Latest NewsIndia

കടുത്ത ജലക്ഷാമത്തിനിടയിൽ ബംഗളൂരുവിൽ വൻ തോതിൽ കോളറ പടർന്നുപിടിക്കുന്നു: കേസുകളിൽ 50% വർദ്ധനവ്

ബെംഗളൂരു: കടുത്ത ജലക്ഷാമത്തിനും രൂക്ഷമായ ചൂടിനും പിന്നാലെ ബെംഗളൂരു നിവാസികളെ വലച്ച് അതിരൂക്ഷമായി കോളറ പടർന്നു പിടിക്കുന്നു. ജലക്ഷാമം രൂക്ഷമായതോടെ പലയിടത്തും മലിന ജലമാണ് എത്തുന്നത്. ഇതാണ് വ്യാപകമായി വയറിളക്കവും ഛർദ്ദിയും പടർന്നു പിടിക്കാൻ കാരണം. മല്ലേശ്വരം പ്രദേശത്ത് കോളറയുടെ ഒരു കേസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതേ പ്രദേശത്തെ മറ്റ് രണ്ട് കേസുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതിനിടയിൽ, നഗരത്തിൽ സമീപ ദിവസങ്ങളിൽ കോളറ കേസുകളിൽ 50% വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ബെംഗളൂരുവിലെ സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ശ്രീഹരി ഡി പറഞ്ഞു. പ്രതിദിനം ശരാശരി 20 കേസുകളെങ്കിലും ഉണ്ടാവുന്നതായും മോശം ശുചീകരണവും മലിനമായ ജലസ്രോതസ്സുകളുമാണ് നഗരത്തിൽ കോളറ കേസുകൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിലെ നിരവധി സ്വകാര്യ ആശുപത്രികൾ, മാസത്തിൽ ഒന്നോ രണ്ടോ കോളറ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ, എന്നാൽ മാർച്ചിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആറോ ഏഴോ കേസുകളായി ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണം കഴിച്ചതിന് ശേഷം അണുബാധ പിടിപെടുന്ന വ്യക്തികളാണ് കോളറ കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രൂക്ഷമായ ജലക്ഷാമം ബാധിച്ചതിനാൽ, ഈ സ്ഥാപനങ്ങൾ മലിനമായ ജലം ഉപയോഗിച്ചിരിക്കാം, ഇത് ജലജന്യ രോഗത്തിൻ്റെ വ്യാപനം വർദ്ധിപ്പിക്കും. കോളറ പൊട്ടിപ്പുറപ്പെടുന്നതായി ബിബിഎംപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദരരോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചെയ്യേണ്ട കാര്യങ്ങളെയും ഒഴിവാക്കേണ്ട കാര്യങ്ങളെയും കുറിച്ച് ബിബിഎംപി ഉപദേശം നൽകിയിട്ടുണ്ട്.

അതേസമയം, ബംഗളുരുവിൽ ചൂട് ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ നാലാമത്തെ ഉയര്‍ന്ന താപനിലയും എട്ട് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയുമാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. ബെംഗലുരു അര്‍ബന്‍, ബെംഗലുരു റൂറല്‍, മാണ്ഡ്യ, തുംകൂര്‍, മൈസൂര്‍ മേഖലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.

 

 

shortlink

Post Your Comments


Back to top button