന്നം മുരളി മന്ദിരത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കാലത്തു എൽഡിഎഫിലെ ഉന്നതനിൽ നിന്നു പാർട്ടി മാറാൻ ക്ഷണമുണ്ടായിരുന്നു. അതു കോടിയേരിയല്ല. ഉന്നത നേതാക്കളാണ്. പേരു വെളിപ്പെടുത്തില്ല.’’–പത്മജ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ കെ.മുരളീധരൻ വടകരയിൽ സുഖമായി ജയിക്കുമായിരുന്നെന്നും എന്തിനാണു തൃശൂരിൽ കൊണ്ടു നിർത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും പത്മജ പറഞ്ഞു. മുരളീധരന്റെ കാലു വാരാൻ തൃശൂരിൽ ഒരുപാടു പേരുണ്ടെന്നും ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി ജയിക്കുമെന്നാണു തോന്നുന്നതെന്നും പത്മജ വ്യക്തമാക്കി.

എന്നെ തോൽപിക്കാൻ ശ്രമിച്ച രണ്ടു പേർ കഴിഞ്ഞ ദിവസം മുരളിയേട്ടന്റെ കൂടെ പ്രചാരണ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടെന്നു പത്മജ പറഞ്ഞു. എം.പി.വിൻസന്റും ടി.എൻ.പ്രതാപനുമാണോ അതെന്നു ചോദിച്ചപ്പോൾ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കൂ എന്നായിരുന്നു പത്മജയുടെ മറുപടി. ‘രണ്ടാം തവണ തൃശൂരിൽ തോൽപിച്ചപ്പോൾ മുതൽ പാർട്ടി വിട്ടുപോകാൻ തീരുമാനിച്ചിരുന്നു. തോൽപിക്കാൻ പ്രവർത്തിച്ച മറ്റാളുകളും ഉണ്ട്. പേരുകൾ ഘട്ടം ഘട്ടമായി വെളിപ്പെടുത്തും.‘എന്റെ കൂടെ ഉൗണു കഴിച്ചവർ തന്നെയാണ് എന്നെ പിന്നിൽ നിന്നു കുത്തിയത്. ചന്ദനക്കുറി തൊട്ടപ്പോൾ ഞാൻ വർഗീയ വാദിയാണെന്ന് അവർ പറഞ്ഞു.

അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നതു നിർത്തി. അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടു പോകുമായിരുന്നു’’ –പത്മജ പറഞ്ഞു. രാവിലെ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തിയ പത്മജയ്ക്കു ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. കെ.കരുണാകരന്റെ സ്മൃതി കുടീരവും സന്ദർശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button