Movie Reviews

‘പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന ആനന്ദം’

പ്രവീണ്‍.പി നായര്‍

ഗായകനായും, സംവിധായകനായും, രചയിതാവായും , അഭിനേതാവായുമൊക്കെ മലയാള സിനിമയുടെ  നിറസാന്നിദ്ധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന  വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച ചിത്രമാണ് ‘ആനന്ദം’. നവാഗതനായ ഗണേഷ് രാജാണ് ചിത്രത്തിന്റെ സംവിധാനവും,രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരുകൂട്ടം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രമേയം ക്യാമ്പസ് ജീവിതത്തെ ചുറ്റിപറ്റിയുള്ളതാണ്. ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ രസിപ്പിച്ചിരുത്താന്‍ ശ്രമിക്കുകയാണ് ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ഗണേഷ് രാജ്. ചിട്ടയോടെ സിനിമ ചിത്രീകരിക്കാന്‍ മിടുക്കുള്ളയാളാണ് വിനീത് ശ്രീനിവാസന്‍ അതുകൊണ്ട് തന്നെ  തന്റെ ശിഷ്യനായ ഗണേഷ് രാജും തുടക്കത്തിന്റെ പതര്‍ച്ചയില്ലാതെ ‘ആനന്ദം’ എന്ന ചിത്രത്തെ നന്നായി അടയാളപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. കുസൃതിയും, തമാശയും, പ്രണയവുമെല്ലാം ‘ആനന്ദം’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് പകുത്തു നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രം തുടങ്ങി അരമണിക്കൂര്‍ അടുക്കുമ്പോഴേക്കും നല്ല ഒരു സിനിമ മുന്നില്‍ തെളിയുന്നതിന്റെ ആനന്ദത്തില്‍ പ്രേക്ഷകരും ചിത്രത്തോട് ചേര്‍ന്നിരിക്കുന്നുണ്ട്. വേറിട്ട അവതരണത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം ഒരു സന്ദര്‍ഭങ്ങളില്‍ പോലും പ്രേക്ഷകര്‍ക്ക് മുഷിവുണ്ടാക്കുന്നില്ല.
കോളേജ് ജീവിതം ആസ്വാദ്യകരമാക്കുന്ന  കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി,വിദ്യാര്‍ഥിനികളായ ഏഴംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അക്ഷയ്, വരുണ്‍, കുപ്പി,ദിയ ഗൗതം, ദേവിക,ദര്‍ശന  എന്നീ കഥാപാത്രങ്ങള്‍ പ്രസരിപ്പോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.  ഗോവയിലേക്കും, ഹംപിയിലേക്കുമൊക്കെ ഇവര്‍ നടത്തുന്ന യാത്രയ്ക്ക് പിന്നാലെ ക്യാമറയും സഞ്ചരിക്കുമ്പോള്‍ മനോഹരമായ ദൃശ്യനുഭൂതികൂടി  ചിത്രം പ്രേക്ഷകര്‍ക്ക് അടര്‍ത്തി നല്‍കുന്നുണ്ട്. ഒരു സൗഹൃദ കഥയിലോ,പ്രണയകഥയിലോ മാത്രം ചിത്രത്തെ തളച്ചിടാതെ മനോഹരമായ ദൃശ്യഭംഗിയെയും ഇന്ത്യന്‍ സംസ്കാരത്തെയുമൊക്കെ  തുറന്നുകാട്ടന്‍ സംവിധായകന്‍ ശ്രമിച്ചത് പ്രശംസനീയമാണ്. ഹംപി പോലെയുള്ള ഇന്ത്യയിലെ മനോഹരമായ നഗരങ്ങളെയും അവിടുത്തെ ചരിത്രങ്ങളും  വരച്ചിടുന്ന ചിത്രം ശരിക്കും പ്രേക്ഷകന്റെയുള്ളില്‍ ഓരോ നിമിഷവും ആനന്ദം വിതറുന്നുണ്ട്. ആഴത്തിലുള്ള കഥയോ, സാരോപദേശമോ,നാടകീയതയോ ഒന്നുമില്ലാതെ ലളിതമായി അവതരിപ്പിച്ച ഉശിരന്‍ നേരംകൊല്ലി സിനിമ തന്നെയാണ് ‘ആനന്ദം’. ചിത്രത്തിലെ ഒരു പാര്‍ട്ട് പോലും ഇഴഞ്ഞു നീങ്ങുന്നില്ല തെല്ലിട നേരം മനസ്സ് എടുക്കാനോ കണ്ണെടുക്കാനോ തോന്നാത്ത രീതിയില്‍ ചിത്രത്തെ അഴകാക്കി തീര്‍ത്തിട്ടുണ്ട് അണിയറക്കാര്‍.

 
കോളേജ് ജീവിതത്തിനിടയില്‍ സൗഹൃദ സ്നേഹം വിരിച്ചു കൊണ്ട് മനോഹരമായ സ്ഥലങ്ങളിലേക്ക് ഒരേ മനസ്സോടെ യാത്രയായ ഓരോ വിദ്യാര്‍ഥികള്‍ക്കും ഈ ചിത്രം കൂടുതല്‍ ആനന്ദം പകര്‍ന്നേക്കാം. പുതുനിരയുടെ പ്രകടനം തന്നെയാണ് ‘ആനന്ദം’ എന്ന ചിത്രത്തെ ഊര്‍ജ്ജത്തോടെ മുന്നോട്ടു കൊണ്ട്പോകുന്നത്. ഓരോരുത്തരിലെയും അഭിനയം പ്രേക്ഷകര്‍ക്ക് നന്നായി ബോധിക്കുന്നിടത്താണ് ചിത്രം തലയുയര്‍ത്തി നില്‍ക്കുന്നത്. ആദ്യമായി അഭിനയിക്കുന്നതിന്റെ അങ്കലാപ്പില്ലാതെ അഭിനയിച്ച എല്ലാവരും തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ചിരുത്തുന്നുണ്ട്. അക്ഷയ്  എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തോമസ്‌ മാത്യുവും, കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിശാഖ് നായരും, ദിയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധി എന്ന പുതുമുഖ നായികയും ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അവരിലെ നല്ല അഭിനയം ഓരോ കാഴ്ചകാരന്റെയും  മനസ്സില്‍ സ്പര്‍ശിക്കുന്നുണ്ട്‌.
കൂട്ടത്തിലെ മറ്റു അഭിനേതാക്കളുടെ പ്രകടനവും ഭേദപ്പെട്ട നിലവാരം കാഴ്ചവയ്ക്കുന്നുണ്ട്. സൂക്ഷ്മമായി ചിത്രത്തെ നിരീക്ഷിച്ചിട്ടു അടിമുടി ഒന്ന് ചികഞ്ഞെടുത്താല്‍ ചില രംഗങ്ങളിലൊക്കെ പാകപ്പിഴകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ കണ്ടിരുന്ന നേരമത്രയും തെല്ലും ബോറടിപ്പിക്കാതെ കളര്‍ഫുളായി മുന്നോട്ടു നീങ്ങിയ ചിത്രത്തെക്കുറിച്ച് മോശമായി ഒരു വാക്ക് പോലും പറയാന്‍ തോന്നുന്നില്ല എന്നതാണ് സത്യം.

 

ആനന്ദ് ചന്ദ്രന്‍റെ സിനിമോട്ടോഗ്രഫി ചിത്രത്തിന് ആഴകേറുന്ന ദൃശ്യചാരുത പകര്‍ന്നു നല്‍കുന്നുണ്ട്. തുടര്‍സിനിമകളിലും നല്ല ദൃശ്യഭംഗി പ്രകടമാക്കി അയാളിലെ ക്യാമറമാന്‍ മുന്നേറട്ടെ. അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രസംയോജനവും ചിത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. സച്ചിന്‍ വാര്യരുടെ ഗാനങ്ങള്‍ ശരാശരിയായി തോന്നിയപ്പോള്‍ ചിത്രത്തിലെ പശ്ചാത്തല ഈണം മനസ്സിന് വല്ലാത്തൊരു ആനന്ദം പകര്‍ന്നു നല്‍കി . പലസന്ദര്‍ഭങ്ങളിലും പശ്ചാത്തല ഈണം ചിത്രത്തിന് കാര്യമായ ഉണര്‍വ്വ് സമ്മാനിച്ചിട്ടുണ്ട്. അക്ഷയ്യും,ദിയയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ക്കിടയില്‍ കടന്നു വന്ന പശ്ചാത്തല ഈണം വളരെയധികം ആനന്ദകരവും, ആസ്വാദ്യകരവുമായിരുന്നു. രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ മടുപ്പില്ലാതെ പിടിച്ചിരുത്താന്‍ മനസ്സിനെ സ്പര്‍ശിക്കുന്ന കഥാരീതിയൊന്നും ആവശ്യമേയില്ലായെന്നു നല്ല ഉഗ്രന്‍ അവതരണത്തിലൂടെ ഗണേഷ് രാജിലെ സംവിധായകന്‍ പ്രേക്ഷകരോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. സന്തോഷവും, സങ്കടവും, തമാശയും,പ്രണയവുമൊക്കെ സമ്മേളിക്കുന്ന ‘ആനന്ദം’ പ്രേക്ഷകര്‍ക്ക് ഒത്തിരി ആനന്ദമേകുന്നുണ്ട്. സിനിമയുടെ പേരും സിനിമ നല്‍കുന്ന അനുഭവവും ഒന്ന് തന്നെ. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിന്റെയുള്ളില്‍ ശരിക്കുമൊരു ആനന്ദം, അതാണ്‌ ആകെത്തുകയില്‍ ആനന്ദം.

 

അവസാന വാചകം

ഉത്തരവാദിത്വങ്ങളില്‍ ബന്ധിതരായ മനുഷ്യര്‍ ഇവിടെ ആനന്ദിക്കുന്നുണ്ടോ? ആനന്ദം എന്ന ചിത്രം അതിനൊരു പരിഹാരമാണ്.ധൈര്യമായി ടിക്കറ്റ് എടുക്കാം മലര്‍ന്നു ഇരുന്നു ഉറങ്ങേണ്ടി വരില്ല.കുറച്ചു നേരം മുഷിവു കൂടാതെ നിങ്ങള്‍ക്ക് സര്‍വ്വതും മറന്നൊന്നു ആനന്ദിക്കാം.

shortlink

Related Articles

Post Your Comments


Back to top button