തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. മലയാളിയായ ഹരീഷ് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്. മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പർവം ആണ് താരത്തിന്റേതായി എറ്റവു ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ.
സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2011- ൽ മുംബൈ പൊലീസ് എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. പിന്നീട്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. പിസാസ്, തനി ഒരുവൻ, തൊടരി, കവചം, നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോളിതാ, ഹരീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. പാരമൗണ്ട് എയർവേയ്സിൽ കാബിൻ ക്രുവായി ജോലി ചെയ്തു വരുന്നതിനിടെ പകർത്തിയ ഒരു ചിത്രമാണ് ഹരീഷ് പങ്കുവച്ചത്. ക്യാബിൻ ക്രൂവിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ കഥയാണ് താരം പറയുന്നത്. ഒരു കാര്യം ആഗ്രഹിച്ച് അതിനായി പ്രവർത്തിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും എന്നും ഹരീഷ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്.
കോയമ്പത്തൂരിലെ മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനു ശേഷം പാരമൗണ്ട് എയർവേയ്സ്, ബ്രിട്ടിഷ് എയർവേയ്സ് എന്നീ കമ്പനികളിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തിട്ടുണ്ട്.
Post Your Comments