GeneralLatest NewsMollywoodNEWS

കേരളം എന്ന ബ്രാന്‍ഡ്, പിണറായി വിജയന്‍ എന്ന ബ്രാന്‍ഡ് അംബാസിഡര്‍: വൈറൽ കുറിപ്പ്

കേരളം എന്ന വിശ്വസനീയമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഒന്നുമില്ലാത്ത ഈ പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ സംവിധായകന്‍ വി.എ ശ്രീകുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കേരളത്തില്‍ നിന്ന് ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും ഉണ്ടാവുകയും അത് രാജ്യത്തും ലോകത്തും വ്യാപിക്കുക എന്നത് നടക്കാത്ത സ്വപ്‌നമൊന്നുമല്ലെന്ന് ശ്രീകുമാര്‍ പറയുന്നു. പിണറായി വിജയന്‍ കേരളമെന്ന ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്നും ശ്രീകുമാർ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

read also: ഒരാളെ പ്രണയിച്ചിരുന്നു, വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഒഴിവാക്കി: സുബി സുരേഷ്

കുറിപ്പ് പൂർണ്ണ രൂപം,

ഇന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പിറന്നാളാണ്. അദ്ദേഹത്തിന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ഇതു പറയണം എന്നെനിക്ക് തോന്നി.

ബ്രാന്‍ഡിങ്ങിലാണ് കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പണിയെടുക്കുന്നത്. ആ അനുഭവത്തില്‍ നിന്നു പറയട്ടെ, പ്രവാസി, ടൂറിസം- എന്നിവയ്ക്കപ്പുറം കേരളത്തിന് മദ്യം, ലോട്ടറി എന്നിവയാണ് വരുമാനമാര്‍ഗ്ഗം എന്നതാണ് സത്യം. വിപണി എന്ന നിലയിലാണ് മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡുകളടക്കം നമ്മെ ഏറെ പരിഗണിക്കുന്നത്. വാങ്ങല്‍ശേഷി കൂടിയ ജനതയാണ് മലയാളി.

കേരളത്തില്‍ നിന്ന് ബ്രാന്‍ഡുകള്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കേരളത്തിലെ വലിയതോതിലുള്ള നിക്ഷേപം പാര്‍പ്പിടങ്ങളിലും കെട്ടിടങ്ങളിലുമാണ് അധികവും. അതുമല്ലെങ്കില്‍ റീട്ടയില്‍ വിപണിയിൽ. കേരളത്തില്‍ വേരുറപ്പിച്ച് പടര്‍ന്ന ബ്രാന്‍ഡുകളില്‍ ജ്വല്ലറികളും ബാങ്കുകളുമുണ്ട്. കേരളത്തില്‍ നിന്ന് ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും ഉണ്ടാവുകയും അത് രാജ്യത്തും ലോകത്തും വ്യാപിക്കുക എന്നത് നടക്കാത്ത സ്വപ്‌നമൊന്നുമല്ല.

കേരളത്തില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതും ഉല്‍പ്പാദനം നടത്തുന്നതും സുരക്ഷിതമല്ല എന്ന പ്രചാരണവും അതിനെ സഹായിക്കുന്ന വിധത്തിലുള്ള തടസങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതു മികച്ച ബ്രാന്‍ഡുകള്‍ എടുത്താലും അവിടെ നയിക്കുന്ന നിരയില്‍ മലയാളികളുണ്ട്. അവരുടെ ബുദ്ധിയോ ശേഷിയോ ഭാവനയോ ഈ നാട്ടില്‍ സംരംഭങ്ങള്‍ എന്ന നിലയില്‍ ഉപയോഗിക്കപ്പെടുന്നതിന് അവസരങ്ങള്‍ കുറവായിരുന്നു. അഴിമതി, സമരങ്ങള്‍, ചുവപ്പുനാട തുടങ്ങി കേരളത്തിന് എതിരെ പ്രചരിക്കപ്പെട്ട വിദ്വേഷങ്ങളുടെ മുന തേഞ്ഞു കഴിഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരവധി ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി സ,ംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. മാറ്റം വ്യക്തമാണ്. കേരളത്തില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിരിക്കുന്നു. പ്രൊജക്ടുകള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നയാളെ പിഴിയുന്ന പ്രവണത ഇന്നില്ല. പിരിവു കൊടുത്തില്ലെങ്കില്‍, കൈക്കൂലി കൊടുത്തില്ലെങ്കില്‍ കമ്പനി പൂട്ടിക്കുന്ന ഗുണ്ടായിസമില്ല.

കേരളം എന്ന വിശ്വസനീയമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയന്‍ എന്ന നിശ്ചയദാര്‍ഢ്യമാണ് ആ ബ്രാന്‍ഡിന്റെ അംബാസിഡര്‍. കേരളം നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മണ്ണാകുന്നതിന് തുടര്‍ഭരണം വലിയ കാരണമാണ്. ബ്രാന്‍ഡുകള്‍ക്ക് ഉറപ്പുള്ള മണ്ണായി കേരളം മാറി. കേരളത്തിന് പുറത്ത് നിക്ഷേപം നടത്തിയ അനേകം മലയാളികളുണ്ട്. അവരിലധികവും കേരളത്തില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അനേകം സ്റ്റാര്‍ട്ടപ്പുകള്‍ സംഭവിക്കുന്നു.

കേരളം ഒന്നാം നമ്പരായ അനേകം നേട്ടങ്ങളുണ്ട്. ഇന്ത്യന്‍ വിപണിയും കടന്ന് ആഗോള യാത്ര ചെയ്യാന്‍ പോകുന്ന അനേകം ബ്രാന്‍ഡുകളുടെ നാടാവുകയാണ് കേരളം. അതില്‍ പല ബ്രാന്‍ഡുകളുടെയും കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രീ പിണറായി വിജയനെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല. തൊഴിലാളി, മുതലാളി എന്ന ശത്രുതാപരമായ ദ്വന്ദ്വങ്ങളില്‍ നിന്ന് പണവും അദ്ധ്വാനവും നിക്ഷേപിക്കുന്നവര്‍ എന്ന സ്‌നേഹവും പരിഗണനയും പരസ്പരം നല്‍കുന്ന പുതിയ സംസ്‌ക്കാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവകേരളം.
നവകേരളത്തിന്റെ നായകന് പിറന്നാള്‍ ആശംസകള്‍.
#HBDCM
#HBDPinarayiVijayan
#PinarayiVijayan

shortlink

Related Articles

Post Your Comments


Back to top button