Latest NewsIndia

വിവാഹം കഴിക്കാനിരുന്ന പതിനാറുകാരിയെ തലയറുത്തു കൊന്നയാൾ തൂങ്ങിമരിച്ചെന്ന പ്രചാരണം തെറ്റ്: പ്രതി തോക്കുമായി പിടിയിൽ

മടിക്കേരി: പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ കൊലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപംവെച്ച് വെടിയുണ്ട നിറച്ച തോക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുടകിലെ സോമവാർപേട്ടയിലാണ് സംഭവം.

പ്രതി തൂങ്ങിമരിച്ചെന്ന വാർത്ത കുടകിലേതടക്കം പല മാധ്യമങ്ങളും വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതി ശനിയാഴ്ച രാവിലെ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കൊലപാതകക്കേസിൽ പ്രതിയായ പ്രകാശുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, വനിത ശിശുക്ഷേമ വകുപ്പിൽ പരാതി നൽകിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂയെന്ന് ​പൊലീസ് അറിയിച്ചത് കാരണം വിവാഹം മുടങ്ങി.

ഇത് മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയിൽ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് ​പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ, പ്രതി വീണ്ടുമെത്തി പെൺകുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി പ്രതിയെ പൊലീസ് ശനിയാഴ്ച പുലർച്ചയോടെ പിടികൂടുന്നത്.

കൊലപാതകത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ പ്രതി തൂങ്ങിമരിച്ചെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതിക്കൊപ്പം തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തിന് 100 മീറ്റർ അകലെ കുറ്റിക്കാട്ടിൽനിന്ന് കൊലചെയ്യപ്പെട്ട വിദ്യാർഥിനിയുടെ അറുത്തെടുത്ത തല കണ്ടെത്തി.

സോമവാർ പേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് വ്യാഴാഴ്ച വൈകീട്ട് ഹമ്മിയാല ഗ്രാമത്തിലെ പ്രകാശ് എന്ന യുവാവ് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷാഫലം വന്ന് വിജയിയാണെന്ന് അറിഞ്ഞ് മീന സന്തോഷിച്ചിരിക്കെ​യായിരുന്നു അക്രമണവും മരണവും. വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. വിവാഹം മടങ്ങിയതിലുള്ള നിരാശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button