CinemaGeneralLatest NewsNEWS

‘വിജയ് ഇന്ന് വലിയ താരമായി വളര്‍ന്നു, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് അറിഞ്ഞത്’: രജനികാന്ത്

സിനിമാ റിലീസിന് മുമ്പുള്ള ഓഡിയോ ലോഞ്ചുകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ഓഡിയോ ലോഞ്ചിലെ താരങ്ങളുടെ വാക്കുകള്‍ ഫാന്‍സ് പോരിന് കാരണമായിട്ടുണ്ട്. രജനികാന്തും വിജയ്‍യും അടുത്തിടെ നടത്തിയ ഓഡിയോ ലോഞ്ച് ഏറെ ശ്രദ്ധേയമായിരുന്നു. രജനികാന്തിന്റെ ‘കാക്ക-പരുന്ത്’ പരാമർശം വിജയ്-രജനികാന്ത് ഫാൻ ഫൈറ്റിന് കാരണമായി. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ആയിരുന്നു രജനികാന്ത് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സംസാരിച്ചത്. എന്നാല്‍ രജനി നടന്‍ വിജയ്‌യെ ആണ് വിമര്‍ശിച്ചതെന്ന അഭ്യൂഹം ശക്തമായി. ഈ പരാമര്‍ശത്തോട് പേരെടുത്ത് പറയാതെ തന്നെ ശക്തമായി വിജയ്‌യും പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, ‘കാക്ക-പരുന്ത്’ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ് താൻ എന്നാണ് രജനിയുടെ പക്ഷം. ജയിലര്‍ ഓഡിയോ ലോഞ്ചിൽ രജനി നടത്തിയ പ്രസ്താവനയ്ക്ക് ലിയോ ഓഡിയോ ലോഞ്ചിനിടെ വിജയ് മറുപടി നൽകിയിരുന്നു.

ജയിലർ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞത്;

‘പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെ പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം’.

വിജയ് നൽകിയ പരോക്ഷ മറുപടി;

‘പുരട്ചി തലൈവര്‍’ ഒരാള്‍ മാത്രമാണ്, ‘നടികര്‍ തിലകം’ ഒരാള്‍ മാത്രമാണ്, ‘പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍’ ഒരാള്‍ മാത്രമാണ്, ‘ഉലകനായകന്‍’ ഒരാള്‍ മാത്രമാണ്. സൂപ്പര്‍ സ്റ്റാര്‍’ ഒരാള്‍ മാത്രമാണ്, അതുപോലെ ‘തല’ എന്നാലും ഒരാള്‍ മാത്രമാണ്. ചക്രവര്‍ത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം. ചക്രവര്‍ത്തി പറയും, ദളപതി ചെയ്യും. എന്നെ സംബന്ധിച്ച് ജനങ്ങളാണ് ചക്രവര്‍ത്തി, ഞാന്‍ നിങ്ങളുടെ കീഴെയുള്ള ദളപതിയും’.

എന്നാല്‍ തന്റെ കാക്ക-പരുന്ത് പരാമര്‍ശം വിജയ്‌യെ ഉദ്ദേശിച്ച് അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനികാന്ത് ഇപ്പോള്‍. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് രജനി സംസാരിച്ചത്. തന്റെ പരാമര്‍ശം വിജയ്‌യെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയ്‌യുമായി മത്സരിക്കുകയാണെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും രജനികാന്ത് വ്യക്തമാക്കി. വിജയ് ഇന്ന് വലിയ താരമായി വളര്‍ന്നു കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താന്‍ എന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ്. ആരാധകര്‍ ഇത്തരം വിഷയങ്ങള്‍ ഇനി ഉയര്‍ത്തരുത് എന്നാണ് രജനികാന്ത് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button