കൊച്ചി: ലഹരി മരുന്നു മാഫിയയെ കുരുക്കാന്‍ എറണാകുളം സിറ്റി പൊലീസിന്റെ മൊബൈല്‍ ആപ് ‘യോദ്ധാവ്’ എത്തുന്നു. ആര്‍ക്കും എവിടെ നിന്നും ലഹരി മരുന്നിനെക്കുറിച്ചു വിവരം നല്‍കാന്‍ സാധിക്കുന്ന പുതിയ മൊബൈല്‍ ആപ്പാണിത്. ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ് ലോഞ്ച് ചെയ്യും. പുതുതലമുറയ്ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് പൊലീസിനു വിവരം നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ ആപ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തെ ലക്ഷ്യമിട്ടാണ് ‘യോദ്ധാവ്’ ഒരുക്കുന്നതെങ്കിലും ലോകത്തിന്റെ ഏതു മൂലയില്‍ നിന്നുമുള്ള വിവരങ്ങള്‍ കൈമാറാം. വാട്‌സാപ് അടിസ്ഥാനമാക്കിയാണ് ആപ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ മൊബൈല്‍ ഫോണില്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഒരു പ്രത്യേക വാട്‌സാപ് നമ്പറിലേക്കു ലഹരിമരുന്നു സംഘത്തെ പറ്റിയുള്ള വിവരം നല്‍കുകയാണു വേണ്ടത്. സന്ദേശം എത്തുന്നത് ഏത് മൊബൈല്‍ നമ്പരില്‍ നിന്നാണെന്ന് പൊലീസിനു പോലും അദൃശ്യമായിരിക്കും. വിവരദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കാനാകും എന്നതാണ് മറ്റൊരു ഗുണം.
ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയ്‌സ് ഇങ്ങനെ എന്തു വേണമെങ്കിലും സന്ദേശമായി അയയ്ക്കാം. സിറ്റി കമ്മിഷണറേറ്റിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് അനാലിസിസ് വിഭാഗമാണ് ലഭിക്കുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുക. വാട്‌സാപ് നമ്പര്‍, 15ന് കൊച്ചിയില്‍ ആപ് പുറത്തിറക്കുന്ന ചടങ്ങില്‍ മാത്രമേ പുറത്തു വിടൂ. ഫോണ്‍ നമ്പര്‍ പൊലീസുകാര്‍ക്കു ദൃശ്യമല്ലാത്ത സാഹചര്യത്തില്‍, ഭയമില്ലാതെ വിവരം നല്‍കാന്‍ ഇത് സഹായിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു.
Post Your Comments