Article

ദുഃഖവെള്ളിയാഴ്ചയിലെ ക്രൈസ്തവ ദേവാലയങ്ങളിലെ പ്രധാന ചടങ്ങുകളെ കുറിച്ചറിയാം

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.

Read Also: ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം, മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരമൊരുക്കും

ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും ഉണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശില്‍ക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ വര്‍ഷം തോറും ചില വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രതീകാത്മക കുരിശേറല്‍ നടത്താറുണ്ട്.

കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി ഈ ദിവസത്തെ ആചാരങ്ങളില്‍ മുഖ്യമായതാണ്. കേരളത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.

ഓര്‍ത്തഡോക്‌സ് സഭകള്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങള്‍, കുരിശു കുമ്പിടീല്‍ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button