Latest NewsKeralaNews

‘കൊല്ലണമെന്ന ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു’: വിനോദിന്റേത് കരുതിക്കൂട്ടിയ കൊലപാതകം, റിമാൻഡ് റിപ്പോർട്ട്

കൊച്ചി: ടിക്കറ്റ് ആവശ്യപ്പെട്ടതിന് ഒഡീഷ സ്വദേശി രജനികാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി പോലീസ്. വിനോദിനെ കരുതിക്കൂട്ടിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളുകയായിരുന്നുവെന്നും ഫൈൻ അടയ്ക്കാൻ പറഞ്ഞതാണ് പ്രതി രജനികാന്തയുടെ വിരോധത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കേസിലെ മുഖ്യസാക്ഷി പ്രതി രജനീകാന്തയെ തിരിച്ചറിഞ്ഞതായി റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റം ചെയ്തത്. സംഭവത്തിൽ പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിയെ തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ ഉടൻ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ട്രെയിൻ സർവീസ് കഴിഞ്ഞ് മടങ്ങിയെത്തുന്നതനുസരിച്ച് കസ്റ്റഡി അപേക്ഷ നൽകാനാണ് പോലീസ് നീക്കം.

അതേസമയം, ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയും ടിടിഇയുമായ വിനോദിനെ രജനികാന്ത ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എറണാകുളം – പ്ടന സൂപ്പർ ഫാസ്റ്റിൽ എസ്-11 കോച്ചിൽ ആയിരുന്നു സംഭവം. മദ്യപിച്ച് ട്രെയിനിൽ കയറിയ പ്രതിയോട് വിനോദ് ടിക്കറ്റ് ചോദിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ഇയാൾ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button