KeralaNews

നിലമ്പൂർ മാവോവേട്ട; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ ഇന്നലെ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് പേരാണെന്ന് ഐജി എംആര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു.ഇതിനിടെ ദൗത്യസേനയെ കണ്ട് കാട്ടിലേക്ക് ഓടിപ്പോയ രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ മലപ്പുറം, വയനാട് സ്വദേശികളും ഉണ്ടെന്നാണ് വിവരം.

സുരക്ഷ കാരണങ്ങള്‍ മുന്നിര്‍ത്തിയാണ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്നലെ വനത്തിന് പുറത്തെത്തിക്കാതിരുന്നത്. കാട്ടിലേക്ക് ഓടിപ്പോയ മാവോയിസ്റ്റ് സംഘം പ്രത്യാക്രമണം നടത്താമെന്ന സാധ്യത മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം.രാവിലെ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വനത്തിന് പുറത്തെത്തിക്കുന്ന മൃതദേഹം പടുക്ക ഫോറസ്റ്റ് റേഞ്ച് ഓഫീസിലും തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകും.

ഇന്നലെ ഉള്‍വനത്തിലെ തിരച്ചിലിനിടെ ദൗത്യസംഘത്തെ കണ്ട് കാട്ടിലേക്ക് ഓടിപ്പോയ പത്തംഗ മാവോയിസ്റ്റ് സംഘത്തിന് വേണ്ടി പൊലീസും തണ്ടര്‍ ബോള്‍ട്ടും രാത്രി വൈകിയും വനത്തിനുളളില്‍ പരിശോധന നടത്തി. പ്രദേശത്തെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമീപജില്ലകളിലും സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. വയനാട്ടിലെ അഞ്ചോളം പൊലീസ് സ്റ്റേഷനുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button