കൊച്ചി: ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായി മാറിയിരിക്കുകയാണ് കേരള പൊലീസിലെ ഒരു സംഘം ഉദ്യോഗസ്ഥർ. ആലുവയിലെ ഒരു സംഘം പൊലീസുകാർക്കാണ് കോടതി വിധി വഴി ഈ ഭാഗ്യം ഉണ്ടായത്. ഒൻപത് ലക്ഷം രൂപയാണ് ഇവരുടെ പോക്കറ്റിലെത്തിയിരിക്കുന്നത്.
പൊലീസുകാർക്ക് ഭാഗ്യം കൊണ്ടു വന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഒക്ടോബോർ 15 ന്. ആലുവ ദേശത്തെ പെരിയാർ ക്ലബ്ലിൽ ലക്ഷങ്ങൾവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ആലുവ എസ്പിക്ക് രഹസ്യവിവരം ലഭിക്കുന്നു. ഗെയിമിംഗ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിൻറെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. ഗെയിമിംഗ് നിയമത്തിലെ ഈ ചട്ടത്തെക്കുറിച്ച് അറിഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി പൊലീസ് അപേക്ഷയുമായി കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പിടിച്ചെടുത്ത പണത്തിൻറെ പകുതി അഥവാ 9 ലക്ഷം രൂപ പൊലീസുകാർക്ക് നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തു. ക്ലബിൽ റെയ്ഡിന് പോകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്ത 23 ഉദ്യോഗസ്ഥർക്കാണ് ഒൻപത് ലക്ഷം രൂപ ലഭിക്കുക. ഇതിൽ രണ്ട് സിഐമാരും രണ്ട് എസ്ഐമാരും ഉണ്ട്. ഒരു വനിത ഉൾപ്പെടെ ബാക്കി എല്ലാം സിവിൽ പൊലീസ് ഓഫീസർമാർ. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ജോലി ചെയ്യുന്നത് മറ്റ് ജില്ലകളിൽ ആണ്.
Post Your Comments