GeneralLatest NewsMollywoodNEWSWOODs

പെണ്‍മക്കളെ ഉപദ്രവിക്കും, വീട്ടില്‍ കയറി കൊല്ലും: ‘കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍’ സംവിധായകനെതിരെ പരാതിയുമായി നിർമാതാവ്

നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ വീട്ടില്‍കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിബു ജോബ്

കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ സംവിധായകൻ സനല്‍ വി ദേവനെതിരെ പരാതിയുമായി നിർമാതാവ്. സിനിമാ നിർമാണ കമ്പനിയായ വൗ സിനിമാസിന്റെ മാനേജിങ് പാർട്ണർ ഷിബു ജോബ് നല്‍കിയ പരാതിയില്‍ ‌എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

സംവിധായകൻ ബൈജു കൊട്ടാരക്കര, ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോണ്‍ എന്നിവരെയും പ്രതി ചേർത്താണ് കേസ്. കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയുടെ ഓവർസീസ് വിതരണവുമായി അതിന്റെ നിർമാതാക്കളായ വൗ സിനിമാസും ഷിബു ജോണും തമ്മില്‍ സാമ്പത്തിക തർക്കം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയ ഷിബു ജോബിനെ ബൈജു കൊട്ടാരക്കരയും ഷിബു ജോണും ചേർന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

read also: മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’യുടെ ചിത്രീകരണം പൂർത്തിയായി

ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകനായ സനല്‍ ഷിബു ജോബിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയും നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ വീട്ടില്‍കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിബു ജോബ് പറയുന്നു. ബൈജു കൊട്ടാരക്കരയെയും ഷിബു ജോണിനെയും സനല്‍ വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ അവരും വധഭീഷണി ആവർത്തിച്ചുവെന്നും ഷിബു ജോബിന്റെ പെണ്‍മക്കളെ ഉപദ്രവിക്കും എന്നു പറയുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

തുടർന്ന് വൗ സിനിമാസിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ വിവരങ്ങള്‍ കാണിച്ചാണ് ഷിബു ജോബ് പരാതി നല്‍കിയത്. സംവിധായകൻ സനല്‍ വി. ദേവനാണ് ഒന്നാം പ്രതി. ബൈജു കൊട്ടാരക്കര രണ്ടാം പ്രതിയും ഷിബു ജോണ്‍ മൂന്നാം പ്രതിയുമാണ്. സിനിമാ നിർമാതാവ് ഷിനോയ് മാത്യുവാണ് നാലാം പ്രതി

shortlink

Post Your Comments


Back to top button