Latest NewsNEWS

‘ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയായി ഞാന്‍ എന്നെ വിലയിരുത്തുന്നില്ല’: സുഹാസിനി

ചെന്നൈ : 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ച മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. നടി എന്നതിലുപരി സംവിധായികയും, എഴുത്തുകാരിയും, ക്യാമറ അസിസ്റ്റന്റും ഒക്കെയായി സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് സുഹാസിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളില്‍ താരത്തിന് അഭിനയിക്കാനും സാധിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുന്നില്ലെങ്കിലും ഒരു തിരിച്ച്‌ വരവ് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നത്.

‘പല പ്രതിസന്ധികളും ചേര്‍ന്നതാണ് ജീവിതം. സിനിമാ രംഗമായത് കൊണ്ട് തന്നെ കുറേ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. പലതിനും ചെവി കൊടുത്തിട്ടില്ല. ഗോസിപ്പ് എപ്പോഴും ഗോസിപ്പ് മാത്രമാണ്. ഞാന്‍ എന്താണെന്നോ ആരാണെന്നോ പലര്‍ക്കും അറിയില്ല. ഗോസിപ്പിനെ ഗോസിപ്പിന്റെ വഴിക്ക് വിട്ടേക്കൂ. അതല്ലേ നല്ലത്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന നയമുണ്ട്. നമ്മുടെ ജോലി നമ്മള്‍ നന്നായി ചെയ്യുക. ഉറപ്പായും അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയായി ഞാന്‍ എന്നെ വിലയിരുത്തുന്നില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അത് പണത്തിന് വേണ്ടിയോ അവാര്‍ഡിന് വേണ്ടിയോ ഒന്നുമല്ല. നമ്മില്‍ തന്നെയുള്ള ഒരു വിശ്വാസമുണ്ട്. ലക്ഷ്യമുണ്ട്, അതിന് അനുസരിച്ചുള്ള ഒരു യാത്രയിലാണ് ഞാനും.

അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ എന്നും എനിക്ക് ഹൃദയത്തോട് ഏറെ അടുത്ത് നിൽക്കുന്നതാണ്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ പ്രതിഭാധനരായ എത്രയോ യുവതാരങ്ങളാണ് മലയാളത്തിലുള്ളത്’- സുഹാസിനി പറഞ്ഞു.

ഇനി മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് നടി പറയുന്നത്. ‘കേരളവും മലയാളികളും എനിക്കേറ്റവും പ്രിയപ്പെട്ടവരാണ്. എന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഇടമാണ്. പക്ഷേ ഇവിടെ ഉള്ളവര്‍ ചിന്തിക്കുന്നത് സുഹാസിനി മദ്രാസില്‍ അല്ലേ, ഇവിടെ വന്ന് അഭിനയിക്കുമോ എന്നാണ്. പക്ഷേ മലയാള സിനിമയ്ക്ക് വേണ്ടി യുവസംവിധായകര്‍ ഉള്‍പ്പെടെ ആര് എന്നെ വിളിച്ചാലും അടുത്ത ഫ്‌ളൈറ്റിന് താനിവിടെ എത്തും. അതല്ലെങ്കില്‍ കാറ് പിടിച്ചാണെങ്കിലും ഞാൻ എത്തും’- നടി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button