ഒരു സ്ത്രീ എന്താകണം? അത് അവളുടെ മാനസിക ധൈര്യത്തിന്‍റെ തീരുമാനം ആണ്. ഏഴു ഭാഗങ്ങളായി ആത്മകഥ എഴുതിയ എത്ര സ്ത്രീകള്‍ ഉണ്ട്?
ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ചത് ഏഴു ഭാഗങ്ങളിലായി വിവരിച്ചിരിക്കുന്ന തന്റെ ആത്മകഥയിലൂടെയാണ്. ഇതില്‍തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന് (ഐ നോ വൈ ദി കേജ്ഡ് ബേര്‍ഡ് സിങ്‌സ്) എന്ന ആദ്യഭാഗമാണ്. മൂന്നാം വയസ്സില്‍ സഹോദരന്‍ ബെയ്‌ലിക്കൊപ്പം സ്റ്റാംസില്‍ എത്തിച്ചേര്‍ന്നതു മുതല്‍ മൂത്തമകന്‍ ഗയ് ജോണ്‍സണ്‍ ജനിക്കുന്നത് വരെയുള്ള അനുഭവങ്ങളാണ് അവര്‍ ഇതില്‍ പങ്കുവയ്ക്കുന്നത്.
അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട മായയും സഹോദരന്‍ ബെയ്‌ലിയും തങ്ങളുടെ മുത്തശ്ശിയുടെയും അമ്മാവന്റെയുമൊപ്പം താമസിക്കാന്‍ സ്റ്റാപ്‌സിലേക്ക് വന്നു. എന്നാല്‍ അവര്‍ അവിടെ അനുഭവിച്ചത് വംശീയ അധിക്ഷേപങ്ങളാണ്. കറുത്തവര്‍ഗ്ഗക്കാരി എന്നത് അവരെ വേട്ടയാടി. അസഹനീയമായ പല്ലുവേദനയെത്തുടര്‍ന്ന് വെള്ളക്കാരനായ ദന്തഡോക്ടറുടെ അടുക്കല്‍ പോയതും അയാള്‍ അവളെ പരിശോധിക്കാന്‍ വിസമ്മതിച്ചതും ഇതിന് ഉദാഹരണമായി മായ ആഞ്ചലോ ഈ കൃതിയില്‍ വെളിപ്പെടുത്തുന്നുണ്ട്. തന്നെയുമല്ല വംശീയ അധിക്ഷേപത്തിന്റെ ഭാഷയിലാണ് അയാള്‍ സംസാരിച്ചതും. ”ആനീ, എന്റെ നയം ഒരു കാപ്പിരിയുടെ വായില്‍ കയ്യിടുന്നതിലും ഭേദം ഒരു പട്ടിയുടെ വായില്‍ കയ്യിടുകയാണ് എന്നാണ്.”
അമ്മയുടെ അടുക്കലേക്ക് പോകുന്നതോടെയാണ് പിന്നീടുള്ള വഴിത്തിരിവുകള്‍ അവളുടെ ജീവിതത്തില്‍ വരുന്നത്. അവിടെ വച്ച് അമ്മയുടെ കാമുകനാല്‍ ബലാംല്‍സംഗം ചെയ്യപ്പെട്ട മായ പിന്നീട് നയിക്കുന്നത് ഏകാന്തജീവിതമാണ്. മി. ഫ്രീമാന്റെ ദുരൂഹമരണം അവളെ അകമാനം തളര്‍ത്തി. തുടര്‍ന്നുള്ള അവളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയ മിസ്സിസ് ബെര്‍ത്ത ഫല്‍വേഴ്‌സിനെപ്പറ്റിയുള്ള കാര്യങ്ങളും മായ ഓര്‍മ്മിക്കുന്നു. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് അച്ഛനോടൊപ്പം ചിലവഴിച്ച കാലയളവും അവര്‍ ഈ കൃതിയില്‍ ആവിഷ്‌ക്കരിക്കുന്നു.
പുരുഷന്റെ ഭോഗവസ്തുവാകാതെ തന്റെ ഇംഗിതത്തിനു പുരുഷനെ ഉപയോഗിക്കുന്ന സ്ത്രീയായി തന്റെ ഉപരിപഠനകാലത്ത് അവര്‍ മാറിയിരുന്നു. സുഹൃത്തില്‍നിന്നുള്ള ഗര്‍ധാരണവും മകന്‍ ഗയ് ജോണ്‍സണ്‍ന്റെ ജനനവും ഇത് വ്യക്തമാക്കുന്നു. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് വഴി ഒരു സമൂഹത്തിന്റെ ജീവിതം കൂടിയാണ് മായ ആഞ്ചലോ തന്റെ ആത്മകഥയില്‍ വിവരിക്കുന്നത്.
എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്
മായ ആഞ്ചലോ
വിവര്‍ത്തനം: ബിനോയ് പി. ജെ.
ഡിസി ബുക്‌സ്
വില 240
Post Your Comments