Film ArticlesGeneralMollywoodMovie ReviewsNEWSWOODs

‘എന്നിവർ’ രാഷ്ട്രീയ കൊലപാതകങ്ങളും അവസാനിക്കാത്ത പ്രതി പട്ടികയും

കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി രക്തസാക്ഷികൾ എങ്ങനെയാണ് ഉണ്ടാവുന്നത്

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തെ ഏതെല്ലാം നിലകളിലാണ് പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും നിഷ്പക്ഷമായി വിലയിരുത്തുവാനും കഴിയുക ? ഇത്തരമൊരു ചോദ്യത്തിലേക്ക് നയിക്കുന്നത് സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത എന്നിവർ എന്ന ചിത്രം നൽകിയ കാഴ്ചകളാണ്. ക്യാമ്പസ് രാഷ്ട്രീയം, വിദ്യാർത്ഥി സംഘട്ടനങ്ങൾ കൊലപാതകങ്ങൾ തുടർ കൊലപാതകങ്ങൾ എന്നിവയൊക്ക ഒരുപക്ഷേ ഏറ്റവും കൂടുതൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതും അവതരിപ്പിച്ചിട്ടുള്ളതും മലയാള സിനിമയിൽ തന്നെയാണ്. അതിന്റെ ഒരു തുടർച്ച എന്ന നിലയിലാണ് എന്നിവർ എന്ന ചിത്രം നിൽക്കുന്നത്.

read also: ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി മലയാള സിനിമാ താരം ഫവാസ് ജലാലുദീൻ

ജിയോ ബേബി, സുധീഷ്, ബിനു പപ്പൻ, സൂരജ്, സർജനോ ഖാലിദ് തുടങ്ങി പതിനഞ്ചിൽ താഴെ മാത്രം വരുന്ന അഭിനേതാക്കളെ ഉൾപ്പെടുത്തി അവതരിപ്പിക്കപ്പെട്ട എന്നിവരിൽ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കേവലമായ സംഭാഷണങ്ങൾക്കുള്ളിൽ മാത്രമാണ് ഉള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൃശ്യ ഭാവനയിൽ അട്ടപ്പാടിയുടെ മാസ്മരിക സൗന്ദര്യത്തെ ചേർത്തെടുക്കുന്നതിലും ചിത്രം ഏറെ വിജയിച്ചിട്ടുണ്ട്.

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഒളിവിൽ പോകുന്ന സംഘടനാ പ്രവർത്തകരുടെ സംഭാഷണങ്ങളിലൂടെയാണ് ഓരോന്നും വിശകലനം ചെയ്യപ്പെടുന്നത്. ഭയം എങ്ങനെയാണ് വ്യക്തികളെ കീഴ്പ്പെടുത്തുന്നത് ഭയത്തിൽ നിന്നുള്ള മോചനം എപ്രകാരമാണ് സാധ്യമാവുക എന്നുള്ള അന്വേഷണങ്ങളും ഈ ചിത്രത്തിൽ കാണാവുന്നതാണ്.
സൂക്ഷ്മാംശത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ബഹുമുഖ തലങ്ങളെ അനാവരണം ചെയ്യാനുദ്യമിക്കുന്ന ഈ ചിത്രം ഏക പക്ഷീയമായ നിലപാടുകളിലേക്ക് എത്തുന്നു എന്നത് കാണാതിരിക്കാനാവില്ല.

കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി രക്തസാക്ഷികൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന അന്വേഷണം നടത്തിയാൽ അവിടെയാണ് ഒരു പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചതിക്കുഴികളും നെറികേടുകളും കണ്ടെത്താനാവുക എന്ന ഉത്തരമാണ് ചിത്രം നൽകുന്നത്. സത്യ സന്ധമായി ചോദ്യം ചോദിക്കുന്ന , രാഷ്ട്രീയ നേതൃത്വത്തെ അസ്വസ്ഥനാക്കുന്ന വിദ്യാർത്ഥി നേതാവിനെ കുരുതി കൊടുക്കുന്ന സംഘടനാ നേതാവിലൂടെ ഈ ചിത്രം ഏതു തരം രാഷ്ട്രീയ ബോധത്തെയാണ് അവതരിപ്പിക്കുന്നത്.?

. പ്രേക്ഷകർക്കും രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കുമുൾപ്പെടെ
എല്ലാവർക്കും ഏറെ സുപരിചിതമായ ഒരു പ്ലോട്ടിനെ എങ്ങനെയാണ് വ്യത്യസ്തമായ വഴികളിലൂടെ അവതരിപ്പിക്കാനാവുക, അതിൽ എങ്ങനെയാണ് ലക്ഷ്യം കണ്ടെത്താനാവുക എന്നുള്ള അന്വേഷണങ്ങൾ സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. . കേവലം പരാമർശങ്ങളിലൂടെയും സൂചനകളിലൂടെയും വിദ്യാർത്ഥി സംഘർഷത്തെ അവതരിപ്പിക്കുകയും അതിൽ പങ്കാളികളായ വിദ്യാർത്ഥികളുടെ മനോനിലകളെ ആഴത്തിൽ വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട് ചിത്രം. എല്ലാ കുറ്റങ്ങളും സ്റ്റേറ്റിന്റെയും സിസ്റ്റത്തിന്റെയും പ്രശ്നമാണ് എന്ന് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ കൃത്യമായ കണക്കുകൂട്ടലുകളോടെ വിദ്യാർത്ഥികളെ കുരുതി കൊടുക്കുകയാണ് എന്ന് നിലപാടിലേക്കാണ് എന്നിവർ ചെന്നെത്തുന്നത്. ഇത്തരമൊരു നിലപാട് തികച്ചും ഏകപക്ഷീയവും വാസ്തവ വിരുദ്ധവുമാണ് എന്ന് പുരോഗമന പക്ഷത്തു നിൽക്കുന്ന ഏതൊരു വ്യക്തിക്കും ക്യത്യമായി മനസിലാവും.കാമ്പസ് രാഷ്ട്രീയം അത്യന്തം അപകടകരമായൊരു പ്രവർത്തനമാണ് എന്നും അത് നിങ്ങളുടെ ജീവനെത്തന്നെ ഇല്ലതാക്കി ക്കളയും എന്നുമുള്ള അരാഷ്ട്രീയ വാദങ്ങളെ സാധൂകരിക്കുന്ന നിലയിലും ഈ ചിത്രം നിലകൊള്ളുന്നുണ്ട്.

ഡോ. രശ്മി അനിൽകുമാർ

shortlink

Post Your Comments


Back to top button