CinemaMollywoodNEWS

ഓണശേഷമെത്തിയ ചിത്രങ്ങള്‍ ഓണത്തിനെത്തിയിരുന്നെങ്കില്‍!

ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങള്‍ പ്രേക്ഷകരില്‍ കാര്യമായ ചലനമുണ്ടാക്കാതെയാണ് കടന്നു പോയത്. ബോക്സോഫീസ് കളക്ഷനില്‍ വെളിപാടിന്റെ പുസ്തകം മുന്നിലെത്തിയെങ്കിലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ചിത്രം തൃപ്തികരമായിരുന്നില്ല.

ലാല്‍ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഇതായിരുന്നില്ല, ഫെസ്റ്റിവല്‍ സീസണില്‍ പരുവപ്പെടുത്തിയ തട്ടിക്കൂട്ട് ചിത്രമെന്ന നിലയിലാണ് വെളിപാടിനെ കാഴ്ചക്കാര്‍ വിലയിരുത്തിയത്. മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നെങ്കില്‍ അന്‍പതു കോടിക്കും മുകളില്‍ കളക്റ്റ് ചെയ്യേണ്ട ചിത്രമാകുമായിരുന്നു വെളിപാടിന്‍റെ പുസ്തകം.

വളരെ ദുര്‍ബലമായ തിരക്കഥയും ലാല്‍ജോസിന്റെ മോശപ്പെട്ട അവതരണവുമാണ് ചിത്രത്തിന് തിരിച്ചടിയായത്. മോഹന്‍ലാല്‍ കഥാപാത്രം മൈക്കിള്‍ ഇടിക്കുളയ്ക്കും പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടാനായില്ല.

ഓണത്തിനെത്തിയ മമ്മൂട്ടി- ശ്യാംധര്‍ ടീമിന്‍റെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രവും ബോക്സോഫീസില്‍ ആഘോഷിക്കപ്പെട്ടില്ല, ചിത്രത്തിലെ തണുപ്പന്‍ മട്ടിലുള്ള കഥന രീതി പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. മമ്മൂട്ടി അദ്ധ്യാപക ട്രെയിനിയായി എത്തിയ ചിത്രം എഴുതിയത് നവാഗതനായ രതീഷ്‌ രവിയാണ്. തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലായിരുന്നു പുള്ളിക്കാരന്റെ സ്ഥാനം.

ജിനു എബ്രഹാം സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആദം ജോണും പ്രദര്‍ശന വിജയം നേടിയില്ല. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ മന്ദഗതിയിലാരുന്നു, രണ്ടാഴ്ച പിന്നിട്ട ചിത്രം റിലീസ് ചെയ്ത പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനോടകം മാറിക്കഴിഞ്ഞു.

അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം മാത്രമാണ് ഓണച്ചിത്രങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയത്. പ്രേക്ഷക ശ്രദ്ധ നേടുന്നതിലും, വിപണനപരമായും ചിത്രം മുന്നേറി.

ഓര്‍മ്മയില്‍ തങ്ങാതെ ഓണച്ചിതങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ ഓണശേഷമെത്തിയ മലയാള സിനിമകള്‍ ഇവിടെ അത്ഭുതം കുറിക്കുകയാണ്.

ആദ്യ ദിവസം തന്നെ രണ്ടരക്കോടിയിലേറെ കളക്റ്റ് ചെയ്ത ദിലീപ് ചിത്രം രാമലീല ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറാന്‍ തായ്യെടുക്കുകയാണ്.മഞ്ജു വാര്യര്‍ നായികായി അഭിനയിച്ച ഉദാഹരണം സുജാതയ്ക്ക് ആദ്യ ദിനം മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലങ്കിലും വരും ദിവസങ്ങളില്‍ ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ലഭിച്ചേക്കുമെന്നാണ് തിയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും, സുജാത, മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ആഴ്ച ഇറങ്ങിയ സൗബിന്‍ താഹിര്‍ ചിത്രം പറവയ്ക്കും ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്, ആദ്യ ദിനം മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. വിജയ്‌ ആരാധകരുടെ കഥ പറഞ്ഞ പോക്കിരി സൈമണും ഭേദപ്പെട്ട കളക്ഷനോടെ കുതിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button