Latest NewsKerala

പന്തീരാങ്കാവ് നവവധുവിന്റെ പീഡനം: പോലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം.

രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ്ഐആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെതിരെ കേസെടുത്തിരിക്കുകയാണ്.

സംഭവത്തില്‍ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെ നവവധുവിന്റെ പരാതിയിലാണ് നടപടി. ഇതില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവം വിവാദമായതോടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം വിവാദമായതോടെയാണ് സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്.

നേരത്തെ ഗാര്‍ഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. കേസെടുക്കാന്‍ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button