തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കുടുംബം. അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്നു പെണ്കുട്ടിയുടെ അമ്മ പറഞ്ഞു.
‘മകള്‍ 8 മണിക്ക് ചാര്‍ജ് എടുത്ത്, ഡ്യൂട്ടി എസ്‌എമ്മുമായി സംസാരിച്ച് റിസീവര്‍ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയില്‍ കയറിയ ഉടന്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്ന് മകളുടെ നെറ്റിയില്‍ അടിച്ചു. റെയല്‍വേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറില്‍ ചവിട്ടി. അവന്‍ മുടിയില്‍ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് വീണു. അപ്പോള്‍ ആള്‍ കൂടി. ഉടന്‍ അക്രമി ഇറങ്ങി ഓടുകയായിരുന്നു’ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം, ഷര്‍ട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമി എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 16ന് രാത്രി 8 മണിക്കാണ് സംഭവം. തെങ്കാശി പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ മലയാളി യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയില്‍വേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം. റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
പ്രദേശത്ത് റെയിൽവേ പോലീസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനം. പ്രതിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ചെരുപ്പിൽ നിന്ന് പെയിന്റിൻറെ അംശം കണ്ടെത്തി. സംഭവത്തിൽ ഇതുവരെ 17 പെയിന്റിംഗ് തൊഴിലാളികളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. എന്നാല്‍ ആളുകൂടിയ സാഹചര്യത്തില്‍ പ്രതി ഓടിപ്പോയെന്ന് പ്രദേശത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
Post Your Comments