NEWS

‘അടൂര്‍ ഗോപാലകൃഷ്ണന്‍ കാത്തിരുന്ന അന്തികാടുകാരന്‍റെ സ്വന്തം തട്ടാന്‍ ‘

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം. അടൂര്‍ഗോപാലകൃഷ്ണന്‍ സത്യന്‍ അന്തികാടിനെ വിളിച്ചിട്ടു പറയുകയാണ്‌

“സത്യന്‍ ,ഞാന്‍ അടൂരാണ് എനിക്ക് വേണ്ടി ഒരു ദിവസം അദ്ദേഹത്തെ വിട്ടു തരുമോ”

“മമ്മൂട്ടിക്കു വേണ്ടിയോ മോഹന്‍ലാലിനു വേണ്ടിയോ എന്നെ പോലെ ജൂനിയറായ സംവിധായകനോട് അടൂര്‍ എന്ന മഹാ സംവിധായകന്‍ ഇങ്ങനെ ഒരു അപേക്ഷ നടത്തുമെന്നു തോന്നുന്നില്ല.പ്രേക്ഷകര്‍ക്ക് മുന്നില്‍ അപ്രസക്ത വേഷങ്ങളില്‍ അഭിനയിക്കുന്ന ചിലര്‍ സംവിധായകര്‍ക്കു സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ വേണ്ടപ്പെട്ടവരാണ് “.

താഹ മാടായി തയ്യാറാക്കിയ സത്യന്‍ അന്തികാടിന്‍റെ “ഗ്രാമീണര്‍” എന്ന പുസ്തകത്തില്‍ ഒരു നടനെ കുറിച്ചു സത്യന്‍ അന്തികാട് ഓര്‍മിക്കുന്ന ഭാഗമാണിത്.മറ്റാരെ കുറിച്ചുമല്ല ഈ തുറന്നു പറച്ചില്‍ ‘പൊന്മുട്ടയിടുന്ന താറാവ് ‘ എന്ന സിനിമയില്‍ മൂത്ത തട്ടാനായ തട്ടാന്‍ ഗോപാലനെ അവിസ്മരണീയമാക്കിയ കൃഷ്ണന്‍കുട്ടി നായരെ കുറിച്ചാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് സ്വഭാവിക ശൈലിയില്‍ ജീവന്‍ പകര്‍ന്നിട്ടുണ്ട് കൃഷ്ണന്‍കുട്ടി നായര്‍. തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ് കൃഷ്ണന്‍കുട്ടി നായര്‍ എന്നു സത്യന്‍ അന്തികാട് തന്നെ പല അഭിമുഖ സംഭാഷണങ്ങളിലും പറയാറുണ്ട്.
ഇത്തരം നല്ല സംവിധായകരുടെ ഓര്‍മകളില്‍ കൂടിയാണ് ഒരു നടന്‍റെ പ്രാധാന്യം നമ്മള്‍ വലിയ തോതില്‍ തിരിച്ചറിയുന്നത് .
പൊന്മുട്ടയിടുന്ന താറാവില്‍ ഒരു രംഗമുണ്ട് .
പണിക്കരുടെ കുടുംബവും തട്ടാന്‍റെ കുടുബവും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുകയാണ്.സിനിമയിലെ മിക്ക കഥാപാത്രങ്ങളും രംഗത്തുണ്ട്. പുറത്തെ വഴക്ക് കേട്ട് കൊണ്ടു തട്ടാന്‍ ഗോപാലന്‍ കിടക്കുന്ന കട്ടിലില്‍ നിന്നു എഴുന്നേറ്റു ആടിയാടി വഴക്ക് നടക്കുന്നിടത്തേക്ക് വരുന്നതാണ് സന്ദര്‍ഭം .
കൂടെ തബലയുടെ താളവും കേള്‍ക്കാം .വേലിക്കല്‍ വന്നു നിന്നു കൊണ്ടു തട്ടാന്‍ ഗോപാലന്‍ പണിക്കരെ എന്നു വിളിക്കും
പണിക്കര്‍ (ഇന്നസന്‍റ് )വളരെ സ്നേഹത്തോടെ ശബ്ദം താഴ്ത്തി
“എന്താ ഗോപാലേട്ടാ”
തട്ടാന്‍ ഗോപാലന്‍ തന്‍റെ രൂപത്തെ പോലും അവഗണിച്ചു കൊണ്ടു ശക്തമായി പ്രതികരിക്കും പിന്നെ നിലത്തു വീഴും.
ചിരി വരുന്ന ഇത്തരം സന്ദര്‍ഭത്തിനു പുറമേ കൃഷ്ണന്‍കുട്ടി നായരെ പോലുള്ള ഒരു നടന്‍ അതു അവതരിപ്പിച്ചു കാണുമ്പോള്‍ അതിനു കിട്ടുന്നൊരു സുഖമുണ്ട് അതിനു വലിയ തോതില്‍ ഒരു പ്രാധാന്യം കൈവരുന്നു

ഒരു നടന്‍റെ പ്രസക്തി എന്നതു കഥാപാത്രങ്ങളുടെ വലിപ്പമല്ല ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളില്‍ പൂര്‍ണത കൈവരിക്കുക എന്നതാണ്. ഒരുപറ്റം വേഷങ്ങളില്‍ തന്മയത്വ അഭിനയം കാഴ്ചവെച്ചു കൊണ്ടു മലയാള സിനിമ ലോകത്തോടു കൃഷ്ണന്‍കുട്ടി നായര്‍ എന്ന നടന്‍ എന്നും നീതി പുലര്‍ത്തിയിരുന്നു.
കഥാപാത്രങ്ങളുടെ ജീവനിലും ചിലരുടെ ഓര്‍മകളിലും ഇവര്‍ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button