GeneralMollywoodNEWS

ശ്രീനിയേട്ടന്‍ ഒരു പ്രചോദനമാണ്: ഗിന്നസ് പക്രു

 

പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് ശ്രദ്ധ നേടുകയാണ്‌ ഗിന്നസ് പക്രു. വീട്ടില്‍ വിളഞ്ഞ കപ്പയുമായി പക്രു നില്‍ക്കുന്ന ചിത്രം ഫേസ് ബുക്കില്‍ വന്‍ ഹിറ്റായിരുന്നു. കപ്പ മാത്രമല്ല പച്ചമുളകും പാവലും കോവലും വാഴയും ഒക്കെയുണ്ട് പക്രുവിന്റെ വീട്ടുവളപ്പില്‍. അഭിനയം കഴിഞ്ഞാല്‍ താരത്തിനു പിന്നെ ഏറ്റവും ഇഷ്ടം കൃഷിയോട്. അച്ഛനും അമ്മയും ഭാര്യയും മകളുമൊക്കെ കൃഷിയില്‍ പങ്കാളികളാണ്. കൃഷിയേ വളരെ ഗൌരവമായി കാണുന്ന ആളാണ് ശ്രീനിയേട്ടന്‍ (ശ്രീനിവാസന്‍‍). സിനിമാതാരങ്ങളില്‍ മികച്ച കര്‍ഷകനും ശ്രീനിയേട്ടന്‍ തന്നെ. കൃഷിയില്‍ ശ്രീനിയേട്ടന്‍ തനിക്ക്ഒരു പ്രചോദനമാണെന്നും താരം പറഞ്ഞു.

കൃഷിയിലേക്ക് വന്നതിനെപ്പറ്റി പക്രു പറയുന്നതിങ്ങനെ “ഞാന്‍ ഒരു മുഴുവന്‍ സമയ കര്‍ഷകനോ പരമ്പരാഗത കര്‍ഷകനോ അല്ല. കൃഷിയോട് പണ്ട് മുതല്‍ താല്‍പര്യം ഉണ്ടായിരുന്നു. അത് കൊണ്ട് ഒന്ന് പരീക്ഷിക്കാമെന്നു വിചാരിച്ചു. ശാസ്ത്രീയമായി കൃഷി പഠിച്ചിട്ടില്ല. എങ്കിലും ഞങ്ങളുടെ അറിവ് വെച്ച് പറ്റാവുന്ന രീതിയില്‍ ചെയ്തു. ആദ്യം വിളവെടുത്തത് മരച്ചീനിയാണ്. നല്ല റിസള്‍ട്ടും ലഭിച്ചു.”

മരച്ചീനിയില്‍ തുടങ്ങിയ കൃഷിയില്‍ ഇപ്പോള്‍ പലതരത്തിലുള്ള മാവുകള്‍ വരെ ഉണ്ട്. അവനവന്‍റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്യുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും പക്രു പറഞ്ഞു. കൃഷി ചെയ്യുന്നത് ദുരഭിമാനമായി കാണേണ്ട കാര്യമില്ല. പുതിയ സാങ്കേതിക വിദ്യകള്‍ എല്ലാ കര്‍ഷകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്‍ഷിക രംഗം വളരണം. കൃഷി ഇപ്പോള്‍ ഒരു ട്രെന്റായി മാറുന്നുണ്ടെന്നാണ് പക്രുവിന്റെ കാഴ്ച്ചപ്പാട്. വിഷ  രഹിതമായ പച്ചക്കറി സമൂഹത്തിനു ലഭ്യമാകാന്‍ കൃഷി തിരിച്ചു വരേണ്ടത് അനിവാര്യമാണ്.

കാന്‍സറില്‍ നിന്ന്  രക്ഷപ്പെടാന്‍ മാത്രമല്ല കൂടുതല്‍ ആരോഗ്യവും ഉന്മേഷവും തരാനും വീട്ടു വളപ്പിലെ പച്ചക്കറികള്‍ക്ക് ആവും. രക്ഷിതാക്കളോടും അധ്യാപകരോടും ഒരു നിര്‍ദ്ദേശവുണ്ട് പക്രുവിന്. കുട്ടികളെ മണ്ണില്‍ നിന്ന് അകറ്റി നിര്‍ത്തരുത് എന്നാണത്. മണ്ണില്‍ കളിച്ചു തന്നെയാണ് കുട്ടികള്‍ വളരേണ്ടത്. സ്ക്കൂള്‍ സിലബസില്‍  കൃഷി ഉള്‍പെടുത്തണമെന്നും പക്രു അഭിപ്രായപ്പെടുന്നു. തിയറി മാത്രമല്ല പ്രായോഗിക തലത്തില്‍ കൃഷി ചെയ്യാന്‍ കുട്ടികളെ പഠിപ്പിക്കുകയും വേണമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button