GeneralLatest NewsSpecial

മലയാളി മനസ്സുകളെ പൊട്ടിച്ചിരിപ്പിച്ച കൂട്ടുകെട്ട്: ജീവിതയാത്രയിൽ ലാലിനെ തനിച്ചാക്കി സിദ്ദിഖിന്‍റെ മടക്കം

ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവർ. കലാഭവനിലെ സ്കിറ്റുകൾക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പർഹിറ്റുകൾ, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകജോഡി. ഇടയ്ക്ക് വഴി പിരിഞ്ഞെങ്കിലും അവസാന നിമിഷങ്ങളിൽ പ്രിയപ്പെട്ടവന്‍റെ ഒപ്പം നിന്ന് നടനും സംവിധായകനുമായ ലാൽ. ഒരുമിച്ച് സംവിധാനം ചെയ്ത എണ്ണംപറഞ്ഞ സിനിമകൾക്കുശേഷം വേർപിരിഞ്ഞെങ്കിലും സൗഹൃദം കാത്തുസൂക്ഷിച്ചവരാണ് സിദ്ദിഖും ലാലും. ആശുപത്രികിടക്കയിലെ സിദ്ദിഖിന്‍റെ അന്ത്യനിമിഷങ്ങളിലും ലാൽ ഒപ്പമുണ്ടായിരുന്നു.

ഫാസിലിന്‍റെ കളരിയില്‍ സംവിധാനം പഠിച്ചതോടെ മലയാള സിനിമയില്‍ ചിരിയുടെ ഉത്സവമൊരുക്കിയ സിദ്ദിഖ്-ലാല്‍ ചിത്രങ്ങളുടെ പിറവിയായി. 1989-ല്‍ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ഇരട്ട സംവിധായകര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി അങ്ങനെ പോകുന്നു സിദ്ദിഖ്-ലാല്‍ കൂട്ടായ്മയുടെ വിജയ ഗാഥ.

1993-ല്‍ കാബൂളിവാലയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ ഒന്നിച്ചത് 1995-ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിന്നീടിങ്ങോട്ടുള്ള മൂന്ന് പതിറ്റാണ്ട് സിദ്ദിഖ് ഒറ്റയ്ക്ക് ചിത്രങ്ങളൊരുക്കി. മമ്മൂട്ടി നായകനായ ഹിറ്റ്ലര്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായപ്പോള്‍ സിദ്ദിഖ് എന്ന സംവിധായകന്‍റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായി മാറി അത്. ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര്‍ തുടങ്ങിയ ഹിറ്റുകള്‍ പിന്നാലെയെത്തി.

വൈകാതെ മലയാളവും തമിഴും കടന്ന് ബോളിവുഡ് വരെയെത്തി സിദ്ദിഖ് എന്ന സംവിധായകന്‍റെ പ്രശസ്തി നേടി. ഹിന്ദി ചിത്രം ബോഡ് ഗാര്‍ഡിലൂടെ ബോളിവുഡിലെ നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളിയായി. 2004-ല്‍ വിജയകാന്ത് നായകനായ എങ്കള്‍ അണ്ണയുമായി തമിഴിലേക്ക്. മലയാള ചിത്രം ബോഡി ഗാര്‍ഡിന് തമിഴ്, ഹിന്ദി പതിപ്പുകളുണ്ടായി. സല്‍മാന്‍ ഖാന്‍ നായകനായ ഹിന്ദി ചിത്രം ബോഡി ഗാര്‍ഡും വിജയ് ചിത്രം കാവലനും പണംവാരിയ പടങ്ങളായി. 2005-ല്‍ മാരോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തി. രണ്ട് പതിറ്റാണ്ടിനുശേഷം 2016-ല്‍ കിങ് ലയര്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിദ്ദിഖ്-ലാല്‍ സഖ്യം വീണ്ടുമൊന്നിച്ചപ്പോഴും സൂപ്പര്‍ ഹിറ്റ് പിറന്നു.

2020-ല്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ബിഗ് ബ്രദറാണ് സിദ്ദിഖിന്‍റെ അവസാനചിത്രം. ഹിന്ദിയിലടക്കം ചില ചിത്രങ്ങളുടെ ചര്‍ച്ചയ്ക്കിടെയാണ് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍റെ അപ്രതീക്ഷിത മടക്കം. മലയാളസിനിമ അതിന്‍റെ തുടക്കം മുതൽ ചിരിയെക്കൊണ്ടാടിത്തുടങ്ങി. കോമിക്സ് മുതൽ മുൻഷി വരെ ജനപ്രിയമായ ഈ സമൂഹത്തിലതേറ്റെടുത്തത് ജനാധിപത്യപരവും മാനുഷികവുമായ പരിഗണനകളെയാണ്.

പക്ഷെ എൺപതുകൾക്കൊടുക്കം മുതൽ മിമിക്രി മലയാള സിനിമയുടെ വലിയ സ്വാധീനമായി. പക്ഷെ പ്രയോഗം കൊണ്ട് ഫലിതമുറകൾ മിമിക്രിയിലും സിനിമയിലും വേറിട്ടിരിക്കുന്നതെങ്ങനെയെന്ന ബോധ്യമായിരുന്നു സിദ്ദിഖിനെ ചലച്ചിത്രവിജയമാക്കിയത്. സിനിമയെന്നാൽ അതിന്‍റെ ശിൽപപരതയാണെന്നു തന്‍റെ ചിത്രങ്ങളിലൂടെ നിരന്തരം വിളിച്ചുപറഞ്ഞ സിനിമകളുടെ ഒരു കാലഘട്ടം ഇവിടെയവസാനിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button