GeneralLatest NewsNEWS

നിങ്ങൾ തന്ന ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാൻ കാരണമായത്, ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല: ബിന്ദു പണിക്കർ

മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തില്‍ ഓരോ അഭിനേതാക്കളും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ച് ബിന്ദു പണിക്കർ. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കറുടേതായി മലയാളികൾക്ക് ലഭിച്ച ​ഗംഭീര കഥാപാത്രമായിരുന്നു സീത. ഇപ്പോഴിതാ, ഷൂട്ടിം​ഗ് കഴിഞ്ഞ് ലൊക്കേഷൻ വിട്ടിറങ്ങുന്ന ബിന്ദു പണിക്കരുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിന്ദു പണിക്കരുടെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന രം​ഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ സെറ്റിൽ എല്ലാവരോടും യാത്ര പറയുന്ന ബിന്ദു പണിക്കരെ കാണാം. ‘ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന വിഷമമായിരുന്നു എനിക്ക്. പിന്നെ ഇപ്പോഴത്തെ കുട്ടികളുമായി പ്രവർത്തിച്ച് എനിക്ക് അധികം പരിചയമില്ല. ഈ സെറ്റ് എനിക്ക് വളരെ വളരെ ഇഷ്ടമായിട്ടോ’.

‘നിങ്ങൾ തന്ന ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാൻ കാരണമായത്. ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇവിടെ നിന്നും പോകാൻ വിഷമമുണ്ട് കേട്ടോ. കമലദളം ചെയ്യുന്ന സമയത്ത് താമസിച്ച ബിൽഡിം​ഗ് നോക്കി ഞാൻ കരഞ്ഞിട്ടുണ്ട്. ആ ഒരു ഫീൽ എനിക്കിവിടെ കിട്ടി’ ബിന്ദു പണിക്കർ പറയുന്നു.

Read Also:- റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്നു മുതൽ കേരളത്തിൽ

‘ഞാൻ ഉദ്ദേശിച്ചതിനെക്കാൾ നൂറ് മടങ്ങാണ് സീത എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ തന്നത്. ഒത്തിരി നന്ദി’ സംവിധായകൻ നിസാം ബഷീറും പറയുന്നു. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയേറ്ററുകളിലെത്തിയത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയാണെന്നാണ് കണക്കുകൾ. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട്, പൊന്നിയിന്‍ സെല്‍വന്‍, തല്ലുമാല തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ആഴ്ച കളക്ഷനുകളും റോഷാക്ക് മറികടന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button