CinemaFilm ArticlesMollywood

പ്രതീക്ഷ തെറ്റിച്ച് സൂപ്പര്‍ താരങ്ങള്‍; ഓണച്ചിത്രങ്ങളുടെ അവലോകനം

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം ആഘോഷിച്ച മലയാളികള്‍ ഓണത്തിനെത്തിയ ചിത്രങ്ങളോട് മുഖം തിരിച്ചാണ് നടന്നതെന്ന് പറയേണ്ടി വരും. ഈ ഓണക്കാലത്ത് ആദ്യമെത്തിയ ചിത്രം മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്‍റെ വെളിപാടിന്റെ പുസ്തകമായിരുന്നു. ആദ്യ ദിനം തന്നെ കളക്ഷനില്‍ ചിത്രം കേമനായെങ്കിലും പ്രേക്ഷകര്‍ക്ക് അധികം ദാഹിക്കാതിരുന്ന ഈ ലാല്‍ജോസ്- മോഹന്‍ലാല്‍ ചിത്രം വരും നാളുകളില്‍ അത്ഭുതം സൃഷ്ടിക്കില്ലെന്ന് ഉറപ്പായിരുന്നു. ഓരോ ദിവസം കഴിയുന്തോറും ലാല്‍ ജോസ് എന്ന സംവിധായകനെതിരെ കുറ്റപ്പെടുത്തലുകള്‍ ഏറി വരികയായിരുന്നു. ഒരു തട്ടിക്കൂട്ട് ചിത്രം ചെയ്യുന്നതിന് വേണ്ടിയായിരുന്നോ? നിങ്ങള്‍ മോഹന്‍ലാല്‍ എന്ന നടനുമായി ഇത്രയും അകലം പാലിച്ചതെന്നുമൊക്കെയുള്ള പ്രേക്ഷക വിമര്‍ശനം ലാല്‍ജോസിനു നേരിടേണ്ടി വന്നു. യാതൊരു പുതുമകളുമില്ലാതെ ഒരുക്കിയ ഈ പുസ്തകം സ്ഥിരം ക്ലീഷേ കാഴ്ചകളുടെ വിരുന്നാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. 
ഒരു വിനോദ സിനിമയെന്ന നിലയില്‍പ്പോലും കണ്ടിരിക്കാന്‍ തോന്നുന്നതല്ല വെളിപാട് എന്ന് പ്രേക്ഷകര്‍ വിധി എഴുതിയപ്പോള്‍ ഓണത്തിനെത്തിയ ആദ്യ ചിത്രം തന്നെ പ്രതീക്ഷ തെറ്റിച്ചു. ഏറെ പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് വെളിപാടിന്റെ പുസ്തകം സ്ക്രീനില്‍ എത്തിയതെന്നാണ് സങ്കടകരം. ‘എന്റമ്മേട ജിമിക്കി കമ്മല്‍’ എന്ന ഫാസ്റ്റ് സോംഗും, ടീസറും, ട്രെയിലറുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ചിത്രം നിരാശയാണ് സമ്മാനിച്ചത് . ക്യാമ്പസ് പശ്ചാത്തലവും, കടോലര പശ്ചാത്തലവും സംയോജിപ്പിച്ചു ഒരുക്കിയ വെളിപാടിന്റെ ആശയം തെറ്റില്ലാത്തത് ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥയും, അവതരണവും പാളിപോയിടത്ത് വെളിപാടിന്റെ പുസ്തകം പ്രേക്ഷകന് വെളിച്ചപ്പെടാതെ അവസാനിക്കുകയായിരുന്നു. ഓണം ബോക്സോഫീസില്‍ അത്ഭുതങ്ങള്‍ രചിക്കാമെന്ന ഉദ്ദേശത്തോടെ എത്തിയ വെളിപാട് സാമാന്യം ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ടെങ്കിലും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷക മുഖം പ്രസാദമാകുന്നില്ലെന്നതാണ് സത്യം. അന്ന രേഷ്മ രാജന്‍ നായികയാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, ശരത് കുമാര്‍ (അപ്പാനി രവി) അരുണ്‍ കുര്യന്‍ എന്നിവരായിരുന്നു മറ്റുതാരങ്ങള്‍. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ ബെന്നി പി.നായരമ്പലത്തിന്റെതാണ്. ഓഗസ്റ്റ് 31-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ലാല്‍ജോസിന്‍റെ സിനിമാ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പവും, പുലിമുരുകനും മുന്തിരിയും മോഹന്‍ലാലിലെ നടനെയും താരത്തെയും നന്നായി പ്രയോജനപ്പെടുത്തിയപ്പോള്‍ ബിയോണ്ട് ബോര്‍ഡേഴ്സും, വെളിപാടിന്റെ പുസ്തകവും പ്രേക്ഷകര്‍ കണ്ടുമറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളായി അവശേഷിക്കുകയാണ്.കഴിഞ്ഞ ഓണം ഒപ്പത്തിനൊപ്പം ആഘോഷിച്ച സിനിമാ പ്രേമികള്‍ വെളിപാടിനെ കൈവിടുന്നുവെന്നാണ് തിയേറ്റര്‍ പ്രതികരണം സൂചിപ്പിക്കുന്നത്.

സെപ്തംബര്‍-1 ആയ ബക്രീദ് ദിനത്തില്‍ ഓണം വരവറിയിച്ചു കൊണ്ട് മൂന്ന്‍ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്, മമ്മൂട്ടി-ശ്യംധര്‍ ടീമിന്‍റെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’. നിവിന്‍ പോളി-അല്‍ത്താഫ് സലിം ഒന്നിക്കുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, പൃഥ്വിരാജും ജിനു എബ്രഹാമും ഒന്നിക്കുന്ന ‘ആദം ജോണ്‍’, ഈ മൂന്ന് ചിത്രങ്ങളെയും ഗംഭീര വരവേല്‍പ്പോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രമായിരുന്നു. അല്‍ത്താഫ് സലിമിന്റെ അവതരണ രീതിയും, ശാന്തികൃഷ്ണയുടെ മടങ്ങി വരവും, നിവിന്‍ പോളിയുടെ സ്ക്രീന്‍ പ്രസന്‍സും ചേര്‍ന്നപ്പോള്‍ ഞണ്ടുകള്‍ കാഴ്ചകാര്‍ക്ക് ആസ്വാദ്യകരമായ ഓണവിരുന്നായി. ഒരു സീരിയസ് വിഷയത്തെ ഹ്യൂമര്‍ ടച്ചോടെ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച് മുന്നേറുകയാണ്. വലിയ ആരവ ആഘോഷങ്ങളില്ലാതെ ചിത്രം ലളിതമായി പറഞ്ഞിട്ടും തിയേറ്ററിലേക്ക് ആളെ കയറ്റാന്‍ ഞണ്ടുകളുടെ ടീമിന് കഴിഞ്ഞുവെന്നുള്ളത് പ്രശംസനീയമാണ്.

പ്രമേയപരമായും, രചനപരമായും നല്ലതെന്ന് പ്രേക്ഷകര്‍ വിധി എഴുതിയ ശ്യാംധര്‍-മമ്മൂട്ടി ടീമിന്‍റെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ അവതരണത്തിലാണ് പിഴവ് വരുത്തിയത്. ലളിതമായ ശൈലിയില്‍ കഥ പറഞ്ഞിരിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ ബോക്സോഫീസ് കളക്ഷന്‍റെ കാര്യത്തില്‍ മറ്റു ചിത്രങ്ങളേക്കാള്‍ മന്ദഗതിയിലാണ്. 

പൃഥ്വിരാജും, ജിനു എബ്രഹാമും ഒന്നിച്ച ആക്ഷന്‍ സ്വഭാവമുള്ള ചിത്രമാണ് ആദം ജോണ്‍. പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര അഭിപ്രായം നേടുന്ന ചിത്രത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓണച്ചിത്രങ്ങളില്‍ എത്തിയ ഏറ്റവും ചെലവേറിയ ചിത്രമായ ആദം ജോണ്‍ ഓണനാളില്‍ പ്രേക്ഷകനെ മടുപ്പിക്കുന്ന ആവിഷ്കാര രീതിയാണ് സമ്മാനിച്ചത്. വ്യത്യസ്തമായ അവതരണം, പശ്ചാത്തലം എന്നൊക്കെ ഒരുകൂട്ടം പേര്‍ വാദിക്കുമ്പോഴും ഭൂരിഭാഗം പ്രേക്ഷകരുടെയും മനസ്സില്‍ നിന്നു അകലുന്ന പരീക്ഷണ ചിത്രങ്ങള്‍ പലപ്പോഴും സാമ്പത്തികപരമായി ഏറെ പിന്നിലായിരിക്കുമെന്നുള്ളതാണ് വാസ്തവം. കുടുംബ പ്രേക്ഷകര്‍ അധികം അടുക്കാതിരിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടി ബോക്സോഫീസില്‍ ആദം ജോണ്‍ അടയാളപ്പെടാതെ പോകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button