KeralaLatest News

ആൾക്കൂട്ട വിചാരണയെ തുടർന്നുള്ള സിദ്ധാർത്ഥന്റെ മരണം: കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യന്റെ അച്ഛനാണ്.

പെരുവണ്ണ ജിഎൽപി സ്കൂൾ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. വയനാട് വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലെത്തിയാണ് പിതാവ് ജയപ്രകാശും അമ്മാവൻ ഷിബുവും മൊഴി നൽകിയത്. സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് സിദ്ധാർഥൻ്റെ കുടുംബം സി.ബി.ഐ സംഘം ക്യാമ്പ് ചെയ്യുന്ന വൈത്തിരിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മൊഴി നൽകാനെത്തിയത്. തങ്ങൾക്ക് പറയാനുള്ളതെല്ലാം സി.ബി.ഐ സംഘത്തോട് പറഞ്ഞതായും വിശ്വാസയോഗ്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു.

അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ പിതാവ് നൽകിയ ഹരജിയിൽ തുടർനടപടി ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിൽ സി.ബി.ഐക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാറിനും ഹൈക്കോടതി നിർദേശം നൽകി.

സിദ്ധാർഥൻ പീഡനത്തിനിരയായ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 4 ദിവസം നീളുന്ന സിറ്റിങ് ക്യാമ്പസിൽ ആരംഭിച്ചു. അധ്യാപകർ, വിദ്യാർഥികൾ, അനധ്യാപക ജീവനക്കാർ തുടങ്ങിയവരിൽ നിന്ന് കമ്മീഷൻ കാര്യങ്ങൾ ചോദിച്ചറിയും.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം അതെ ഹോസ്റ്റലിലെ അന്തേവാസികളും വിദ്യാർഥികളും എല്ലാം കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത എന്നുള്ള വിവരങ്ങൾ പുറത്തു വരികയാണ് . സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടത് ഫെബ്രുവരി 18ന് ആണ്.
ഈ ദിവസം കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയെന്നും, കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button