Latest NewsIndia

‘ആർട്ടിക്കിൾ 370 റദ്ദാക്കിയത് ശരിവെച്ച വിധിയിൽ തെറ്റില്ല’: പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹർജി പരിഗണിച്ചത്. 2023 ൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പിഴവില്ലെന്നും ചേംബർ വിലയിരുത്തി.

2013 ലെ സുപ്രീം കോടതി ചട്ടങ്ങളിലെ ഓർഡർ XLVII റൂൾ 1 പ്രകാരം പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു ചേംബർ വ്യക്തമാക്കിയത്. നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നൽകിയത്.

ഇന്ത്യയിൽ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്നായിരുന്നു വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. 2019ലാണ് കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ വിധി 2023 ഡിസംബറിൽ വന്നത്. ഈ വിധിക്കെതിരെയാണ് പുനപരിശോധന ഹർജി വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button