BollywoodCinemaGeneralIndian CinemaLatest News

തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവ്: ബോളിവുഡിനെ വിമർശിച്ച് രാം ഗോപാൽ വർമ്മ

ബോളിവുഡിനെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നും എത്രയും വേഗം അതിനെതിരെയുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സൂപ്പർ ഹിറ്റാകുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണെന്നും, അതിന്റെ ഉദാഹരണമാണ് ‘ജഴ്സി’ സിനിമയുടെ കലക്‌ഷനെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ‘ജഴ്‌സി’ നേരിട്ട ദുരന്തം, റീമേക്കുകളുടെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാം ​ഗോപാൽ വർമ്മയുടെ വാക്കുകൾ:

നാനി നായകനായെത്തിയ ‘ജഴ്‌സി’ എന്ന ചിത്രം തെലുങ്കിൽ നിന്ന് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്‌താൽ നിർമാതാക്കൾക്ക് ആകെ ചെലവാകുക 10 ലക്ഷം രൂപയാണ്. എന്നാൽ, ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിലൂടെ 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഒരുപാട് പണവും സമയവും അധ്വാനവും വെറുതെ പാഴാക്കിക്കളഞ്ഞ ഒരു തീരുമാനമായിരുന്നു അത്. റീമേക്ക് ചെയ്യുന്നതിന് പകരം ചിത്രങ്ങൾ ഡബ്ബ് ചെയ്തിറക്കുന്നതാണ് നല്ലത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥയാണെങ്കിൽ താരമോ ഭാഷയോ നോക്കാതെ അവർ കാണുമെന്ന് ഉറപ്പാണ്.

‘ആർആർആർ’, ‘പുഷ്പ’, ‘കെജിഎഫ്’ തുടങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യൻ സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ബോളിവുഡ് പ്രേക്ഷകർ അന്യഭാഷാചിത്രങ്ങൾ ആസ്വദിച്ചു തുടങ്ങി. ബോളിവുഡിന് മുന്നിൽ നിന്നും പിന്നിൽ നിന്നും അടികിട്ടുകയാണ്. ഒരു ഹിറ്റ് ചിത്രമൊരുക്കാൻ ബോളിവുഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ഇനിയൊരു ചിത്രത്തിന്റെയും റീമേക്ക് റൈറ്റ് അവർക്ക് കിട്ടുമോയെന്നും സംശയമാണ്.

shortlink

Related Articles

Post Your Comments


Back to top button