രണ്ടു വർഷങ്ങൾ കൂടുമ്പോൾ മാത്രം ഒരു സിനിമ, അത് റിലീസായാലും ഇല്ലെങ്കിലും സമയാസമയം കൊട്ടക്കണക്കിന് വിവാദങ്ങൾ! ഇതെല്ലാം ചേർത്തുള്ള ഒരു പാക്കേജാണ് ബോളിവുഡ് സൂപ്പർ താരം അമീർഖാൻ. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നൊരു വിളിപ്പേര് വേറെയും. സിനിമാ ഇതര വിവാദങ്ങൾ വിടൂ, പുള്ളിക്കാരന്റെ സിനിമകളിലൂടെ ഒരു ചെറിയ കറക്കം നടത്തി നോക്കിയാൽ ആർക്കും മനസ്സിലാകും അമീർ ഖാൻ മിസ്റ്റർ.പെർഫെക്ഷനിസ്റ്റ് തന്നെയാണെന്ന്. ആ പേരിന് ഒരൽപ്പം കൂടെ കരുത്തും, ബലവും കൊടുക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “ദംഗൽ”. ഏതെങ്കിലും സ്പോർട്സ് ഐറ്റം പ്രധാന വിഷയമാക്കി ഇന്നു വരെ ഇറങ്ങിയിട്ടുള്ള ഇന്ത്യൻ സിനിമകളിൽ നിന്നും ഒരു തരി പോലും അങ്ങോട്ടോ, ഇങ്ങോട്ടോ മാറിയിട്ടില്ലെങ്കിലും, ഒരു ബാക്ടീരിയയുടെ വണ്ണത്തിൽ പോലും കുറവു വയ്ക്കാത്ത അതിമനോഹരമായൊരു സിനിമാശ്രമമാണ് “ദംഗൽ”.
അമീർഖാൻ അഥവാ പൂർണ്ണതാവാദി
ഒരു സിനിമയ്ക്കു വേണ്ടി ഏറ്റവും അധികം കഷ്ടപ്പെടുന്ന, അപാരമായ ഹോം വർക്ക് നടത്തുന്ന ഇന്ത്യൻ നടന്മാരുടെ കണക്കെടുത്താൽ അത് വിരലുകളിൽ എണ്ണാവുന്നത് മാത്രമായിരിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥാനം അമീർഖാന് സ്വന്തം. “ദംഗൽ” ആ സ്ഥാനത്തെ ഊട്ടിയുറപ്പിക്കുന്നു. മഹാവീർ സിംഗ് ഫോഗട്ട് എന്ന ദേശീയ ഗുസ്തി ചാമ്പ്യൻ, നാല് പെൺകുട്ടികളുടെ അച്ഛൻ, അവരിൽ മൂത്ത രണ്ടുപേരുടെ ഗുസ്തി പരിശീലകൻ ഇങ്ങനെ വിധവിധമായ ഗെറ്റപ്പുകളിൽ അമീർ ഖാൻ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഗുസ്തി രംഗങ്ങളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന വേഗത, ഉണർവ്വ് , പ്രത്യേക ഊർജ്ജം ഇതൊക്കെ തികച്ചും അഭിനന്ദനാർഹം. മിതമായ അഭിനയശൈലി ആവശ്യപ്പെടുന്ന ചിത്രത്തിന് അതിന്റെ അളവിൽ ഒരു വ്യത്യാസവും വരുത്താതെ കൊടുക്കാൻ അമീറിന് കഴിഞ്ഞു. ഗംഭീരം. നിലയ്ക്കാത്ത കയ്യടികൾ അർഹിക്കുന്നു.
ഗീതയും, ബബിതയും, തകർപ്പൻ ഗുസ്തിമത്സരങ്ങളും ചേര്‍ന്ന് മനസ്സിൽ പതിയുന്ന തരം കണ്‍സീവിംഗ്
ഗുസ്തിയിൽ ദേശീയ ചാമ്പ്യനായ അച്ഛൻ, അതിനും മുകളിൽ തനിക്ക് പോകാൻ പറ്റാത്തതിന്റെ വിഷമം തന്റെ പെണ്മക്കളിലൂടെ തീർത്ത്, അവരിൽ മൂത്ത കുട്ടിയെ അന്താരാഷ്ട്ര ഗുസ്തി ചാമ്പ്യൻ പട്ടത്തിലെത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് “ദംഗൽ” തയ്യാറാക്കിയിട്ടുള്ളത്. അമീർ ഖാൻ ചെയ്ത മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മക്കളായ ഗീതയും, ബബിതയുമായി നാലുപേരാണ് അഭിനയിച്ചിട്ടുള്ളത്. ഇരുവരെയും കുട്ടിക്കാലം യഥാക്രമം സൈറ വാസിം, സുഹാനി ഭട്നഗർ എന്നിവരും, വളർന്നതിനു ശേഷമുള്ളത് ഫാത്തിമ സന ഷെയ്ക്കും (ഗീത), സന്യ മൽഹോത്രയുമാണ് (ബബിത) അവതരിപ്പിച്ചത്. നാലു പേരും തകർത്തു കളഞ്ഞു. മികച്ച അഭിനയപ്രകടനത്തോടൊപ്പം, ഗുസ്തി മത്സരങ്ങളിൽ അവർ കാണിച്ച പ്രൊഫഷണലിസം, ടൈമിംഗ്, ആവേശം ഇതൊക്കെ അതിഗംഭീരം. യഥാർത്ഥ മത്സരങ്ങൾ കാണുന്ന പ്രതീതിയുണർത്താൻ, ഈ പറഞ്ഞ താരങ്ങളുടെ ഭാഗത്ത് നിന്നും സമ്പൂർണ്ണ സഹകരണമായിരുന്നു.
ചിത്രത്തിൽ കാണിച്ചിട്ടുള്ള ഗുസ്തിമത്സരങ്ങളെല്ലാം തന്നെ പക്കാ പ്രൊഫഷണൽ എന്ന് തോന്നിപ്പിക്കും വിധം മനോഹരമായിരുന്നു. ക്ളൈമാക്സ് രംഗത്തിലെ ഫൈറ്റ് സീറ്റിന്റെ അറ്റത്തിരുന്ന് കാണത്തക്ക വിധം ഉദ്വേഗജനകമാക്കി മാറ്റുന്നതിൽ ടീം ദംഗല്‍ പൂര്‍ണ്ണമായും വിജയിച്ചു. കൂട്ടുചേര്‍ന്നുള്ള എഴുത്തില്‍ പങ്കാളിയായി, സംവിധാനവും നിര്‍വ്വഹിച്ച നിതേഷ് തിവാരിയ്ക്ക് സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍. ഇത്തരമൊരു ഗംഭീരമായ അന്തരീക്ഷം ഒരുക്കിക്കൊടുത്ത നിര്‍മ്മാതാക്കളായ അമീര്‍ഖാനും, സിദ്ധാര്‍ത്ഥ് റോയ് കപൂറിനും നന്ദി. മലയാളത്തില്‍ “തന്മാത്ര” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ച സേതു ശ്രീറാമാണ് “ദംഗല്‍” ക്യാമറാ മാന്‍. തികച്ചും പ്രൊഫഷണല്‍ വര്‍ക്ക് ! ഒരുപാട് ഇഷ്ടം സേതു ശ്രീറാം. മികച്ച പാട്ടുകളും, അനുയോജ്യമായ പശ്ചാത്തല സംഗീതവും ചേർത്ത് പ്രീതം തന്റെ റോൾ ഭംഗിയാക്കി.
ഇന്ത്യയിലെ സ്പോര്‍ട്സ് സിനിമകള്‍ക്കെല്ലാം ഒരേ കഥയാണ്
പതിവ് രീതികളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ, ഒരു ശരാശരി ഇന്ത്യന്‍ സ്പോര്‍ട്സ് സിനിമയെ ഫോളോ ചെയ്തു കൊണ്ടുള്ളതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ആയതിനാല്‍ ഓരോ രംഗവും പ്രവചിച്ചു നീങ്ങാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നു. ഏത് ഗുസ്തി മത്സരം തോല്‍ക്കും, ഏതില്‍ ജയിക്കും, അടുത്തത് എന്തു സംഭവിക്കും എന്നതൊക്കെ കിറുകൃത്യം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. കാരണം, ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു ഇന്ത്യന്‍ സിനിമകളും ഇതേ രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്. ക്ലൈമാക്സിലെ മത്സരത്തില്‍ ആസ്ട്രേലിയയാണ് എതിരാളി എന്നതും ഒരുപാടു വട്ടം ശ്രമിച്ച ഒരു സ്ഥിരം ക്ലീഷേ സംഗതിയാണ്.
ചുരുക്കി പറഞ്ഞാൽ…
“ദംഗൽ” അതിമനോഹരമായൊരു സിനിമയാണ്. സ്ത്രീകേന്ദ്രീകൃത സിനിമകൾ ഇവിടെ ഉണ്ടാകുന്നില്ല എന്ന് വിലപിക്കുന്നവർക്കൊരു മറുപടിയാണ്. ഗുസ്തി എന്ന കായികവിനോദത്തിൽ ഇന്ത്യാ മഹാരാജ്യത്ത് സ്ത്രീകൾക്ക് പ്രധാനസ്ഥാനമുണ്ട് എന്നും “ദംഗൽ” തെളിയിക്കുന്നു. ഇതിലെ അച്ഛൻ – പെണ്മക്കൾ ബന്ധം, ഗുസ്തിമത്സരങ്ങൾ എന്നിവ നിങ്ങളുടെ മനസ്സിൽ നിന്നും കുറേക്കാലത്തേക്ക് ഇറങ്ങിപ്പോകില്ല, ഉറപ്പ്. സ്പോർട്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് “ദംഗൽ” ഒരു ഉറപ്പായ റെക്കമെന്റേഷനാണ്. ധൈര്യത്തോടെ കാണാൻ പോകാം
റേറ്റിങ്ങ്:- 4 / 5
സുരേഷ് കുമാർ രവീന്ദ്രൻ
Post Your Comments