indepthliteratureworld

ആര്‍ നരേന്ദ്രപ്രസാദ് ഓര്‍മ്മദിനം

നരേന്ദ്രപ്രസാദ് ഈ പേര് മലയാളികള്‍ക്ക് ഏറെ സുപരിചിതം സിനിമയിലൂടെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സാഹിത്യകാരനും അദ്ധ്യാപകനുമായ  ആര്‍ നരേന്ദ്രപ്രസാദ് എന്ന ഒരു വ്യക്തിത്വം ഉണ്ടായിരുന്നു.

1945 ഒക്ടോബർ 26ന് മാവേലിക്കരയിലെ ഒരു നായർ കുടുംബത്തിൽ ജനിച്ച നരേന്ദ്രപ്രസാദ് ചലച്ചിത്ര നടന്‍ എന്നതിലുപരി സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ്. പിതാവ് രാഘവപ്പണിക്കർ. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

അനവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ബാല്യത്തിൽ തന്റെ എഴുത്തിനു പ്രചോദനവും വളര്‍ച്ചയും നല്‍കിയത് മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് പറഞ്ഞിട്ടുണ്ട്. സ്കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങൾ എഴുതി അഭിനയിക്കാൻ തുടങ്ങി.കോളേജിൽ പഠിക്കുമ്പോൾ കൂടുതലും എഴുതിയത് കവിതകളായിരുന്നു. കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് ആദ്യ കവിത അച്ചടിച്ചുവന്നത്.

ഒ.വി. വിജയൻ, കാക്കനാടൻ തുടങ്ങിയവർ ആധുനിക സാഹിത്യം എന്ന നിലയിൽ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ ആ കാലത്ത് ഗൌരവബുദ്ധിയോടെ സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളിൽ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു.

ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൗപർണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡയറക്ടർ ആയി. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയതില്‍ നരേന്ദ്ര പ്രസാദിന്‍റെ പങ്കു വലുതാണ്‌. 2003 നവംബര്‍ 3 അദ്ദേഹം അന്തരിച്ചു.

shortlink

Post Your Comments

Related Articles


Back to top button