Movie Reviews

ഈ കൊച്ചവ്വ പൗലോയും സൂപ്പര്‍ അയ്യപ്പ കൊയ്ലോയും സൂപ്പര്‍

പ്രവീണ്‍.പി നായര്‍ 

‘101 ചോദ്യങ്ങള്‍’ എന്ന കലാമൂല്യമുള്ള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സിദ്ധാര്‍ഥ ശിവ. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ ഓണവിരുന്നൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സിദ്ധാര്‍ഥ ശിവ. പേരിലെ പുതുമകൊണ്ടു പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത സിനിമയുടെ ട്രെയിലറും, പാട്ടുമൊക്കെ പ്രേക്ഷക മനസ്സുകളില്‍ വലിയ രീതിയില്‍ തന്നെ നേരത്തേ സ്വീകരിക്കപ്പെട്ടിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മാണരംഗത്തേക്ക് ഉദയ ബാനറും തിരിച്ചു വരുന്ന സിനിമ  കൂടിയാണ്’കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’. ഉദയയുടെ ഇപ്പോഴത്തെ ഉടമയായ നടന്‍ കുഞ്ചാക്കോബോബന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘കൊച്ചവ്വ’ എന്ന ടൈറ്റില്‍ കഥാപാത്രമായി കുഞ്ചാക്കോ ബോബനും സ്ക്രീനിലുണ്ട്. സിദ്ധാര്‍ഥ ശിവയുടെ ആദ്യ ചിത്രമായ ‘101 ചോദ്യങ്ങള്‍’ ലളിതമായ കഥാഘടനയില്‍ പറഞ്ഞു നീങ്ങിയ കുട്ടിത്വം നിറഞ്ഞ സിനിമയായിരുന്നു. ചിന്തയും, ഉണര്‍വ്വും പകരുന്ന നന്മയുള്ള കൊച്ചു ചിത്രത്തെ പ്രേക്ഷകര്‍ അന്ന് ഹൃദയപൂര്‍വ്വം സ്വീകരിച്ചിരുന്നു. തുടര്‍ വരവിലും പ്രതീക്ഷയക്ക് വക നല്‍കുന്ന കുട്ടിത്വം സമ്മേളിക്കുന്ന സിനിമ പറയാനാണ് സിദ്ധാര്‍ഥ ‘കൊച്ചവ്വ പൗലോ’യിലൂടെ തുനിയുന്നത്. കുട്ടിക്കാലത്ത് എല്ലാവര്‍ക്കും അവരുടേതായ ഒരു ലോകമുണ്ടാകും അവരുടെതായ ചില ആഗ്രഹങ്ങള്‍ ഉണ്ടാകും. അയ്യപ്പദാസ് എന്ന കുട്ടിയുടെ കുഞ്ഞു മനസ്സിലെ ആഗ്രഹത്തെ തുറന്നു കാട്ടുകയാണ് ചിത്രം. വിമാനത്തില്‍ കയറി പറക്കണം എന്ന അയ്യപ്പദാസിന്റെ ആഗ്രഹത്തിലൂടെയാണ് പിന്നീടുള്ള സിനിമയുടെ കഥാസഞ്ചാരം. ചിത്രത്തിന്‍റെ പ്രമേയത്തിലെ പുതുമയ്ക്ക് തന്നെ ആദ്യ കയ്യടി നല്‍കുന്നു.

അയ്യപ്പദാസ് എന്ന അപ്പുവിന്‍റെ കഥയാണ് ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ പങ്കുവയ്ക്കുന്നത്. വിമാനത്തില്‍ കയറണം എന്ന തന്‍റെ വലിയ ആഗ്രഹം പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ വരികയും അതൊരു സ്വപ്നമായി മനസ്സില്‍ അവശേഷിക്കുകയും ചെയ്യുന്നിടത്താണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച  കൊച്ചവ്വ അപ്പുവിന്‍റെ ജീവിതത്തിനരികിലേക്ക് എത്തപ്പെടുന്നത്. പിന്നീട് കൊച്ചവ്വ അപ്പുവിനു കരുത്തായി മാറുന്നു. ‘നമ്മുടെ ജീവിതത്തില്‍ വളരെ തീവ്രമായ ആഗ്രഹങ്ങളുണ്ടായാല്‍ ആ ആഗ്രഹം സാധിച്ചു തരാന്‍ വേണ്ടി ഈ ലോകം മുഴുവനും നമുക്കൊപ്പം ഉണ്ടാകും’ എന്ന സാക്ഷാല്‍ പൗലോ കൊയ്ലോയുടെ നന്മയുള്ള വാചകം കൊച്ചവ്വ അപ്പുവിനു പകര്‍ന്നു നല്‍കുന്നിടത്താണ് ഈ സിനിമ ചാരുതയുള്ള ചിത്രമായി മുന്നേറുന്നത്. കുട്ടി കാഴ്ചകളും അവരുടെ മോഹങ്ങളും അവരുടെ സ്വപ്നങ്ങളുമൊക്കെ ലളിതമായി പങ്കുവയ്ക്കുന്ന ഈ ചിത്രം സമീപകാലത്ത് മലയാള സിനിമകണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ്.

വളരെ ലളിതമായ ഒരു ചിന്തയില്‍ നിന്നാണ് സിനിമയ്ക്ക് യോജ്യമായ ഒരു മികച്ച തിരക്കഥ സിദ്ധാര്‍ഥ് പരുവപ്പെടുത്തിയത്‌. ആശയപരമായി പ്രേക്ഷകര്‍ക്ക് വേഗത്തില്‍ ഇണങ്ങാന്‍ പറ്റുന്ന വിഷയമാണ് ചിത്രത്തിന്‍റെത്. യാഥാര്‍ത്ഥ്യമായ ജീവിത നിമിഷങ്ങള്‍ പോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സിദ്ധാര്‍ഥ് ശിവ ചിത്രീകരിച്ചത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന നിഷ്കളങ്കത പൊതിയുന്ന ചിത്രത്തെ വാണിജ്യ സിനിമകളുടെ ഇടയിലെ ബഹള തിരക്കിനിടയില്‍ ഒരു പ്രേക്ഷകരും മറന്നു പോകരുത്. ചിന്തയും ചിരിയും നൊമ്പരവും സമ്മേളിക്കുന്ന സിദ്ധാര്‍ഥ് ശിവയുടെ കൊച്ചു ചിത്രം വലിയൊരു വിജയ ചിത്രമാകട്ടെ.

കുട്ടി ലോകത്തെക്കുറിച്ച് പങ്കുവയ്ക്കുന്ന അധിക സിനിമകളൊന്നും മലയാളത്തില്‍ അങ്ങനെ ഇറങ്ങിയിട്ടില്ല. സിദ്ധാര്‍ഥ ശിവ ആദ്യം പറഞ്ഞതും, ഇപ്പോള്‍ പറഞ്ഞതും കുട്ടി സിനിമയായിരുന്നു. അവരുടെ ലോകത്തേക്കാണ്‌ സിദ്ധാര്‍ഥ നല്ല സംവിധായകന്‍റെ ആത്മവിശ്വാസത്തോടെ ഇറങ്ങി ചെന്നത്. സിനിമയില്‍ വെറുതെ സാരോപദേശം വാരി നിറയ്ക്കുകയല്ല സിദ്ധാര്‍ഥിലെ എഴുത്തുകാരന്‍ ചെയ്യുന്നത്. സിനിമയുടെ കഥാതന്തുവിന് ചേര്‍ന്ന രീതിയില്‍ വളരെ പെര്‍ഫെക്റ്റ്‌ ആയ ഒരു തിരക്കഥ എഴുതി എടുത്തിട്ടാണ് ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രം സ്ക്രീനില്‍ പകര്‍ത്താന്‍  സിദ്ധാര്‍ഥ് തയ്യാറെടുത്തത് എന്ന് വ്യക്തമാണ്. അതിന്‍റെ ഫലമാണ്‌ പ്രേക്ഷകര്‍ മുഷിവില്ലാതെ ഈ ചിത്രം ആസ്വദിക്കുന്നതും,അനുഭവിച്ചറിയുന്നതും.

ഈ ചിത്രം കാണാന്‍ വളരെ ചുരുക്കം പ്രേക്ഷകര്‍ മാത്രമേ തീയേറ്ററില്‍ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമയ്ക്ക് തീര്‍ച്ചയായും വരും നാളുകളില്‍ ആള് കയറണം. കുട്ടികള്‍ നിറയണം. അവര്‍ നല്ലത് ചിന്തിക്കണം, ഉയരങ്ങള്‍ കീഴടക്കണം, സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കണം അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ.കുഞ്ഞു ലോകം ചിത്രത്തില്‍ വിവരിച്ചിട്ടും  മുതിര്‍ന്നവരുടെ ആസ്വദനത്തിലും തെല്ലും മുഷിവു കലരില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കൊച്ചവ്വയെയും അപ്പുവിനെയും സിനിമ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ ഒരുപാട് ഇഷ്ടപെടും. ഓണമൊരു ആഘോഷമാകുമ്പോള്‍ കൊച്ചവ്വ അതിനിടയിലെ ആവേശമാകട്ടെ.

‘കൊച്ചവ്വ പൗലോയും, അയ്യപ്പ കൊയ്ലോയും മത്സരിക്കുന്ന അഭിനയ മൂഹുര്‍ത്തങ്ങള്‍’
കുഞ്ചാക്കോ ബോബന്‍ കൊച്ചവ്വയായും, നടന്‍ സുധീഷിന്‍റെ മകന്‍ രുദ്രാക്ഷ് അപ്പുവായും ചിത്രത്തില്‍ തിളക്കമാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. കുഞ്ചാക്കോബോബന്‍ ഇത്ര സ്വഭാവികത്തോടെ അഭിനയിച്ച ഒരു സിനിമ മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
നടന്‍ സുധീഷിന്‍റെ മകന്‍ രുദ്രാക്ഷ് തുടക്കത്തിന്‍റെ പതര്‍ച്ചയില്ലാതെ തന്നെ ഏല്‍പ്പിച്ച വലിയ കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ചു. സ്വാഭാവികത പൊതിഞ്ഞ ഈ കുഞ്ഞു അഭിനയം കാണാന്‍ മഴവില്ലിലും ഭംഗിയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ ഒരു ബാലതാരത്തെ ഇത്രയും സ്വഭാവികതയോടെ സ്ക്രീനില്‍ എത്തിക്കണം എങ്കില്‍ സംവിധായകനിലെ പ്രയത്നം പ്രശംസനീയമാണ്. കൊച്ചവ്വയും അയ്യപ്പയും തമ്മിലുള്ള സീനുകള്‍ എല്ലാം തന്നെ ഹൃദയം നുറുങ്ങുന്നതും ഹൃദയത്തില്‍ നിറയുന്നതുമായിരുന്നു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രം അപ്പുവിന്‍റെ അമ്മയായി മുത്തുമണിയും,അപ്പുപ്പനും, അമ്മുമ്മയുമായി നെടുമുടിവേണും, കെ.പി.എ.സി ലളിതയുമാണ് വേഷമിട്ടത്. ഇവര്‍ക്കൊക്കെ സിനിമ കാര്യമായ പരിഗണന നല്‍കുന്നുണ്ട്. അവര്‍ തങ്ങളുടെ ഭാഗം വെടിപ്പോടെ ചെയ്തു തീര്‍ത്തിട്ടുമുണ്ട്. വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തെയും എത്ര സൂം ചെയ്താലും ഈ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയില്ല . അത്രയ്ക്ക് ചിട്ടയോടെയുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു സിനിമയില്‍ നിറഞ്ഞത്. ഇടക്കൊക്കെ ചിരി ഉണര്‍ത്തുന്നുണ്ടെങ്കിലും സുരാജ് അവതരിപ്പിച്ച കള്ളുകുടിയന്‍ കഥാപത്രം മാത്രമാണ് സിനിമയോട് തീരെ യോജിക്കാതെ നിന്നത്. അമ്പിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ഞു മിടുക്കിയും പതര്‍ച്ചയില്ലാത്ത പക്വമായ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. അപ്പുവിന്‍റെ ചേട്ടനായി അഭിനയിച്ച പയ്യനും അഭിനയം അസ്സലാക്കിയിട്ടുണ്ട്.

കുട്ടികള്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുന്നതും, നീന്താന്‍ പഠിപ്പിക്കുന്നതും ദേവിക്ക് മുന്നില്‍ പൂക്കള്‍വച്ചിട്ടു തങ്ങളുടെ കുഞ്ഞു മനസ്സിലെ ആഗ്രഹം പറയുന്നതുമൊക്കെ വളരെയധികം വേറിട്ട്‌ നിന്ന ചിത്രീകരണ രംഗങ്ങളായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരിക്കും  മലയാള ഗന്ധമുള്ള സിനിമ അതാണ് ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’. ഗ്രമാന്തരീക്ഷരഭംഗിയില്‍ വിളങ്ങി നിന്ന ‘കൊച്ചവ്വ പൗലോ അയ്യപ്പ’ കൊയ്ലോ ഒരിക്കലും മറന്നു പോകേണ്ട സിനിമയല്ല എന്നെന്നും മനസ്സില്‍ സൂക്ഷിക്കേണ്ട സിനിമയാണ്.

നീല്‍ഡി കുഞ്ഞയുടെ മനോഹരമായ ഛായാഗ്രഹണമാണ് സിനിമയിലെ മുഖ്യ ആകര്‍ഷണം. ഇടുക്കിയുടെ പ്രകൃതിഭംഗി സിനിമയിലേക്ക് കൂട്ടിയിണക്കിയപ്പോള്‍ ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’യ്ക്ക് ഇരട്ടി ഭംഗിയുണ്ടായിരുന്നു. ഓരോ ഷോട്ടിലും നീല്‍ഡി കുഞ്ഞയുടെ സുന്ദര ഛായാഗ്രഹണം സിനിമയ്ക്ക് വല്ലാത്തൊരു ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങളും ശ്രവണസുഖമുള്ളതായിരുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതവും മധുരതരമായിരുന്നു.

അവസാന വാചകം 

സിനിമാപ്രേമികളായ എല്ലാ പ്രേക്ഷകരും ഈ സിനിമയ്ക്ക് അരികില്‍ വരട്ടെ. നല്ല ചിത്രങ്ങള്‍ സ്വീകരിക്കപ്പെടട്ടെ. ഓണത്തിന് ഈ ചിത്രം കാണാന്‍ വീട്ടില്‍ നിന്ന് കുടുംബവും കുട്ടികളുമടക്കം ധൈര്യമായി ഇറങ്ങിക്കോളൂ. നല്ലൊരു അനുഭവം പകര്‍ന്നു നല്‍കി ഈ കൊച്ചവ്വ പൗലോയും അയ്യപ്പ കൊയ്ലോയും നിങ്ങളെ മടക്കി അയക്കും തീര്‍ച്ച.

shortlink

Related Articles

Post Your Comments


Back to top button