Movie ReviewsNEWS

അങ്കമാലി ഡയറീസ് – സ്തുത്യർഹം ഈ പരിശ്രമം

രണ്ടടി മുന്നോട്ട് കുതിക്കുമ്പോൾ നാലടി പിറകിലോട്ട് വലിയുന്ന രീതിയിലാണ് ഈ കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയുടെ സഞ്ചാരം. എടുത്ത് പെരുമാറി പഴകി ദ്രവിച്ച പ്രോപ്പർട്ടീസുമായി സീനിയർ പ്രതിഭകള്‍ കണ്ണാരം പൊത്തിക്കളിക്കുമ്പോള്‍, ‘സ്വപ്നം കാണാനുള്ള പ്രേരണ’ എന്ന സുരക്ഷിതമായ പാക്കേജുകളും, ആളെ പട്ടിയാക്കുന്നതിന്റെ ഹോള്‍സെയില്‍ കച്ചവടങ്ങളുമായി ചില ന്യൂ ജെന്‍ തരംഗങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍, പാവം പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ കുഴയുകയാണ്. എന്ത് തള്ളണം, എന്ത് കൊള്ളണം എന്നത് വ്യക്തമല്ലാത്ത അവസ്ഥ. സത്യസന്ധമായി പ്രേക്ഷകര്‍ തള്ളുന്നത്, അണിയറക്കാര്‍ ശരിക്കും “തള്ളി” കോടികളുടെ വിജയം നേടിയതായി പ്രഖ്യാപിക്കുന്നു, കൊള്ളുന്നതിനോ ഒട്ടും ഭാവിയില്ല താനും. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് അങ്കമാലിയിലെ പ്രധാനമന്ത്രി ഞാനാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്സ്മാന്‍ അവിടെ കവലയിലെ ഒത്ത നടുക്കായി നെഞ്ചും വിരിച്ച് നില്‍ക്കുന്നത്. കൂടെ, കള്ളിന്റെയും, പോര്‍ക്കിന്റെയും മണവുമായി കുറച്ച് ചെറുപ്പക്കാരും. കൊള്ളാം, സംഗതി മൊത്തത്തില്‍ ഒരു വൃത്തിയുണ്ട്, ചന്തമുണ്ട്, എല്ലാത്തിലുമുപരി ആത്മാർത്ഥതയുണ്ട്.

“ഡബിൾ ബാരൽ” എന്നതിലൂടെ കോടികൾ മുടക്കി മലയാളികളെ സ്പൂഫ് എന്താണെന്ന് പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും, അത് അഭിമാനത്തോടെ അംഗീകരിച്ച ലിജോയ്ക്ക് ഇവിടെ ചിരിക്കാം. വിജയിക്കുമ്പോഴും, അംഗീകരിക്കപ്പെടുമ്പോഴും മുഖത്ത് വിടർത്താവുന്ന അതേ ചിരി തന്നെ. “അങ്കമാലി ഡയറീസ്” ഒരു ഗംഭീര സിനിമാ ശ്രമമാണ്. എണീറ്റു നിന്ന് കയ്യടി കൊടുക്കാവുന്ന ശ്രമം.

ഇഷ്ടമായത്

*86-ൽ പരം പുതുമുഖങ്ങളെ അണിനിരത്തി, അവരില്‍ ചിലരെ സദാസമയം തീപ്പൊരി ചിതറിച്ച് നില്‍ക്കുന്ന കുറച്ച് കഥാപാത്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞതാണ് ഹൈലൈറ്റ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന നായകന് സലാം. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. ആന്റണി, വിനീത്, ഉല്ലാസ്, സിനോജ്, ബെന്നി, മില്‍ട്ടന്‍ രാജു തുടങ്ങി എല്ലാവര്‍ക്കും കൊടുക്കാം ‘ബലേ ഭേഷ്’. വര്‍ക്ക് നടക്കുന്ന സമയത്ത് ഇളകിയ പരിപ്പെടുത്ത്  മറിച്ചു വിറ്റാല്‍ സംവിധായകന് കോടീശ്വരനാകാം, ഉറപ്പ്. അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ടാകും. അത് സ്ക്രീനില്‍ കാണാന്‍ കഴിയുന്നുണ്ട്.

* റൂബിക്സ്‌ ക്യൂബ് സെറ്റ് ചെയ്യുന്ന ലാഘവത്തോടെ ക്യാമറ കൈകാര്യം ചെയ്ത്, ഓരോ ഷോട്ടും കിണ്ണം കാച്ചിയ പെര്‍ഫെക്ഷനില്‍ ഒരുക്കിയ ക്യാമറാമാന്‍ ഗിരീഷ്‌ ഗംഗാധരന് നമോവാകം. ഇങ്ങനെയൊരു ആളുണ്ടെന്ന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത് തന്നെയാണ് ഒരു ക്യാമറാമാന്റെ ഏറ്റവും വലിയ വിജയം. ക്യാമറ കുളത്തില്‍ ചാടിയാല്‍, നടിയും ചാടണം എന്ന് ആ പഴയ വിജയന്‍ മാഷ്‌ പറഞ്ഞത് ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. എന്തിന് കുളം, ഉരുകുന്ന ലാവയില്‍ പോലും ചാടാന്‍ ക്യാമറാ ക്രൂ തയ്യാറാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ വിഭാഗത്തിന്‍റെ പെര്‍ഫോര്‍മന്‍സ്.

* കൂട്ടിയിട്ട് വെട്ടിച്ചേര്‍ത്താലും തീരാത്ത അത്ര ഷോട്ടുകള്‍ കൊടുത്തിട്ട് എഡിറ്റ് ചെയ്യാന്‍ പറഞ്ഞതിലൂടെ കുപ്പിയില്‍ നിന്നും വന്ന ഭൂതമായി ജോലി ചെയ്യേണ്ടി വന്ന ഷമീര്‍ മുഹമ്മദ്‌ എന്ന എഡിറ്ററിനോട് ഒരുപാട് ബഹുമാനം തോന്നുന്നു. പാട്ടുകള്‍, ഓട്ടം, സംഘട്ടനം, തുടങ്ങി എല്ലാ സീക്വന്‍സുകളിലും ഒരു പ്രതിഭാശാലിയായ എഡിറ്ററുടെ കൈ പതിഞ്ഞിട്ടുണ്ട് എന്ന് വ്യക്തം. കലക്കി ഷമീര്‍. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

* ശബ്ദ സംവിധാനം ഒരു പ്രധാന ഏരിയയാണ്. പ്രേക്ഷകന്‍റെ ഹൃദയമിടിപ്പ്‌ കൂട്ടുകയും, കുറയ്ക്കുകയും ചെയ്യുന്നതില്‍ അതിന് വലിയ പങ്കുണ്ട്. ഇവിടെ രംഗനാഥ് രവിയും സംഘവും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ചെവിയ്ക്ക് യാതൊരു ദോഷവും ഇല്ലാതെ തന്നെ സംഭവം നന്നായി രസിക്കാന്‍ കഴിഞ്ഞു. അതിന്‍റെ ക്രെഡിറ്റ് സൗണ്ട് ടീമിന് സ്വന്തം.

* ചിത്രത്തിന് ചേരുന്ന രീതിയില്‍ പാട്ടുകളും, പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ച പ്രശാന്ത് പിള്ള, അങ്കമാലിയുടെ ഹൃദയം തൊട്ടറിഞ്ഞ എഴുത്തുമായി ചെമ്പന്‍ വിനോദ്, ടീം അങ്കമാലി ഡയറീസിന് പൂന്ത് വിളയാടാന്‍ അവസരം കൊടുത്ത നിര്‍മ്മാതാവ് വിജയ്‌ ബാബു, തുടങ്ങിയവര്‍ക്ക് ഓരോ കുതിരപ്പവന്‍ സമ്മാനം. അഭിനന്ദനങ്ങള്‍.

ഇഷ്ടപ്പെടാത്തത്

* ഏതെങ്കിലും ഒരു മൂഡില്‍ ഉറച്ച് നില്‍ക്കാതെ, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് എടുത്ത് ചാടിക്കൊണ്ട്‌ വിഷയം നീങ്ങിയപ്പോള്‍ മനസ്സില്‍ ചെറുതായി മടുപ്പ് തോന്നി. സമാന വിഷയങ്ങള്‍ പറഞ്ഞ തമിഴ് സിനിമകളിലും, ഇവിടെത്തന്നെയുള്ള രാജീവ് രവി സിനിമകളിലും കാണാത്ത വേറെ എന്തെങ്കിലും പുതിയ സംഗതികള്‍ കാണാന്‍ കൊതിച്ച മനസ്സിനും ചെറുതായി വേദനിച്ചു. ഒരു ഉറുമ്പ് കടിക്കുന്ന വേദന. അല്ലെങ്കില്‍ രണ്ട് ഉറുമ്പ്, അതില്‍ കൂടില്ല.

* സംഘട്ടന രംഗങ്ങള്‍ റിയലിസ്റ്റിക് ആകണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ അത് അമിതമായാല്‍ രസിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. പഴയ “ഡിഷ്യൂം ഡിഷ്യൂം” വേണം എന്നല്ല, ചെറുതായിട്ടെങ്കിലും സിനിമാറ്റിക് ആയാല്‍ കുറച്ചു കൂടെ ഇമ്പാക്റ്റ് ഉണ്ടാക്കിയേനെ എന്ന് തോന്നി.

ഇതുപോലുള്ള സിനിമാ ശ്രമങ്ങള്‍ ഇവിടെ നമ്മുടെ നാട്ടില്‍ വളരെ വളരെ കുറവാണ്. കാരണം, അത് പ്രയാസമാണ്. ഉത്തരവാദിത്വമുള്ള, ലക്ഷ്യബോധമുള്ള ഒരു ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ സംഗതി നടക്കും. ഇവിടെ ലിജോ ജോസ് പെല്ലിശ്ശേരി ആ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. “അന്നയും റസൂലും”, “സുബ്രഹ്മണ്യപുരം”, “കമ്മട്ടിപ്പാടം” എന്നീ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, “അങ്കമാലി ഡയറീസ്” തങ്കപ്പനല്ല പൊന്നപ്പനാണ് പൊന്നപ്പന്‍. ആ ലിസ്റ്റില്‍ ചേര്‍ക്കാവുന്ന ഒരു പൊളപ്പന്‍ ഐറ്റം. ടീം അങ്കമാലി ഡയറീസിന് അഭിനന്ദനങ്ങള്‍.

സുരേഷ് കുമാര്‍ രവീന്ദ്രന്‍
റേറ്റിംഗ് :- 4 / 5

shortlink

Related Articles

Post Your Comments


Back to top button