Latest NewsElection NewsIndia

കയ്യും കണക്കുമില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; വിവരാവകാശ പ്രകാരം കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നത്

ന്യൂഡല്‍ഹി:  തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം യന്ത്രങ്ങളുടെ കുറവുണ്ടെന്നാണ് വിവരാവകാശ മറുപടി പ്രകാരം വ്യക്തമായത്. 89ല്‍ വാങ്ങിയ ആദ്യ സെറ്റ് യന്ത്രങ്ങള്‍ വിതരണക്കാര്‍ക്ക് തന്നെ മടക്കി നല്‍കി എന്ന് കമ്മിഷന്‍ പറയുന്നുണ്ടെങ്കിലും അത് രേഖകളിലില്ല.

ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷക്കോ കോടതിയുടെ നോട്ടീസിനോ തൃപ്തികരമായ മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു.ബി.ഇ.എല്ലും ഈ.സി.ഐ.എല്ലും വ്യത്യസ്ത മോഡലുകളാണ് വിതരണം ചെയ്യുന്നത്. രണ്ടും സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും വോട്ടിങ് കപ്പാസിറ്റിയിലും വിവിപാറ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിലും വ്യത്യസ്തമാണ്.

ഇതാണ് പലയിടത്തും യന്ത്രത്തകരാറുകള്‍ക്ക് കാരണമാകുന്നതെന്ന് സംശയിക്കണം. വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി മടക്കി വാങ്ങുമ്പോള്‍ സീരിയല്‍ നമ്പരടക്കം രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കുന്നില്ല. വോട്ടിങ് യന്ത്രങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പോലും സൂക്ഷിക്കുന്നില്ല. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് നിത്യസംഭവമാവുകയും തിരിമറി ആരോപണം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച കണക്കുകളിലെ അവ്യക്തത ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

2000 ന് ശേഷം ഒരു യന്ത്രം പോലും നശിപ്പിക്കുകയോ മടക്കി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷന്‍ സമ്മതിക്കുകയും ചെയ്യുന്നു. എങ്കില്‍ ഇത്രയും ഇ.വി.എമ്മുകള്‍ എവിടെപ്പോയെന്ന ചോദ്യമാണ് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയി ഉന്നയിക്കുന്നത്. യന്ത്രങ്ങള്‍ക്കായി ചെലവഴിച്ച തുകയിലും 116 കോടിയുടെ വ്യത്യാസമുണ്ട്. ആര്‍.ടി. ഐ മറുപടിയിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തതക്ക് വേണ്ടിയാണ് 2018 ല്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. പക്ഷെ, കോടതിയുടെ നോട്ടീസിന് പോലും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് കമ്മിഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button