കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്‌ഥാനത്ത് ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധിമുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും.
4 ല്‍ ശനി സഞ്ചരിക്കുമ്പോള്‍ കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍, 7ല്‍ ശനി സഞ്ചരിക്കുമ്പോള്‍ ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍, വേര്‍പാട്, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ശത്രുക്കളാവുക തുടങ്ങിയവയും, 10 ല്‍ കൂടി ശനി സഞ്ചരിക്കുമ്പോള്‍ ഉദ്യോഗത്തില്‍ കഷ്ടത, സ്ഥാനഭ്രംശം, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവി ക്കേണ്ടി വരിക, ദൂര സ്ഥലങ്ങളില്‍ ജോലി മുതലായവയും ഫലമാകുന്നു. ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷങ്ങളകറ്റുന്നതിന് ശാസ്തൃഭജനമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച് ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ് ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്. അതോടൊപ്പം എള്ള് പായസ നിവേദ്യം കൂടി നടത്തിയാല്‍ വേണ്ട പരിഹാരമാകും.ഏഴരശ്ശനി: ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴരക്കൊല്ലമാണ് ഏഴരശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്.
അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, അപകടങ്ങള്‍, അലച്ചില്‍, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, നിരാശ, കേസുകള്‍, പോലീസ് നടപടി, ഭയം, തടസ്സങ്ങള്‍ തുടങ്ങി അനുകൂലമല്ലാത്ത ഒട്ടനവധി അനുഭവങ്ങള്‍ ഏഴരശ്ശനിക്കാലത്തു വന്നു ചേരാം. അതേസമയം ജീവിതഗതിയെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവങ്ങളും ഇക്കാലത്തുണ്ടാകും. ജന്മശ്ശനി: ഏഴരശ്ശനിയുടെ ഏറ്റവും ദുരിതം പിടിച്ച കാലം ജന്മശ്ശനിയുടെ സമയമാണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട്, രോഗദുരിതങ്ങള്‍, അകാരണ ഭയം, ഏകാന്തവാസം, അലച്ചില്‍, വിഷപീഡ, ആത്മഹത്യാപ്രവണത തുടങ്ങി അനേകപ്രകാരത്തിലുള്ള പ്രതികൂലാനുഭവങ്ങള്‍ നേരിടേണ്ടിവരും.
കരുത്തുറ്റ യുവത്വത്തിന് ഇവയെ കുറെയൊക്കെ അതിജീവിക്കാനാകും. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇക്കാലം വളരെ മോശമാണ്. ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്.
നീരാജനം വഴിപാട് ശാസ്താവിന് പ്രിയമാണ്. അതായത് ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച് ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ് ഈ വഴിപാട്. എള്ളെണ്ണയുടെയും എള്ളിന്റേയും കാരകനാണ് ശനിഭഗവാന്‍. അതോടൊപ്പം എള്ള് പായസം ഭഗവാന് നിവേദ്യമായി അര്‍പ്പിക്കുന്നവര്‍ക്ക് ശനി മൂലമുള്ള ദോഷങ്ങള്‍ വളരെയധികം കുറയുന്നതായി വളരെയധികം അനുഭവമുണ്ട്.
Post Your Comments