CinemaGeneralLatest NewsNEWS

‘ഒരിക്കലും ആരും ആത്മഹത്യ ചെയ്യരുത്, അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും’: ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി പറഞ്ഞത്

നടൻ വിജയ് ആന്റണിയുടെ മകൾ മീരയുടെ ആത്മഹത്യ തമിഴ് സിനിമ ലോകത്തെ ഒട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ ഒരിക്കലും ഒരാൾ ആത്മഹത്യ ചെയ്യരുതെന്നും വിജയ്​ പറയുന്നുണ്ട്​. വിജയുടെ ഏഴാം വയസിൽ അദ്ദേഹത്തിന്റെ അച്ഛൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വേദന അദ്ദേഹത്തെ ജീവിതകാലം മുഴുവൻ പിന്തുടരുന്നുമുണ്ട്. ആത്മഹത്യ പോലെയുള്ള കടുത്ത തീരുമാനങ്ങൾ ഒരിക്കലും ഒരാളും ജീവിതത്തിൽ എടുക്കരുത് എന്നും വിജയ് പറയുന്നുണ്ട്.

‘ജീവിതം എത്ര വേദനാജനകമാണെങ്കിലും, കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും. എനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടർന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകൾ നേരിട്ടു കണ്ടാണ് വളർന്നത്. അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയത്’, അദ്ദേഹം പറഞ്ഞു.

അതേസമയം, പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട് പെണ്‍മക്കളാണ് വിജയ് ആന്‍റണി-ഫാത്തിമ ദമ്പതികള്‍ക്ക്. അതില്‍ മൂത്തയാളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീര. പോസ്റ്റ്മോര്‍ട്ടം അടക്കം നടത്തി കഴിഞ്ഞ ദിവസം വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. മാനസിക സമ്മർദം മൂലമാണ് വിജയ്​ ആന്‍റണിയുടെ മകൾ മീര ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments


Back to top button