GeneralLatest NewsMollywoodNEWSWOODs

മയക്ക് മരുന്ന് കിട്ടാൻ കാസർഗോട്ട് പോയി ഷൂട്ട് ചെയ്യേണ്ടതില്ല, അതിനേക്കാൾ കൂടുതൽ കൊച്ചിയിലുണ്ട്: വിമർശനവുമായി ഡോ. ബിജു

നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിനിമാ സംഘടനകൾ തന്നെ മുൻകൈ എടുക്കണം

കാസർഗോട്ട് മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്ന നിർമ്മാതാവ് രഞ്ജിത്തിന്റെ അഭിപ്രായമ വലിയ തോതിൽ വിമർശനം ഉയരുകയാണ്. ഈ വിഷയത്തിൽ മറുപടിയുമായി ഡോ. ബിജു. കാസർഗോട്ട് രണ്ടു സിനിമകൾ താൻ ചെയ്തിട്ടുണ്ടെന്നും ഏറ്റവും കുറവ് മയക്ക് മരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ ജില്ല കാസർഗോഡ് ആണെന്നും ബിജു പറയുന്നു.

READ ALSO: അന്ന് ‘അമ്മ’യും ചേര്‍ന്നാണ് തന്നെ വിലക്കിയത്: നവ്യാ നായര്‍

കുറിപ്പ് പൂർണ്ണ രൂപം

കാസർഗോട്ട് രണ്ടു സിനിമകൾ ഞാൻ ഷൂട്ട്ചെയ്തിട്ടുണ്ട് . കുഞ്ചാക്കോ ബോബൻ അഭിനയിച്ച വലിയ ചിറകുള്ള പക്ഷികൾ ഷൂട്ട് ചെയ്തത് 2014 -2015 വർഷങ്ങളിലായി ഒരു വർഷം എടുത്താണ് . മഴക്കാലം , വേനൽ , വസന്തം എന്നിങ്ങനെ മൂന്ന് കാലാവസ്ഥകൾ ആണ് കാസർഗോഡ് ചിത്രീകരിച്ചത് . പിന്നീട് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം 2022 ൽ . 2022 ജനുവരി മുതൽ ജൂലൈ വരെ ഏതാണ്ട് ഏഴു മാസങ്ങൾ എടുത്താണ് കാസർഗോട്ട് സെറ്റ് നിർമാണം പൂർത്തിയാക്കിയത് . പിന്നീട് ആഗസ്റ്റ് മാസത്തിൽ ഒരു മാസം നീണ്ടു നിന്ന ഷൂട്ടിങ് . ഈ രണ്ടു സിനിമകളും കാസർഗോട്ട് ചെയ്തത് ആ സിനിമകളുടെ ലൊക്കേഷന് ഏറ്റവും അനുയോജ്യം ആയ സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്‌ . കൂടാതെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ബജറ്റ് കുറവും തദ്ദേശീയമായ ആളുകളുടെ സഹകരണവും കാസർഗോട്ട് കൂടുതലായി ലഭിച്ചിരുന്നു എന്നതാണ് എന്റെ അനുഭവം .

മംഗലാപുരത്തു മയക്കു മരുന്ന് കിട്ടാനുള്ള എളുപ്പത്തിന് കാസർഗോട്ട് സിനിമകൾ ചിത്രീകരിക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകൾ തീർത്തും അബദ്ധമാണ് . വസ്തുതകൾക്ക് നിരക്കാത്തതാണ് . മയക്ക് മരുന്ന് കിട്ടാൻ കാസർഗോട്ട് പോയി ഷൂട്ട് ചെയ്യേണ്ടതില്ല . അതിനേക്കാൾ കൂടുതൽ മയക്ക് മരുന്ന് ലഭ്യത കൊച്ചിയിൽ ഉണ്ട് .

Narcotic Drugs and Psychotropic Substances (NDPS) Act in 2020 അനുസരിച്ചു ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ട ഇന്ത്യയിലെ മെട്രോ പൊളീറ്റൻ സിറ്റികളിൽ അഞ്ചാം സ്ഥാനത്തു കൊച്ചി ഉണ്ട് . മുംബൈ , ബാംഗ്ലൂർ , ഇൻഡോർ , ഡൽഹി , കൊച്ചി എന്നിവയാണ് ആദ്യ അഞ്ചു നഗരങ്ങൾ .

കേരള നിയമസഭയിൽ ഫെബ്രുവരിയിൽ നടന്ന സഭാ സമ്മേളനത്തിൽ വെളിപ്പെടുത്തിയ കണക്ക് അനുസരിച്ചു 2021 ൽ കേരളത്തിൽ NDPS കേസുകൾ രജിസ്റ്റർ ചെയ്‍തത് 3922 എണ്ണം ആണ് . അതിൽ ഏറ്റവും കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്തത് എറണാകുളത്ത് ആണ് , 540 എണ്ണം . തൊട്ടു പിന്നിൽ തൃശൂർ (447), കണ്ണൂർ (383), ഇടുക്കി (372) ജില്ലകൾ ആണ് . ഏറ്റവും കുറവ് മയക്ക് മരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ ജില്ല കാസർഗോഡ് ആണ് . 77 കേസ് മാത്രം . ആ കാസർഗോഡ് ആണ് സിനിമാക്കാർ മയക്ക് മരുന്ന് ലഭിക്കാൻ ഷൂട്ടിങ് വെക്കുന്നു എന്ന നിലയിൽ വസ്തുതാ വിരുദ്ധമായി പരാമർശിക്കുന്നത് .
സിനിമാ രംഗത്തു നിന്നുമുള്ള വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ ഒട്ടേറെ ആളുകൾ നടന്മാർ ഉൾപ്പെടെ മയക്ക് മരുന്ന് ഉപയോഗിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ് . വിവിധ സംഘടനാ നേതാക്കൾ തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്നത് കൂടുതൽ ഗൗരവം ഉളവാക്കുന്നു . ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിനിമാ സംഘടനകൾ തന്നെ മുൻകൈ എടുക്കണം .

അത്തരത്തിലുള്ള ഗൗരവമായ കാര്യങ്ങൾ മുന്നോട്ട് വെക്കുന്നതിനെ ദുർബലപ്പെടുത്താൻ മാത്രമേ ഒരു പ്രദേശത്തു ഷൂട്ട്‌ ചെയ്യുന്നത് മയക്ക് മരുന്ന് കിട്ടാനാണ് എന്ന മട്ടിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത സ്റ്റേറ്റ്മെന്റ്കൾ ഉപകരിക്കൂ . കേരള പോലീസിന്റെ തന്നെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് മയക്കു മരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർഗോഡ് . വസ്തുത ഇതായിരിക്കെ വെറുതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു ജില്ലയെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നരേട്ടീവുകളും ദയവായി ഒഴിവാക്കേണ്ടതാണ് .

എന്റെ വിവിധ സിനിമകൾക്ക് ലൊക്കേഷൻ ആയി ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ട് . ഒരു സിനിമയുടെ കുറച്ചു ഭാഗം കാനഡയിൽ ഷൂട്ട് ചെയ്തിട്ടുണ്ട് . കേരളത്തിൽ ഒൻപത് ജില്ലകളിൽ ഷൂട്ട് ചെയ്തിട്ടുണ്ട് . അതിലൊരു ഇടമാണ് കാസർഗോഡും . രണ്ടു സിനിമകൾ ആ ജില്ലയിൽ ഷൂട്ട് ചെയ്തു . ഇനിയും ഇനിയും കണ്ടെടുക്കാൻ ബാക്കി വെച്ചിട്ടുള്ള വൈവിധ്യമാർന്ന ലൊക്കേഷനുകൾ ഉള്ള ഒരു പ്രദേശം . നിർമാണ ചെലവ് നന്നായി കുറയ്ക്കാൻ സഹായകമായ ഒരു സ്ഥലം . ഏറെ ലളിതമായി ഇടപെടുന്ന , എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാട്ടുകാർ ….ഇതാണ് എനിക്ക് കാസർഗോഡ് ….വീണ്ടും അവിടെ സിനിമകൾ ചെയ്യാൻ എനിക്ക് സന്തോഷമേ ഉള്ളൂ ..

NB – ഹോമിയോപ്പതി വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആയി രണ്ടര കൊല്ലം ജോലി ചെയ്ത സ്ഥലം കൂടിയാണ് കാസർഗോഡ് . അതുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല ഓർമകളും അനുഭവങ്ങളും വേറെ ..

shortlink

Related Articles

Post Your Comments


Back to top button