Movie Reviews

കഥയറിയാതെ ആട്ടം കാണരുത്

പ്രവീണ്‍.പി.നായര്‍ 

ഉണ്ണി.ആറിന്‍റെ ‘ലീല’ എന്ന ചെറുകഥ എല്ലാവര്ക്കും മറിച്ചു മറിച്ചു ആസ്വദിക്കാന്‍ കഴിയാവുന്ന ഒരു പുസ്തക രൂപം മാത്രമായിരുന്നു ഇത്രയും നാള്‍. എന്നാല്‍ രഞ്ജിത്ത് എന്ന സമര്‍ത്ഥനായ സൂത്രധാരന്‍ അതിനെ ചലച്ചിത്രാവിഷ്കാരമാക്കി തിയറ്ററില്‍ എത്തിച്ചു. ചെറുകഥ അപൂര്‍ണത വരുത്തി അവസാനിപ്പിച്ചു നിര്‍ത്തിയാലും വായനക്കാരന്‍റെ മനസ്സില്‍ അതിന് എന്നെന്നും ഒരു സ്ഥാനമുണ്ട്. പക്ഷേ ചെറുകഥ സിനിമയായി പരിണമിക്കുമ്പോള്‍ അപൂര്‍ണത എന്ന വാക്കിന് അവിടെ സ്ഥാനമില്ല. ചലച്ചിത്ര ആവിഷ്കാരം എന്നാല്‍ അത് പൂര്‍ണതയോടെ തന്നെ മിന്നണം. അല്ലെങ്കില്‍ അത് ആപത്താണ്. കുടമാളൂര്‍ സ്വദേശിയായ കുട്ടിയപ്പന്‍ എന്ന ചെറുപ്പകാരന്‍റെ താന്തോന്നിതരങ്ങളാണ് ലീല എന്ന ചെറുകഥയില്‍ എഴുതി ചേര്‍ത്തിരിക്കുന്ന പ്രധാന പ്രമേയം. വട്ട് എന്ന് പറഞ്ഞാല്‍ നല്ല അസ്സല് വട്ട്. ജീവിതത്തിലെ നന്മ ഭാഗങ്ങളെ മറച്ചു നിര്‍ത്തി വിക്രിയത്തരം കാണിക്കുന്ന കുട്ടിയപ്പന്‍ മലയാള സിനിമ കണ്ട മാറ്റത്തിന്‍റെ നായക മുഖം തന്നെയാണ് എന്നതില്‍ തര്‍ക്കം ഇല്ല. പത്മരാജന്‍റെ ജയകൃഷ്ണനെ പോലെ ഉണ്ണി.ആറിന്‍റെ കുട്ടിയപ്പനും വേറിട്ട നായക സങ്കല്‍പ്പത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന ആവിഷ്കാരം തന്നെയായിരുന്നു. കുട്ടിയപ്പനായ് ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ബിജുമേനോന്‍ രഞ്ജിത്തിനോടും ഉണ്ണി.ആറിനോടും അകമഴിഞ്ഞൊരു നന്ദി അറിയിക്കണം. സിനിമ ജീവിതത്തില്‍ മുന്‍ നിരയിലേക്ക് മറ്റൊരു കഥാപാത്രം കൂടി വരച്ചു ചേര്‍ക്കാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിയുമായിരുന്നു ആ ഭാഗ്യം അവര്‍ക്ക് നഷ്ടമായി. കുട്ടിയപ്പന്‍ കുടമാളൂര്‍ ജനങ്ങള്‍ക്ക്‌ ഉപദ്രവകാരിയാണെങ്കിലും പ്രേക്ഷര്‍ക്ക് പ്രിയങ്കരനാണ്. ഒരു വട്ടനെ മുന്നില്‍ കിട്ടിയാല്‍ മലയാള പ്രേക്ഷകര്‍ എങ്ങനെ വെറുതെയിരിക്കും. ചിലര്‍ക്ക് പുസ്തകത്തിന്‍റെ വിവരണം കൂട്ടിനുണ്ട്, മറ്റ് ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു, ചിലര്‍ പുസ്തകം കയ്യില്‍ കിട്ടിയിട്ടും ഇതുവരെയും തുറക്കാതെ ലീലയെ സ്ക്രീനില്‍ ആസ്വദിക്കാന്‍ തുനിഞ്ഞു ഇറങ്ങിരിക്കുന്നു.
ചെറുകഥ സിനിമയാകുമ്പോള്‍ ചെറുകഥാകൃത്ത് തന്നെ ലീല എന്ന സിനിമയ്ക്കും പേന ചലിപ്പിക്കട്ടെ എന്ന് രഞ്ജിത്ത് വിചാരിച്ചിട്ടുണ്ടാവും. തൂലിക ഉണ്ണി.ആറിനെ ഏല്‍പ്പിച്ചിട്ട് രഞ്ജിത്ത് സംവിധായകന്‍റെ കുപ്പയത്തിലേക്ക് മാത്രം ഒതുങ്ങി. അങ്ങനെ ഒതുങ്ങിയ ആദ്യ സിനിമ കാഴ്ചയായിരുന്നു ലീല.
വിവാദങ്ങളുടെ ഇടയില്‍പ്പെട്ടു നട്ടം തിരിഞ്ഞ ലീല ഒടുവില്‍ പ്രദര്‍ശത്തിനെത്തി. ലീല എന്ന ചെറുകഥ തീര്‍ക്കുന്ന വിശാലത ലീല എന്ന സിനിമ കാഴ്ച തീര്‍ക്കുന്നുണ്ടോ എന്ന് അറിയാന്‍ പ്രേക്ഷകരെല്ലാം ക്ഷമാപൂര്‍വ്വം സ്ക്രീനില്‍ നോക്കി ഇരുന്നു. ചെറുകഥയുടെ താളുകള്‍ മറിക്കും പോലെയായിരുന്നു സിനിമയുടെ ആദ്യ ഭാഗം. കണ്ടു തുടങ്ങിയതും, കടന്നു പോയതും, കണ്ടു തീര്‍ന്നതും മനോഹരമായിരുന്നു പക്ഷേ ആദ്യ ഭാഗത്തിന് നാല്‍പ്പത് മിനുറ്റ് ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറുകഥ പോലെ ഒരു ചെറു സിനിമയുടെ ആദ്യ പകുതി വേഗത്തില്‍ കൊഴിഞ്ഞു വീണു. കുട്ടിയപ്പനെയും, കൂട്ടുകാരെയും, മനോഹര ദൃശ്യ സൗന്ദര്യത്തെയും വേഗത്തില്‍ മുന്നില്‍ നിന്ന് മായ്ച്ചതിനു ശരിക്കും ദേഷ്യം തോന്നിയിരുന്നു. കുട്ടിയപ്പന്‍റെ ചുറ്റും അണിനിരന്നതില്‍ ഒരാള്‍ ഗോപി പിള്ളയാണ്. മറ്റൊരാള്‍ ദാസപ്പായി. ഇവരുടെയൊക്കെ പ്രകടനം കണ്ടു കണ്ടു കൊതി തീര്‍ന്നിരുന്നില്ല. വിജയരാഘവന്‍ അവതരിപ്പിച്ച ഗോപി പിള്ള അടക്കവും,അഴകുമുള്ള ഒരു കഥാപാത്ര നിര്‍മ്മിതിയായിരുന്നു. ഇന്ദ്രന്‍സ് അഭിനയിച്ച ദാസപ്പായി അഭിനയ പെരുമയിലെ പ്രകടനം കൊണ്ട് വേറിട്ടു നിന്നു.
സ്വപ്നത്തില്‍ കണ്ടൊരു ആഗ്രഹം നിറവേറ്റാന്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന കുട്ടിയപ്പനെയാണ് രണ്ടാം ഭാഗത്തില്‍ കാണുന്നത്. കുട്ടിയപ്പന്‍റെ മനസ്സിലുള്ള ആഗ്രഹം പ്രേക്ഷകരുമായി പങ്ക്‌വയ്ക്കുന്നില്ല. ഒടുവിലാണ് ആ വിചിത്ര മോഹം പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്‌. എന്നാല്‍ ലീല എന്ന ചെറു കഥ അരച്ചു കുടിച്ചവര്‍ക്ക് കുട്ടിയപ്പന്‍റെ മനസ്സിലിരുപ്പ് അറിയാം. അങ്ങനെ രണ്ടു വിഭാഗം മനോഭോവമുള്ള പ്രേക്ഷക സദസ്സിനെ തിയറ്ററില്‍ ദര്‍ശിക്കാം എന്നതും കൗതുകകരമാണ്. കുട്ടിയപ്പന് ഒരാനയെ വേണം പിന്നെ ഒരു പെണ്ണിനെയും പ്രേക്ഷകര്‍ക്ക്‌ ലീല പകുത്ത് നല്‍കുന്നത് ഇത് മാത്രമാണ്. അതിന്‍റെ പിന്നിലെ വട്ട് മോഹത്തെ ഉണ്ണി ആറും രഞ്ജിത്തും കൂടി ഒളിപ്പിച്ചു നിര്‍ത്തുകയാണ്. പെണ്ണിനായുള്ള അന്വേഷണ വഴിയിലൂടെ ചലിക്കൂന്ന രണ്ടാം പകുതി ദൃശ്യഭംഗിയാല്‍ പ്രകാശിതമാണ്. നല്ല നുറുങ്ങു സംഭാഷണങ്ങളാല്‍ സംഭവം സുന്ദരവുമാണ്. പക്ഷേ ചലച്ചിത്ര ആവിഷ്കാരമായി ഇങ്ങനെയൊരു ചെറുകഥയെ പിടിച്ചു കെട്ടണമായിരുന്നോ? എന്ന ഒരു ചോദ്യവും ഇടയ്ക്ക് പിടികൂടി. ചെറു പുസ്തകത്തിലെ അക്ഷരങ്ങളെ ദൃശ്യങ്ങളാക്കി തെളിക്കുമ്പോള്‍ ഉണ്ടാകുന്ന പരിമിധികള്‍ ഈ ചിത്രത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും കുട്ടിയപ്പനെ പുസ്തകത്തില്‍ നിന്ന് പുറത്തെടുത്ത് സ്ക്രീനില്‍ മിന്നിച്ച രഞ്ജിത്തും,ഉണ്ണി ആറും പ്രശംസ അര്‍ഹിക്കുന്നുണ്ട് എന്നുള്ളതും മറ്റൊരു വശമാണ്. ഭൂരിഭാഗം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന സിനിമയ്ക്കരികില്‍ ഇരിക്കുന്നത് വല്ലാത്തൊരു സുഖം തന്നെയാണ്. പ്രേക്ഷകന്‍ പലപ്പോഴും സ്വാര്‍ത്ഥനാണ് അവനിലെ ആസ്വദന തൃപ്തി മാത്രമാണ് അവന്‍ നോക്കാറുള്ളത്. ലീല എന്ന സിനിമയ്ക്ക് ഭൂരിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. തിരക്കഥയിലും, സംവിധാനത്തിലും കുറച്ചു കൂടി മിനുക്ക്‌ പണികള്‍ ചെയ്തിരുന്നെങ്കില്‍ ബോക്സ്‌ ഓഫീസില്‍ മുന്‍ പന്തിയില്‍ തന്നെ ചിത്രം തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.

‘മനോഹര സംവിധാന ശൈലിയുമായി രഞ്ജിത്ത്

രഞ്ജിത്ത് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ലീല. ഒരു പുസ്തകം വായിക്കുന്നത് പോലെ ചിത്രത്തെ അനുഭവപ്പെടുത്താന്‍ ലീലയിലൂടെ രഞ്ജിത്തിന് കഴിഞ്ഞു. പക്ഷേ ഒരു ബോക്സ്‌ഓഫീസ് ഹിറ്റ് ഉണ്ടാക്കുന്ന തരത്തില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ചാര്‍ളിയെ ഒരുക്കിയെടുത്ത പോലെ രഞ്ജിത്തിനും ലീലയില്‍ ഒരു പരിശ്രമം നടത്തമായിരുന്നു അത് എന്തായാലും കണ്ടില്ല രഞ്ജിത്ത് അല്ലേ ആള് മനപൂര്‍വ്വം ഉപേക്ഷിച്ചതാകനേ വഴിയുള്ളൂ.

‘ചെറുകഥയില്‍ നിന്ന് തിരക്കഥയിലേക്കുള്ള ലീലയുടെ പ്രവേശനം’

തിരക്കഥയുടെ വശം പറയുമ്പോള്‍ പുസ്തക രൂപം സിനിമ തിരക്കഥയായി മാറ്റപെടുന്നത് അത്യധികം പ്രയാസകരമായ ഒരു കാര്യം തന്നെയാണ്. അതില്‍ ഉണ്ണി.ആര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ചാര്‍ളിയില്‍ നിന്ന് ലീലയില്‍ എത്തിയപ്പോള്‍ ഉണ്ണി ആറിന്‍റെ തൂലിക തളര്‍ന്നു പോകുകയല്ല കൂടുതല്‍ ശോഭയോടെ തളിര്‍ത്തു നില്‍ക്കുകയാണ്.

‘ബിജുമേനോന്‍റെയുള്ളില്‍ കുട്ടിയപ്പന്‍ കയറിയപ്പോള്‍’

തമാശ രംഗങ്ങളില്‍ അങ്ങേയറ്റം കൃത്യത പാലിക്കുന്നതില്‍ മിടുക്കുള്ള നടനാണ് ബിജു മേനോന്‍. കുട്ടിയപ്പനും നര്‍മത്തിന്‍റെ ഇടവഴിയില്‍ കൂടി സഞ്ചരിക്കുന്ന ഒരു തന്തോന്നിയാണ് അത് കൊണ്ട് തന്നെ കുട്ടിയപ്പനെ അന്തസ്സുള്ള അഭിനയത്തിലേക്ക് പറിച്ചു നടന്‍ ബിജു മേനോന്‍ എന്ന നടന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട് പോകുമ്പോഴുള്ള വിങ്ങലിന്‍റെ മുഖവും കുട്ടിയപ്പന്‍ എന്ന ബിജു മേനോനില്‍ ഭദ്രമായിരുന്നു.

‘അഭിനയ മുഖങ്ങള്‍ എല്ലാം അതിശയിപ്പിച്ചു’

കുട്ടിയപ്പനോളം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു വിജയരാഘവന്‍ അവതരിപ്പിച്ച ഗോപിപിള്ളയും ഇന്ദ്രന്‍സിന്റെ ദാസപ്പായിയും. കുട്ടിയപ്പന്‍റെ ഇടവും വലവും ഇവര്‍ രണ്ടു പേരുമാണ്.
ഗോപി പിള്ളയായി വിജയ രാഘവനും ദാസപ്പായിയായി ഇന്ദ്രന്‍സും മികച്ച പ്രകടനം കാഴ്ചവച്ചു. “എന്‍റെ സിനിമകളില്‍ ഇന്ദ്രന്‍സ് ആദ്യമായിട്ടാണ് അഭിനയിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ള ബ്രില്യന്റ് നടന്മാരുടെ കൂട്ടത്തിലാണ് ഞാന്‍ ഇന്ദ്രന്‍സിനെയും കാണുന്നത്” എന്ന് രഞ്ജിത്ത് മാധ്യമത്തോട് പറഞ്ഞതാണ്. ശരിയാണ് ഈയിടെയായി അഭിനയത്തിന്‍റെ കാര്യത്തില്‍ ഇന്ദ്രന്‍സ് എന്ന നടന്‍ വല്ലാതെ ഞെട്ടിക്കുന്നുണ്ട്. അപാര ആക്ടിഗ് ലൈന്‍ തന്നെ.
വിജയ രാഘവനൊക്കെ മാത്രം ചെയ്യാന്‍ കഴിയുന്ന എത്രയോ കഥാപാത്രങ്ങള്‍ ഇനിയും ഇവിടെ ഉണ്ട്. ഇതും അങ്ങനെയുള്ള ശ്രേണിയില്‍പ്പെട്ട ഒരു കഥാപാത്രം തന്നെ. വിജയരാഘവന്‍ എന്ന നടന് മാത്രമേ ഇത് ഇത്ര ഭംഗിയോടെ അവതരിപ്പിക്കാന്‍ കഴിയൂ. ജഗദീഷിന്‍റെ അഭിനയമാറ്റവും അപ്രതീക്ഷിതമായിരുന്നു. ഒരു നല്ല നടന്‍റെ വെട്ടം ജഗദീഷിന്‍റെ മുഖത്തു മിന്നിയത് അപൂര്‍വ്വ കാഴ്ചകളില്‍ ഒന്ന് തന്നെയായിരുന്നു. ലീലയായി വേഷമിട്ട പാര്‍വതി നമ്പ്യാരും, മറ്റു അഭിനേതാക്കളും സിനിമയുടെ നല്ല ഭാഗങ്ങളായിരുന്നു

‘മറ്റ് ടെക്നിക്കല്‍ വശങ്ങള്‍’

ലീലയിലെ ക്യാമറ വര്‍ക്ക് വിവരിക്കാന്‍ കഴിയാത്തത്ര അളവില്‍ മനോഹാരിത സൃഷ്ടിച്ചു. പ്രശാന്ത് രവീന്ദ്രന്‍റെ ഉഗ്രന്‍ ക്യാമറ ലീല എന്ന ചിത്രത്തിന്‍റെ ഭംഗി ഇരട്ടിപ്പിച്ചു. മനോജ്‌ കണ്ണോത്ത് ചിത്ര സംയോജന ജോലി വളരെ ഭംഗിയായി തന്നെ അടയാളപ്പെടുത്തി.
ബിജിബാലിന്‍റെ പിന്നണി ഈണം ലീല എന്ന ചിത്രത്തോട് അത്രയ്ക്ക് അടുത്തു നിന്നു. ചിത്രത്തിലെ കോട്ടയം ഗാനം സിനിമയ്ക്ക് വല്ലാത്തൊരു ഊര്‍ജ്ജവും പകര്‍ന്നു.

‘അവസാന വാക്ക്’

ലീല എന്ന ചെറുകഥ വായിച്ചിട്ടുള്ളവര്‍ക്കും, ലീല എന്ന ചെറുകഥയുടെ പ്രസക്തി മനസിലാക്കുന്നവര്‍ക്കും ലീല എന്ന ചലച്ചിത്രാവിഷ്കാരം ധൈര്യത്തോടെ ആസ്വദിക്കാം. എന്ത് ലീല, എന്ത് കുട്ടിയപ്പന്‍, എന്ത് ചെറുകഥ ഇതൊന്നും അറിയാത്ത മാന്യ പ്രേക്ഷകര്‍ അതിന്‍റെ പരിസരത്ത് കൂടി പോലും നടക്കരുത്  കാരണം കഥയറിയാതെ ആട്ടം കണ്ടാല്‍ ഒരു സുഖവും ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments


Back to top button