Movie Reviews

ലെന്‍സ്‌ സൂം ചെയ്യുന്നത് സൈബര്‍ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക്

രശ്മി രാധാകൃഷ്ണന്‍

 

ചതിയുടെ കാണാക്കയങ്ങള്‍ മറഞ്ഞിരിയ്ക്കുന്ന  സൈബര്‍ ഇടങ്ങളിലേയ്ക്കും മനുഷ്യമനസ്സിന്റെ ഇരുണ്ട വശങ്ങളിലേയ്ക്കും  തുറന്നു പിടിച്ച ഒരു കണ്ണാണ് ജയപ്രകാശ് രാധാകൃഷ്ണന്റെ ലെന്‍സ്‌.

എന്തും കാണാനും കാണിയ്ക്കാനും മത്സരിയ്ക്കുന്ന ഒരു കാലത്ത് യഥാര്ത്ഥജീവിതപരിസരങ്ങളില്‍ നിന്നും അകന്ന് സ്വന്തം സ്വകാര്യതകളില്‍ ശരീരം ഒരു ആഘോഷമാക്കി മാറ്റുന്ന ഒരു വിഭാഗത്തിനുള്ള ഒരു  താക്കീതാണ് ഈ ചിത്രം.

വെറും വിര്‍ച്വല്‍ എന്ന മുന്‍വിധികളോടെ, ലാഘവത്തോടെ സൈബര്‍ ഇടങ്ങളെ സമീപിയ്ക്കുമ്പോള്‍ അറിയാതെ പോകുന്ന ചതിക്കുഴികള്‍ ഈ ചിത്രം കാണിച്ചുതരുന്നു.അടച്ചിട്ട മുറികളില്‍ മനുഷ്യന്റെ ഉള്ളിലെ നൈസര്‍ഗ്ഗികമായ  മൃഗീയവാസനകള്‍ പുറത്തുവരും.മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്കുള്ള ഒളിഞ്ഞു നോട്ടവും നിമിഷനേരത്തെ കാഴ്ചാസുഖത്തിനായി അവ പങ്കുവയ്ക്കുന്നതും  ഒരു ലഹരി പോലെ പടരുമ്പോള്‍ അതിനിടയില്‍ ചതഞ്ഞരയുന്ന ജീവിതങ്ങളെ,കുടുംബങ്ങളെ ആരും  ഓര്‍ക്കാറേയില്ല.ഈ വര്‍ത്തമാനകാലയാഥാര്‍ഥ്യത്തിന്‍റെ  നേര്‍ക്കാഴ്ചയാണ് ലെന്‍സ്‌ എന്ന സസ്പെന്‍സ് ത്രില്ലര്‍.

കോര്‍പ്പറേറ്റ് ടെക്കിയായ അരവിന്ദിന്റെ ചാറ്റ് റൂം ആണ് സിനിമയുടെ പശ്ചാത്തലം.വിവാഹിതനും പുറമേ മാന്യനുമായ അയാളുടെ തനിനിറം പുറത്തുവരുന്നത്  കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന മുഖങ്ങളില്ലാത്ത പെണ്‍ശരീരങ്ങളുടെ സാമീപ്യത്തിലാണ്.സ്വന്തം വീട്ടിലെ അടച്ചിട്ട ആ മുറിയില്‍ അയാള്‍ മറ്റൊരു വിര്‍ച്വല്‍ ലോകം തീര്‍ക്കുകയാണ് .അങ്ങനെ ഒരു ദിവസം അയാള്‍ക്ക് സ്കൈപ്പില്‍ ലഭിയ്ക്കുന്ന സൈബര്‍ പങ്കാളി തന്റെ ആത്മഹത്യ ലൈവ് ആയിക്കാണാന്‍ അരവിന്ദിനോട് ആവശ്യപ്പെടുന്നു.ആദ്യം ഒഴിവാകാന്‍ ശ്രമിയ്ക്കുന്നെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍  അയാള്‍ ആ സംഭാഷണം തുടരാന്‍ നിര്‍ബന്ധിതനാകുന്നു.ആ ആത്മഹത്യയിലേയ്ക്ക് അപരനെ നയിച്ച കാരണങ്ങളാണ് കഥയുടെ പിന്നീടുള്ള ഗതി നിര്‍ണ്ണയിയ്ക്കുന്നത്.

സ്വകാര്യമായ ചാറ്റ് റൂമില്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ.പക്ഷെ അത് മറവുകളില്ലാത്ത ഒരു വലിയ മുറിയാണ്.എണ്ണിയാലൊടുങ്ങാത്ത കണ്ണുകള്‍  തുറന്നു പിടിച്ചിരിയ്ക്കുന്ന ഒരു തുറന്ന മുറി.അവിടെ ഒരിക്കല്‍ പങ്കുവയ്ക്കപ്പെടുന്ന വാക്കുകളും ദൃശ്യങ്ങളും എന്നെന്നേയ്ക്കുമായി  രേഖപ്പെടുത്തപ്പെടും. യുട്യൂബ് തുറന്നാല്‍ കാണുന്ന ലക്ഷക്കണക്കിന്‌ വീഡിയോകള്‍ അറിഞ്ഞും അറിയാതെയുമൊക്കെ ആരൊക്കെയോ ആരുടെയൊക്കെയോ ജീവിതത്തില്‍ നിന്നുംപകര്‍ത്തുന്നതാണ്. സ്വന്തം ജീവിതവുമായി ബന്ധപ്പെടുന്നത് വരെ,അല്ലെങ്കില്‍ അതുവരെ മാത്രം നമുക്ക് കണ്ടുരസിയ്ക്കാവുന്ന വെറും ദൃശ്യങ്ങള്‍ മാത്രമാണ് അവ..അതുവരെ മാത്രം..ഈ വസ്തുതയിലേയ്ക്കാണ്   ലെന്‍സ്‌ എന്ന ചിത്രം കൃത്യമായി സൂം ചെയ്യുന്നത്.

വളരെ പുതുമയുള്ള ഒരു ആഖ്യാനരീതിയാണ് ലെന്സിന്റെത്.കഥയുടെ മുക്കാല്‍ ഭാഗവും നടക്കുന്നത്  അടച്ചിട്ട ഒരു മുറിയിലാണ്.അഞ്ചോ ആറോ പ്രധാന കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ..സാമ്പ്രദായികമായ സിനിമാറ്റിക് ബഹളങ്ങള്‍ കണ്ടുശീലിച്ച നമ്മെ ആ പരിമിതികള്‍  ഒരു സെക്കന്റ് പോലും വിരസരാക്കുന്നില്ല എന്നതാണ് ഈ ചിത്രത്തിന്‍റെ വിജയം.കയ്യടക്കമുള്ള തിരക്കഥയും പുതുമയുള്ള ആഖ്യാനരീതിയും ഒരു മണിക്കൂര്‍ നാല്‍പ്പത്തെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ സസ്പെന്‍സ് ആദ്യാവസാനം നില നിര്‍ത്തുന്നതില്‍ വിജയിച്ചു.

 വിര്‍ച്വല്‍ ബന്ധങ്ങളില്‍ അഭിരമിയ്ക്കുമ്പോള്‍ ഒരേ വീട്ടില്‍ ജീവിയ്ക്കുന്ന പങ്കാളികള്‍ തമ്മില്‍ പരസ്പ്പരം സംസാരം പോലുമില്ലാതാവുന്നതിന്റെ  അപകടസൂചനകള്‍ ചിത്രം തരുന്നുണ്ട്.കഥ തുടങ്ങുമ്പോള്‍ അയാള്‍ക്ക് അടുക്കും ചിട്ടയുമുള്ള ഒരു വീടും ഉണരുമ്പോള്‍ കരുതലോടെ കാത്തിരിയ്ക്കുന്ന ഒരു ചായയുടെ സ്നേഹസ്പര്‍ശവുമുണ്ടായിരുന്നു.ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന  ആ ലോകത്തുനിന്നും സ്വയം കതകടച്ച് അയാള്‍ അപ്രത്യക്ഷനാകുന്നത് ഒരു സാങ്കല്‍പ്പികലോകത്താണ്.ആ ലോകത്തെ ആഘോഷങ്ങള്‍ അയാള്‍ക്ക് നഷ്ടപ്പെടുത്തുന്നത് അയാളെത്തന്നെയും.

 അഭിനേതാക്കളുടെ സ്വാഭാവികമായ അവതരണം എടുത്തുപറയേണ്ട ഘടകമാണ്.സംവിധായകനായ ജയപ്രകാശ് രാധാകൃഷ്ണന്‍ തന്നെയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ആനന്ദ് സാമി, വിനുതാ ലാല്‍,മിഷാ ഗോഷല്‍ എന്നിവരും മികവ് പുലര്‍ത്തി.എസ് ആര്‍ കതിര്‍ ആണ് കാമറ. നിരവധി ചലച്ചിത്രമേളകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയ ഈ ചിത്രം ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസ് ആണ് തിയേറ്ററുകളില്‍ എത്തിയ്ക്കുന്നത്..

കാലഘട്ടത്തിനു നേര്‍ക്ക്‌ പിടിച്ച കളങ്കമില്ലാത്ത ഒരു കണ്ണാടിയാണ് ലെന്‍സ്‌.അത് സൂം ചെയ്യുന്നത് നമ്മുടെ തന്നെ ജീവിതത്തിന്റെ കാഴ്ചകളിലേയ്ക്കാണ്. ഒരു കാഴ്ച കൊണ്ട് ലോകത്ത് എല്ലാവരെയും നല്ലവരാക്കി മാറ്റുമെന്ന,എല്ലാ തിന്മകളെയും ഇല്ലാതാക്കുമെന്ന അതിഭാവുകത്വം നിറഞ്ഞ അവകാശവാദമൊന്നും ഈ സിനിമയ്ക്ക് വേണ്ടി പറയാനില്ല.എങ്കിലും ഇനിയൊരിയ്ക്കല്‍  ഇത്തരം ഒരു ക്ലിക്കിന് മുന്പ് നിങ്ങളുടെ കൈവിറയ്ക്കും ഈ ചിത്രം കണ്ടാല്‍.

shortlink

Post Your Comments


Back to top button